Home » » എന്‍ഡോസള്‍ഫാന്‍ ഒത്തുതീര്‍പ്പ്‌ വ്യവസ്‌ഥകള്‍ പാലിക്കാന്‍ ഗവണ്‍മെന്റ്‌ തയ്യാറായില്ല. പീഡിത ജനകീയ മുന്നണി സമരത്തിലേക്ക്.

എന്‍ഡോസള്‍ഫാന്‍ ഒത്തുതീര്‍പ്പ്‌ വ്യവസ്‌ഥകള്‍ പാലിക്കാന്‍ ഗവണ്‍മെന്റ്‌ തയ്യാറായില്ല. പീഡിത ജനകീയ മുന്നണി സമരത്തിലേക്ക്.

Written By Unknown on Friday, 17 April 2015 | 19:11

കാസര്‍ഗോഡ്‌: പൊതുസമൂഹത്തിന്റെയും സമര സംഘടനകളുടേയും ദീര്‍ഘകാലത്തെ ഇടപെടലിന്റെ ഭാഗമായി ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖല സന്ദര്‍ശിച്ച്‌ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ദുരന്ത ബാധിതര്‍ക്ക്‌ അടിയന്തിര ധനസഹായം നല്‍കാന്‍ കേരള ഗവണ്‍മെന്റിനോട്‌ ആവശ്യപ്പെട്ടിരുന്നു. അതിന്‌ അര്‍ഹതയുള്ളവരുടെ ലിസ്‌റ്റും രേഖകളും എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്ലില്‍ നിലവിലുണ്ട്‌. പഞ്ചായത്ത്‌ അതിര്‍ത്തികള്‍ നോക്കാതെ ധനസഹായം നല്‍കാമെന്ന്‌ ഗവണ്‍മെന്റ്‌ മുന്നണിയ്‌ക്ക് ഉറപ്പ്‌ തന്നിട്ടുള്ളതും ഗവണ്‍മെന്റ്‌ അംഗീകരിച്ചിട്ടുള്ളതുമാണ്‌. ആത്മഹത്യപോലുള്ള ദുരന്തങ്ങള്‍ നടക്കുമ്പോള്‍ മാത്രം ശ്രദ്ധനേടുന്ന ആനുകൂല്യമായി ഇത്‌ മാറിക്കഴിഞ്ഞു. കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷനും, ഗവണ്‍മെന്റും ആകെ നൂറ്റിഎഴുപത്തിയാറ്‌ കോടിയോളം രൂപ ഇതിനായി നല്‍കേണ്ടതുണ്ട്‌. തുല്യവിഹിതം നല്‍കുന്ന പി.സി.കെ 53 കോടിരൂപ നല്‍കിയെങ്കിലും 35 കോടി രൂപ കൂടി നല്‍കാനുണ്ട്‌. പലിശ ലഭിക്കുന്നത്‌ കൊണ്ടാവാം തുക യഥാര്‍ത്ഥ അക്കങ്ങളിലേക്ക്‌ മാറ്റാന്‍ മടിക്കുന്നത്‌. നിശ്‌ചിത തീയ്യതിക്കകം പി.സി.കെ യില്‍ നിന്നും ലഭിക്കേണ്ടുന്ന തുക ഈടാക്കി അടിയന്തിരമായി വിവിധ ഗഡുക്കള്‍ അര്‍ഹതപ്പെട്ട ദുരിതബാധിതര്‍ക്ക്‌ വിതരണം ചെയ്‌ത് തീര്‍ക്കേണ്ടതാണ്‌.
 
ജില്ലാ ഭരണകൂടവും, എന്‍ഡോസള്‍ഫാന്‍ സെല്ലും ധനസഹായം നല്‍കുന്നതില്‍ ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും മുന്നണി യോഗം ആവശ്യപ്പെട്ടു.
അമ്മമാരുടെ സമരം, ഒപ്പുമരചോട്ടിലെ നിരാഹാര സമരം മുഖ്യമന്ത്രിയുടെ വസതിക്കുമുന്നില്‍ നടത്തിയ കഞ്ഞിവെയ്‌പ്പ് സമരം തുടങ്ങി നിരവധി സമരങ്ങളുടെ ഭാഗമായി നിരവധി ഉത്തരവുകളും സംഘടനയുമായി ഒത്തു തീര്‍പ്പ്‌ വ്യവസ്‌ഥകളും ഉണ്ടാക്കിയിട്ടുണ്ട്‌. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ ദുരന്തത്തിന്‌ ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയെന്നതും ദുരന്തബാധിതര്‍ക്ക്‌ അര്‍ഹതപ്പെട്ട നഷ്‌ടപരിഹാരം നല്‍കുന്നതിന്‌ ട്രൈബ്യൂണല്‍ സ്‌ഥാപിക്കുക എന്നതുമാണ്‌. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും മുന്നണി നിരവധി സമരങ്ങള്‍ നടത്തിയിട്ടും ഒത്തുതീര്‍പ്പ്‌ വ്യവസ്‌ഥകള്‍ പാലിക്കാന്‍ ഗവണ്‍മെന്റ്‌ ഇതുവരെ തയ്യാറായിട്ടില്ല.
 
പുനരധിവാസ ഗ്രാമം ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയവരുടെ കാലഘട്ടം കഴിയുമ്പോള്‍ ലഭിക്കേണ്ടുന്ന സംവിധാനമല്ല. കുട്ടികളും ദുരന്തബാധിതരായ മറ്റുള്ളവരും മരിച്ചുകൊണ്ടിരിക്കുന്നു. സ്‌ഥലവും അതിര്‍ത്തിയും മുന്‍കൂട്ടി നിശ്‌ചയിക്കാതെ ആവശ്യമായ എല്ലാ കാര്യങ്ങളും ഒത്തുചേരുന്നതവിടെയാണോ അവിടെ പുനരധിവാസ ഗ്രാമം രൂപപ്പെടുത്തിയെടുക്കാന്‍ പൊതുജന പങ്കാളിത്ത്വത്തോടെ കഴിയേണ്ടതും വേഗത്തില്‍ നടപ്പിലാക്കേണ്ടതുമാണ്‌. കാലതാമസം നീതിനിഷേധിക്കുന്നതിന്‌ തുല്യമാണ്‌. നിര്‍ദിഷ്‌ട മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. ബഡ്‌സ് സ്‌കൂളുകളുടെ നിര്‍മ്മാണം, കടാശ്വാസം തീരുമാനിക്കുന്നതിന്‌ ലഭിച്ച അപേക്ഷകളിലേുള്ള നടപടി എന്നിവ സമബന്ധിതമായി നടപ്പിലാക്കാന്‍ കഴിയേണ്ടതാണ്‌. ദുരിതബാധിതര്‍ക്കുള്ള മരുന്നുകള്‍ കൃത്യമായി ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കേണ്ടതാണ്‌.
 
കേരള ഗവണ്‍മെന്റിന്റെ നാലാംവാര്‍ഷിക ദിനത്തില്‍ അടിയന്തിര ഇടപെടലുകള്‍ ഉണ്ടാകാത്തപക്ഷം സമരങ്ങളുടെ പ്രഖ്യാപനം നടത്തുമെന്നും അതിന്‌ മുമ്പ്‌ ഉത്തരവാദിത്ത്വപ്പെട്ടവര്‍ ഇടപെടണമെന്നും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ആവശ്യപ്പെട്ടു. യോഗത്തില്‍ സുഭാഷ്‌ ചീമേനി അദ്ധ്യക്ഷനായിരുന്നു.
 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.