Home » » സ്‌ത്രീധന പീഡനത്തെത്തുടര്‍ന്ന്‌ യുവതി മരിച്ച സംഭവത്തില്‍ ഒന്നാം പ്രതിയായ ഭര്‍ത്താവിന്‌ കോടതി ജാമ്യo

സ്‌ത്രീധന പീഡനത്തെത്തുടര്‍ന്ന്‌ യുവതി മരിച്ച സംഭവത്തില്‍ ഒന്നാം പ്രതിയായ ഭര്‍ത്താവിന്‌ കോടതി ജാമ്യo

Written By Unknown on Friday, 27 March 2015 | 20:22

എടക്കര: സ്‌ത്രീധന പീഢനത്തെത്തുടര്‍ന്ന്‌ യുവതി ഭര്‍തൃ ഗൃഹത്തില്‍ മരിച്ച സംഭവത്തില്‍ രണ്ട്‌ മാസത്തിന്‌ ശേഷം കെ.എസ്‌.ഇ.ബി ജീവനക്കാരനായ ഭര്‍ത്താവിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പോത്തുകല്‍ കെ.എസ്‌.ഇ.ബി സെക്ഷന്‍ ഓഫീസിലെ മസ്‌ദൂറും എരുമമുണ്ട സ്വദേശിയുമായ നെടിയാലില്‍മുളയില്‍ ജോമോന്‍ (28)നെയാണ്‌ പോലീസ്‌ വ്യാഴാഴ്‌ച രാത്രി അറസ്റ്റ്‌ ചെയ്‌തത്‌. നാരോക്കാവ്‌ കടമാന്‍തടം മത്തായിയുടെ മകള്‍ സൗമ്യ(25) യെ കഴിഞ്ഞ ഡിസംബര്‍ പത്തൊന്‍പതിനാണ്‌ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്‌. സൗമ്യയെ വിവാഹം കഴിക്കുമ്പോള്‍ ജോമോന്‌ ജോലിയൊന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ്‌ കെ.എസ്‌.ഇ.ബിയില്‍ മസ്‌ദൂറായി പോലി ലഭിക്കുന്നത്‌. ഇതോടെ ഭര്‍തൃ വീട്ടുകാര്‍ കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട്‌ പീഢനം ആരംഭിച്ചു. നിരന്തര പീഢനങ്ങളെത്തുടര്‍ന്നാണ്‌ ദുരൂഹസാഹചര്യത്തില്‍ സൗമ്യ മരിച്ചത്‌. ഇതൊരു കൊലപാതകമാണെന്ന്‌ വരെ ആരോപണമുയര്‍ന്നിരുന്നു. സൗമ്യയുടെ മരണത്തെത്തുടര്‍ന്ന്‌ ഒളിവില്‍പോയ ഭര്‍തൃമാതാവ്‌ ഏലിയാമ്മയും, ഭര്‍തൃസഹോദരി ജിന്‍സി എന്നിവരെ ഒരു മാസം മുൻപ് പെരിന്തല്‍മണ്ണ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. എന്നാല്‍ കേസിലെ ഒന്നാം പ്രതിയായ ജോമോന്‍ പോത്തുകല്‍ പോലീസ്‌ സ്റ്റേഷന്റെ തൊട്ടടുത്ത്‌ മൂന്ന്‌ മാസത്തോളം ജോലി ചെയ്‌തിട്ടും അറസ്റ്റ്‌ ചെയ്യാൻ പോലീസ്‌ തയ്യാറായില്ല. വകുപ്പ്‌ മന്ത്രിയുടെയും, ഓര്‍ത്തഡോക്‌സ്‌ സഭയുടെ സമ്മര്‍ദ്ദവും ഒന്നാം പ്രതിയായ ഇയാളെ അറസ്റ്റ്‌ ചെയ്യുന്നതിന്‌ തടസ്സമായി. നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച്‌ പോലീസ്‌ സ്റ്റേഷന്‍ ഉപരോധമടക്കമുള്ള സമര പരിപാടികള്‍ നടത്തിയിട്ടും വിരല്‍ത്തുമ്പിലുള്ള പ്രതിയെ അറസ്റ്റ്‌ ചെയ്യാന്‍ പോലീസ്‌ തയ്യാറായില്ല. ഒടുവില്‍ പ്രഹസനമെന്ന നിലക്ക്‌ ഇയാളെ പോലീസ്‌ അറസ്റ്റ്‌ ചെയ്യുകയോ, ഇയാള്‍ പോലീസില്‍ കീഴടങ്ങുകയോ ആയിരുന്നു. അതും വളരെ രഹസ്യമായി. ഡി.വൈ.എസ്‌.പിയാണ്‌ അറസ്റ്റ്‌ നടത്തിയതെന്നും സ്റ്റേഷനില്‍ ഇതുസംബന്ധിച്ച്‌ യാതൊരു വിവരമില്ലെന്നുമാണ്‌ എസ്‌.ഐ മോഹന്‍ദാസ്‌ പറയുന്നത്‌. വ്യാഴാഴ്‌ച രാത്രി അറസ്റ്റ്‌ ചെയ്‌ത ജോമോനെ രാഷ്‌ട്രീയ സ്വാധീനമുപയോഗിച്ച്‌ ഇന്നലെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി ജാമ്യം നേടുകയും ചെയ്‌തു. സ്‌ത്രീധന പീഡനത്തെത്തുടര്‍ന്ന്‌ യുവതി മരിച്ച സംഭവത്തിലാണ്‌ ഒന്നാം പ്രതിയായ ഭര്‍ത്താവിന്‌ കോടതി ജാമ്യമനുവദിച്ചത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.