ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വാനോളം പുകഴ്‌ത്തി അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. ടൈം മാഗസിന് വേണ്ടി ഒബാമ എഴുതിയ മോഡിയുടെ പ്രൊഫൈലിലാണ് അദ്ദേഹത്തെ നിര്‍ലോഭം പുകഴ്‌ത്തിയിരിക്കുന്നത്. ലോകത്ത് സ്വാധീനമുള്ള നൂറ് വ്യക്‌തികളുടെ ടൈം മാഗസിന്‍ പട്ടികയില്‍ നരേന്ദ്ര മോഡിയും ഉള്‍പ്പെട്ടിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് ടൈം മാഗസിന്‍ മോഡിയുടെ പ്രൊഫൈല്‍ തയ്യാറാക്കുന്നത്. ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന് കാഴ്‌ചപ്പാടുള്ള നേതാവാണ് മോഡിയെന്ന് ഒബാമ പറഞ്ഞു.
ഇന്ത്യയുടെ പരിഷ്‌ക്കര്‍ത്താവ് എന്ന തലക്കെട്ടിലാണ് ഒബാമ മോഡിയുടെ ഹ്രസ്വമായ പ്രൊഫൈല്‍ എഴുതിയിരിക്കുന്നത്.ദാരിദ്ര്യത്തില്‍ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക് എന്ന വാചകത്തിലാണ് മോഡിയുടെ ജീവിതത്തെ ഒബാമ വിവരിക്കുന്നത്. ദാരിദ്ര്യത്തില്‍ നിന്ന് പ്രധാനമന്ത്രി പദം വരെ എത്തിയ മോഡിയുടെ ജീവിതം ഇന്ത്യയുടെ വളര്‍ച്ചയും ഊര്‍ജ്‌ജസ്വലതയും പ്രതിഫലിപ്പിക്കുന്നുവെന്നും ഒബാമ പറയുന്നു. നരേന്ദ്ര മോഡി ചായ വില്‍പ്പന നടത്തിയത് പരാമര്‍ശിച്ചു കൊണ്ടാണ് ഒബാമ തന്റെ കുറിപ്പ് തുടങ്ങുന്നത്.
ചായ വില്‍പ്പനക്കാരനില്‍ നിന്ന് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രത്തിന്റെ തലവനായി മോഡി മാറിയെന്നും ഒബാമ പ്രശംസിക്കുന്നു. ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനും സ്‌ത്രീകളുടെ ഉന്നമനത്തിനായും വിദ്യാഭ്യാസ പദ്ധതികള്‍ക്കായും മോഡി പ്രവര്‍ത്തിക്കുമെന്നും ഒബാമ പ്രത്യാശ പ്രകടിപ്പിക്കുന്നു. മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ സ്‌മാരകം സന്ദര്‍ശിച്ചതും ഒബാമ കുറിപ്പില്‍ അനുസ്‌മരിക്കുന്നു. നരേന്ദ്ര എന്ന് പേരെടുത്ത് പരാമര്‍ശിച്ച് വ്യക്‌തിപരമായ സൗഹൃദം കൂടി ഓര്‍മ്മിച്ചുകൊണ്ടാണ് ഒബാമ കുറിപ്പ് അവസാനിപ്പിക്കുന്നത്.








