തിരുവനന്തപുരം: ബഡ്‌ജറ്റ് അവതരണത്തിനിടെ നിയമസഭയിലുണ്ടായ സംഘർഷത്തിനിടെ തങ്ങൾക്കു നേരെയുണ്ടായ കൈയേറ്റത്തെ കുറിച്ച് ഗവർണറെ കണ്ട് പ്രതിപക്ഷ വനിതാ എം.എൽ.എമാർ പരാതി നൽകും. ജമീല പ്രകാശം, ഗീതാ ഗോപി, കെ.കെ.ലതിക, അയിഷാ പോറ്റി, ഇ.എസ്.ബിജിമോൾ എന്നിവരാണ് ഗവർണറെ കാണുക. നിയമസഭയിലുണ്ടായ കാര്യങ്ങളെ കുറിച്ച് ഗവർണറെ ബോദ്ധ്യപ്പെടുത്തുന്നതോടൊപ്പം തങ്ങൾക്ക് ഉണ്ടായ അപമാനവും ശ്രദ്ധയിൽപെടുത്തും. പരാതി നൽകിയിട്ടും നടപടി എടുക്കാൻ കൂട്ടാക്കാത്ത സ്പീക്കർ ശക്തന്റെ നടപടിക്കെതിരേയും ഗവർണർക്ക് പരാതി നൽകും,
അതേസമയം, തങ്ങൾക്ക് നേരെയുണ്ടായ കൈയേറ്റത്തെ കുറിച്ച് വനിതാ എം.എൽ.എമാർ സ്വന്തം നിലയിൽ പൊലീസിലും പരാതി നൽകുന്ന കാര്യത്തിൽ തിങ്കളാഴ്ച തീരുമാനം ഉണ്ടാവും. ഭരണപക്ഷ എം.എൽ.എമാർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതും ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ചതും പരാതിയിൽ ചൂണ്ടിക്കാട്ടും. ഭരണപക്ഷ എം.എൽ.എമാർക്കെതിരെ നടപടി വേണമെന്ന് നേരത്തെ വനിതാ എം.എൽ.എമാർ സ്പീക്കർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. കെ.ശിവദാസൻ നായർ, തന്നെ അപമാനിക്കാൻ ശ്രമിച്ച കാര്യം ജമീല പ്രകാശം പരാതിയിൽ ചൂണ്ടിക്കാട്ടും. ഇതോടൊപ്പം ഡൊമിനിക പ്രസന്റേഷൻ എം.എൽ.എ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതും ചൂണ്ടിക്കാട്ടും. തന്നെ, മന്ത്രി ഷിബു ബേബി ജോൺ തടഞ്ഞു വയ്ക്കാൻ ശ്രമിച്ച കാര്യമാവും ബിജിമോൾ ചൂണ്ടിക്കാട്ടുക.








