കുന്നംകുളം: കേരളത്തിലെ യഥാര്‍ഥ പ്രതിപക്ഷം മാധ്യമങ്ങളാണെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. കുന്നംകുളത്ത് പ്രസ്‌ക്ലബിന്റെ മാധ്യമ പുരസ്‌കാര സമര്‍പ്പണസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിന്റെ യഥാര്‍ഥ കടമ എല്‍.ഡി.എഫ്. പൂര്‍ത്തീകരിക്കുന്നില്ല. എല്‍.ഡി.എഫ്. ഇത് ഗൗരവമായി ചിന്തിക്കണം. ചീഫ്‌സെക്രട്ടറി മുതല്‍ വില്ലേജ് ഓഫീസര്‍ വരെയുള്ളവര്‍ അഴിമതിക്കാരായി മാറി. താന്‍ ഇപ്പോഴും യു.ഡി.എഫിന്റെ ഭാഗമാണെന്നു പ്രഖ്യാപിച്ച പി.സി. ജോര്‍ജ് നാളെ നടക്കുന്ന കേരള കോണ്‍ഗ്രസ് യോഗം മാണിയുടെ മന്ത്രിമന്ദിരത്തിലെ അടുക്കളയിലാണെന്നു പരിഹസിച്ചു.
ഭരണഘടന ഇല്ലാത്ത ഏക രാഷ്‌ട്രീയകക്ഷി കേരളകോണ്‍ഗ്രസാണ്. ഭരണഘടന പ്രകാരമല്ല മാണി തനിക്കെതിരേ നടപടിയെടുക്കുന്നത്. ഇത് കോടതിയിലും തെരഞ്ഞെടുപ്പ് കമ്മിഷനിലും ചോദ്യംചെയ്‌തു. അരുവിക്കരയില്‍ മനുഷ്യസ്‌നേഹിയായ സ്‌ഥാനാര്‍ഥിക്കു വേണ്ടി വോട്ടുചെയ്യണം. സരിതയെക്കൊണ്ട് ജോസ് കെ. മാണിയുടെ പേര് പറയിപ്പിച്ചത് താനല്ല. അഴിമതി നിറഞ്ഞ ഈ സര്‍ക്കാരിനുള്ളില്‍ ഇരിക്കാന്‍ പരമയോഗ്യന്‍ കെ.എം. മാണിതന്നെയാണ്.
നാലുവര്‍ഷമായി പാര്‍ട്ടിക്കുള്ളിലും യു.ഡി.എഫിലും മന്ത്രി മാണിയുടെ അഴിമതികള്‍ പറഞ്ഞിരുന്നുവെന്ന് പി.സി. ജോര്‍ജ് വ്യക്‌തമാക്കി. യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് അഴിമതിക്കഥകള്‍ പുറത്തു പറഞ്ഞത്. ഇതിനെ തുടര്‍ന്നാണ് കള്ളന്‍ അകത്തും പറഞ്ഞവന്‍ പുറത്തുമായത്. 22 ന് സോളാര്‍ കമ്മിഷനു മുമ്പില്‍ ഹാജരായി തെളിവു നല്‍കുമെന്ന് പി.സി. ജോര്‍ജ് പറഞ്ഞു.








