Home » » ഇന്ത്യാവിഷന്‍: മന്ത്രി മുനീറിന്റെ വീട്ടിലേക്ക്‌ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധമാര്‍ച്ച്‌.

ഇന്ത്യാവിഷന്‍: മന്ത്രി മുനീറിന്റെ വീട്ടിലേക്ക്‌ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധമാര്‍ച്ച്‌.

Written By Unknown on Friday, 3 April 2015 | 07:32

കോഴിക്കോട്; ഇന്ത്യാവിഷന്‍ ഉടമ മന്ത്രി എം.കെ. മുനീറിന്റെ വീട്ടിലേക്ക്‌ നടന്ന മാധ്യമ പ്രവര്‍ത്തകരുടെ മാര്‍ച്ചില്‍ വന്‍ പ്രതിഷേധമിരമ്പി. ഇന്ത്യാവിഷന്‍ ചാനലിലെ ജീവനക്കാരുടെ വേതന കുടിശ്ശിക നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ്‌ കേരള പത്രപ്രവര്‍ത്ത യൂണിയന്റെ നേതൃത്വത്തില്‍ മാര്‍ച്ച്‌ നടത്തിയത്‌.

കഴിഞ്ഞ അഞ്ച്‌ മാസമായി ഇന്ത്യാവിഷനില്‍ ജീവനക്കാര്‍ക്ക്‌ ശമ്പളം മുടങ്ങിയിരിക്കുകയാണ്‌. ഇത്‌ സംബന്ധിച്ച്‌ തൊഴില്‍ വകുപ്പ്‌ മന്ത്രി ഷിബു ബേബിജോണിന്റെ സാന്നിദ്ധ്യത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിനിധികളുമായി ഇന്ത്യാവിഷന്‍ ഉടമകള്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ എല്ലാം ലംഘിച്ച സാഹചര്യത്തിലാണ്‌ ചാനല്‍ ഉടമ ഡോ. എം.കെ. മുനീറിന്റെ വീട്ടിലേക്ക്‌ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ നടത്തേണ്ടിവന്നത്‌.

കോഴിക്കോട്‌ മൊഫ്യൂസല്‍ ബസ്‌സ്റ്റാന്റ്‌ പരിസരത്ത്‌ നിന്നാരംഭിച്ച മാര്‍ച്ച്‌, ജാഫര്‍ഖാന്‍ കോളനി റോഡില്‍ വെച്ച്‌ പോലീസ്‌ തടഞ്ഞു. തുടര്‍ന്ന്‌ നടന്ന യോഗം സി.ഐ.ടി.യു സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ ടി.പി. രാമകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട്‌ കെ. പ്രേംനാഥ്‌ അദ്ധ്യക്ഷത വഹിച്ചു.
എ.ഐ.ടി.യു സി ജില്ലാ സെക്രട്ടറി കെ.ജി. പങ്കജാക്ഷന്‍ ബി.എം.എസ്‌. സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ ഗംഗാധരന്‍ മാര്‍ച്ചിനെ അഭിവാദ്യം ചെയ്‌തു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. പത്മനാഭന്‍ സ്വാഗതവും സെക്രട്രരി വിനോദ് ചന്ദ്രൻ നന്ദിയും പറഞ്ഞു.

ധാര്‍മ്മിക സമരത്തെ പൊതുസമൂഹം ഏറ്റെടുക്കും.
ടി.കെ. രാമകൃഷ്‌ണന്‍ (സി.ഐ.ടി.യു, സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌)
 

മാധ്യമ പ്രവര്‍ത്തകര്‍ നടത്തുന്നത്‌ ന്യായമായ പോരാട്ടമാണ്‌. അര്‍ഹതപ്പെട്ട വേതനം നല്‍കാതെയും ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ മാനിക്കാതെയും ചാനല്‍ ഉടമകള്‍ നടത്തുന്ന ധാര്‍ഷ്‌ട്യം പൊതുസമൂഹത്തിന്‌ അംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ട്‌ തന്നെ മാധ്യമ പ്രവര്‍ത്തകര്‍ നടത്തുന്ന ധാര്‍മ്മിക പോരാട്ടത്തെ പിന്തുണക്കാന്‍ പൊതുസമുഹത്തിനും ബാധ്യതയുണ്ട്‌. നീതിക്ക്‌ വേണ്ടി നടത്തുന്ന ഈ ചെറുത്തുനില്‍പ്പിന്‌ സി.ഐ.ടി.യു എല്ലാ പിന്തുണയുമേകി ഒപ്പമുണ്ടാകും.
മറ്റെല്ലാ മേഖലയിലെന്നതുപോലെ ദൃശ്യമാധ്യമരംഗത്ത്‌ ഇന്ന്‌ വന്‍ തൊഴില്‍ സുരക്ഷാ ഭീഷണിയാണുള്ളത്‌. പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട്‌ രാപ്പകല്‍ അധ്വാനിക്കുന്നവര്‍ക്ക്‌ അര്‍ഹതപ്പെട്ട വേതനം പോലും നല്‍കാതെ കബളിപ്പിക്കുന്നതിനെ ഏത്‌ വിധത്തിലാണ്‌ അംഗീകരിക്കാന്‍ കഴിയുക. സംസ്ഥാനത്തെ ഒരു മന്ത്രിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം തന്നെയാണ്‌ ഈ വിധത്തില്‍ നഗ്നമായ തൊഴിലാളിചൂഷണവും നീതിനിഷേധവും നടത്തുന്നത്‌. ഇത്‌ കൈയുംകെട്ടി നോക്കി നില്‍ക്കാന്‍ പുരോഗമന പ്രസ്ഥാനങ്ങൾക്ക്‌ കഴിയില്ല. മാധ്യമ പ്രവര്‍ത്തകരുടെ ഈ ധാര്‍മ്മിക സമരത്തെ പൊതുസമൂഹം ഏറ്റെടുക്കും.


വരാനിരിക്കുന്നത്‌ മന്ത്രി മുനീറിന്റെ വീട്ടിനു മുന്നില്‍ കഞ്ഞിവെപ്പ്‌ സമരം.
കെ. പ്രേംനാഥ്‌ (പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന പ്രസിഡണ്ട്‌)
 

ശമ്പളം കൂട്ടിത്തരണമെന്നല്ല ഇന്ത്യാവിഷനില്‍ ജീവനക്കാര്‍ ആവശ്യപ്പെടുന്നത്‌. രാപ്പകല്‍ ഇല്ലാതെ പണിയെടുത്തതിനുള്ള വേതനം മുടങ്ങാതെ നല്‍കണമെന്ന്‌ മാത്രമാണവര്‍ പറഞ്ഞത്‌. ഇതില്‍ എന്താണ്‌ തെറ്റ്‌. ചെയ്‌ത ജോലിക്ക്‌ കൂലി നല്‍കാതിരിക്കുന്നത്‌ ശിക്ഷാര്‍ഹമാണെന്ന്‌ നിയമമനുശാസിക്കുന്നുണ്ടല്ലോ. മന്ത്രി മുനീറിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്‌ അത്‌ തന്നെയാണ്‌.
കഴിഞ്ഞ ജനുവരി 17 ന്‌ തൊഴില്‍ വകുപ്പ്‌ മന്ത്രി ഷിബു ബേബിജോണിന്റെ അധ്യക്ഷതയില്‍ ലേബര്‍ സെക്രട്ടറിയും ലേബര്‍ കമ്മീഷണറും പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിനിധികളുമൊക്കെ പങ്കെടുത്ത യോഗത്തിലാണ്‌ ഇന്ത്യാവിഷന്‍ അധികൃതര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന്‌ ഉറപ്പ്‌ തന്നത്‌. ആ ഒത്തുതീര്‍പ്പാണ്‌ ഇപ്പോള്‍ ലംഘിച്ചിരിക്കുന്നത്‌. 

മുനീറും മറ്റ്‌ ഇന്ത്യാവിഷന്‍ അധികാരികളും ഈവിധത്തില്‍ ഒളിച്ച്‌ കളിച്ചോട്ടെ. പക്ഷെ തൊഴില്‍ വകുപ്പ്‌ മന്ത്രി ഷിബു ബേബിജോണ്‍ ഇതില്‍ ഇടപെടാത്തതെന്താണ്‌? അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പല്ലേ ഇപ്പോള്‍ അവര്‍ വലിച്ചെറിഞ്ഞിരിക്കുന്നത്‌. ഷിബു ബേബിജോണ്‍ സഹപ്രവര്‍ത്തകനായ മന്ത്രി മുനീറിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്‌. എന്തിനാണിത്‌? ഇതെന്താ കൂട്ടുകച്ചവടമോ?

താന്‍ ഇപ്പോള്‍ ചെയര്‍മാന്‍ അല്ല എന്ന്‌ പറഞ്ഞ്‌ ഒഴിയാനാണ്‌ മന്ത്രി മുനീര്‍ ശ്രമിക്കുന്നത്‌. മാധ്യമപ്രവര്‍ത്തകര്‍ വിഡ്‌ഢികള്‍ അല്ലെന്ന്‌ മന്ത്രി മനസ്സിലാക്കണം. മേജര്‍ ഷെയറും മുനീറിന്റേയും ബന്ധുക്കളുടെയും പേരിലാണ്‌. അതിന്‌ പുറമെ ഐ.എം.എ, മുത്തൂറ്റ്‌, അറ്റ്‌ലസ്‌ തുടങ്ങിയ വ്യവസായ ഗ്രൂപ്പുകള്‍ക്കും ഇന്ത്യാവിഷനില്‍ പങ്കാളിത്തമുണ്ട്‌. ഇവരെല്ലാം കൂടി ആലോചിച്ചാല്‍ പരിഹരിക്കാവുന്ന വിഷയമാണ്‌ ഇന്ത്യാവിഷനിലുള്ളത്‌. അതിന്‌ പകരം മാധ്യമ സമൂഹത്തെ ഒന്നടങ്കം വിഡ്‌ഢികളാക്കാമെന്ന കണക്കുകൂട്ടലാണ്‌ മന്ത്രി മുനീറിനും കൂട്ടാളികള്‍ക്കുമുള്ളതെങ്കില്‍ അത്‌ വിലപ്പോകില്ല. 

കേരളത്തിലെ ഇതര ട്രേഡ്‌ യൂണിയന്‍ സംഘടനകളുടെ പിന്‍ബലത്തോടെ ഈ ചെറുത്തുനില്‍പ്പ്‌ ജനകീയ പ്രക്ഷോഭമായി വളരും. മന്ത്രി മുനീറിന്റെ ഔദ്യോഗിക വസതിക്കു മുന്നില്‍ പത്രപ്രവര്‍ത്തകര്‍ കഞ്ഞിവെച്ച്‌ കുടിച്ച്‌ രാപ്പകല്‍ സമരമാരംഭിക്കും. മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച്‌ ഗംഭീരന്‍ പ്രസംഗങ്ങള്‍ നടത്തുന്നവരുടെ തനിനിറം പൊതുസമൂഹമങ്ങനെ തിരിച്ചറിയും. അതിന്‌ ഞങ്ങളെ നിര്‍ബന്ധിക്കരുത്‌. ഒത്തുതീര്‍പ്പ്‌ വ്യവസ്ഥകള്‍ നടപ്പിലാക്കി, ജീവനക്കാര്‍ക്ക്‌ വേതന കുടിശ്ശിക നല്‍കാന്‍ ഇന്ത്യാവിഷന്‍ അധികൃതര്‍ തയ്യാറായേ മതിയാകൂ.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.