തിരുവനന്തപുരം: നെൽവയൽ- തണ്ണീർത്തട നിയമം ഭേദഗതി ചെയ്യാൻ ഇന്നു ചേർന്ന യു.ഡി.എഫ് യോഗം തീരുമാനിച്ചു. ഇതിന്റെ കരട് റിപ്പോർട്ട് തയ്യാറാക്കുന്നതിനായി റവന്യൂ മന്ത്രി അടൂർ പ്രകാശിനെ ചുമതലപ്പെടുത്തിയതായി യോഗത്തിനു ശേഷം കൺവീനർ പി.പി.തങ്കച്ചൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഭൂമിയുടെ ന്യായവില സംബന്ധിച്ച പരാതികൾ ഉടൻ പരിഹരിക്കാൻ യു.ഡി.എഫ് യോഗം സർക്കാരിനോട് നിർദ്ദേശിച്ചു. ആലുവ മേഖലയിലാണ് ഇത് സംബന്ധിച്ച് കൂടുതൽ പരാതി ഉയർന്നതെന്നും പരാതികൾ പരിഹരിക്കുന്നതിന് റവന്യൂ മന്ത്രിയുടേയും ജില്ലാ കളക്ടറുടേയും നേതൃത്വത്തിൽ അദാലത്തുകൾ വിളിച്ചു ചേർക്കുമെന്നും കൺവീനർ പറഞ്ഞു. ക്ളബ്ബുകൾക്ക് ബാർ ലൈസൻസുകൾ നൽകിയതും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ആർ.എസ്.പിക്ക് നൽകുന്ന കാര്യവും യോഗം ചർച്ച ചെയ്തില്ല. കേരളാ കോൺഗ്രസ് സെക്യുലറിനെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും തങ്കച്ചൻ പറഞ്ഞു.








