Home » » ഉമ്മന്‍ചാണ്ടിക്കും സര്‍ക്കാരിനും നേരെ വി.ഡി.സതീശന്റെ രൂക്ഷ വിമര്‍ശനം.

ഉമ്മന്‍ചാണ്ടിക്കും സര്‍ക്കാരിനും നേരെ വി.ഡി.സതീശന്റെ രൂക്ഷ വിമര്‍ശനം.

Written By Unknown on Monday, 6 April 2015 | 07:46

തിരു: കെ.പി.സി.സി യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സര്‍ക്കാരിനും നേരെ പാര്‍ട്ടി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്റെ രൂക്ഷ വിമര്‍ശനം. ധനമന്ത്രി കെ.എം.മാണിയേയും ചീഫ് വിപ്പ് പി.സി.ജോര്‍ജിനേയും സംരക്ഷിക്കാനുള്ള ഓട്ടത്തിലാണ് മുഖ്യമന്ത്രിയെന്ന് സതീശന്‍ പറഞ്ഞു. ഈ പാച്ചിലിനിടയില്‍ പാര്‍ട്ടിയെ ആരു സംരക്ഷിക്കുമെന്നും അദ്ദേഹം ചോദിച്ചു.

ബാര്‍ കോഴ ആരോപണം ഉയന്നര്‍പ്പോള്‍ തന്നെ മാണിയുടെ രാജി ആവശ്യപ്പെടേണ്ടിയിരുന്നുവെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. മാണിക്കു നേരെ ഉയര്‍ന്ന അഴിമതി ആരോപണം സര്‍ക്കാരിനും കളങ്കമുണ്ടാക്കി. ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം മാണിയുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ മാത്രമാണ് സര്‍ക്കാര്‍ സമയം കണ്ടെത്തിയത്. എന്നിട്ടും ഓരോ ദിവസവും പ്രശ്‌നം വഷളായതേയുള്ളൂവെന്നും സതീശന്‍ പറഞ്ഞു. ബട്ജറ്റ് ദിവസം നിയമസഭയിലുണ്ടായ അക്രമ സംഭവങ്ങള്‍ സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മുന്നില്‍ നാണംകെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.പി.സി.സി അദ്ധ്യക്ഷന്റെ വാക്കുകള്‍ക്ക് കൂടി മുഖ്യമന്ത്രി വില കല്‍പ്പിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

അതേസമയം, മാണിയെക്കാള്‍ പഴി കേട്ട കോണ്‍ഗ്രസ് മന്ത്രിമാര്‍ ഉണ്ടെന്നായിരുന്നു ഇതിന് ഹസ്സന്റെ മറുപടി. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ സംരക്ഷിച്ചത് ഘടകകക്ഷികളാണെന്ന കാര്യം ആരും മറക്കരുത്. ഘടകക്ഷികള്‍ ഇടഞ്ഞാല്‍ പലരുടേയും നില പരുങ്ങലിലാവും. കൂട്ടുകക്ഷി സര്‍ക്കാരാവുമ്പോള്‍ ഘടകകക്ഷികളെ സംരക്ഷിക്കേണ്ട ബാദ്ധ്യത മുഖ്യമന്ത്രിക്കും മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനും ഉണ്ടെന്നും ഹസന്‍ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.