Home » » എസ്‌.എസ്‌.എല്‍.സി. മൂല്യ നിര്‍ണയത്തെ വിമര്‍ശിച്ച്‌ ഹൈബി ഈഡന്‍

എസ്‌.എസ്‌.എല്‍.സി. മൂല്യ നിര്‍ണയത്തെ വിമര്‍ശിച്ച്‌ ഹൈബി ഈഡന്‍

Written By Unknown on Tuesday, 21 April 2015 | 09:53

കൊച്ചി: എസ്‌.എസ്‌.എല്‍.സി. മൂല്യ നിര്‍ണയത്തെ വിമര്‍ശിച്ച്‌ ഹൈബി ഈഡന്‍ എം.എല്‍.എയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്. നമ്മുടെ ഈ വലിയ വിജയത്തില്‍ തനിക്ക്‌ തെല്ലും ആഹ്‌ളാദം തോന്നുന്നില്ല. വിജയ ശതമാനം ഉയര്‍ത്തുന്നത്‌ ഒരു സര്‍ക്കാരിന്റെ അജണ്ടയാകുന്നത്‌ ഒരിക്കലും ശരിയല്ല. ഉത്തരം ശരിയല്ലെങ്കിലും പകുതി മാര്‍ക്ക്‌ കൊടുക്കുന്ന മാതൃക നല്ലതല്ല. ഇന്ത്യയ്‌ക്ക് മാതൃകയാകുന്ന കേരള മോഡലിനെ തകര്‍ക്കുന്ന സമീപനമാണ്‌ ഇതെന്നും ഹൈബി ഈഡന്‍ ഫേസ്‌ബുക്കിലൂടെ കുറ്റപ്പെടുത്തുന്നു.
 ഫേസ്‌ബുക്ക്‌ പോസ്‌റ്റിന്റെ പൂര്‍ണരൂപ ;
'ഇത്തവണത്തെ എസ്‌. എസ്‌. എല്‍. സി. പരീക്ഷയില്‍ വിജയം നേടിയ എല്ലാ വിദ്യാര്‍ഥികളെയും ഞാന്‍ അനുമോദിക്കുന്നു. എന്നാല്‍ നമ്മുടെ ഈ വലിയ വിജയത്തില്‍ എനിക്ക്‌ തെല്ലും ആഹ്ലാദം തോന്നുന്നില്ല. വിജയശതമാനം ഉയര്‍ത്തുന്നത്‌ ഒരു സര്‍ക്കാരിന്‍റെ അജണ്ടയാവുന്നത്‌ ഒരിക്കലും ശരിയല്ല. കഴിഞ്ഞ സര്‍ക്കാരില്‍ ശ്രീ. എം. എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോഴാണ്‌ എസ്‌.എസ്‌. എല്‍. സി. വിജയശതമാനത്തില്‍ ഏകദേശം ഇരുപത്തിയഞ്ചു ശതമാനത്തിന്റെ വര്‍ദ്ധനവ്‌ ഉണ്ടാവുന്നത്‌. മൂല്യ നിര്‍ണ്ണയം ഉദാരമാക്കിയും, ഗ്രേസ്‌ മാര്‍ക്കുകള്‍ നല്‍കിയുമാണ്‌ നമ്മള്‍ ഇത്‌ കൈവരിക്കുന്നത്‌. വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം അവഗണിച്ചു കൊണ്ട്‌ നടത്തുന്ന ഈ പരീക്ഷാ നാടകം അന്താരാഷ്‌ട്ര തലത്തിലും മറ്റു സിലബസുകളില്‍ പഠിച്ചു വരുന്ന കുട്ടികള്‍ക്കിടയിലും മത്സരിക്കാന്‍ നമ്മുടെ കുട്ടികളെ യോഗ്യതയില്ലാത്തവരാക്കുകയാണ്‌ ചെയ്യുന്നത്‌.
ഒരു ചോദ്യത്തിന്‌ ഉത്തരം ശരിയായില്ലെങ്കില്‍ പോലും പകുതി മാര്‍ക്ക്‌ കൊടുക്കുന്ന മാതൃക നല്ലതല്ല. ഇന്ത്യക്ക്‌ മാതൃകയായിരുന്ന കേരള മോഡലിനെ തകര്‍ക്കുന്ന സമീപനമാണ്‌ ഇത്‌. ഒരു സര്‍ക്കാരിന്റെ ഉത്തരവാദിത്വം വിദ്യാര്‍ഥികള്‍ക്ക്‌ ഉന്നത നിലവാരത്തിലുള്ള പഠന സൗകര്യങ്ങള്‍ ഒരുക്കുകയും കാലാനുസൃതമായി സിലബസുകള്‍ പരിഷ്‌കരിച്ച്‌ ആഗോളതലത്തില്‍ തന്നെ മത്സരിപ്പിക്കാന്‍ പ്രാപ്‌തരാക്കുകയുമാണ്‌. ഈ ചുമതല സര്‍ക്കാര്‍ നിര്‍വ്വഹിച്ചാല്‍ വിജയശതമാനം
ക്രമേണ ഉയര്‍ന്നു വരിക തന്നെ ചെയ്യും. ക്വാണ്ടിറ്റേറ്റീവ്‌ റിസള്‍ട്ട്‌ അല്ല ക്വാളിറ്റി റിസള്‍ട്ട്‌ ആണ്‌ നമുക്ക്‌ ആവശ്യം. കുറുക്കുവഴിയിലൂടെ ഈ നേട്ടം കൈ വരിക്കുന്നത്‌ നാം നമ്മെ തന്നെ വഞ്ചിക്കുന്നതിനു തുല്യമാണ്‌. നാളത്തെ തലമുറയോട്‌ ചെയ്യുന്ന കൊടും ചതിയും.'
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.