Home » » കേരള കോണ്‍ഗ്രസ്‌-സെക്കുലര്‍ പുനരുജ്ജീവിപ്പിച്ചു;ടി.എസ്‌. ജോണ്‍ പാര്‍ട്ടിയുടെ ചെയര്‍മാന്‍.

കേരള കോണ്‍ഗ്രസ്‌-സെക്കുലര്‍ പുനരുജ്ജീവിപ്പിച്ചു;ടി.എസ്‌. ജോണ്‍ പാര്‍ട്ടിയുടെ ചെയര്‍മാന്‍.

Written By Unknown on Saturday, 11 April 2015 | 04:41

കൊച്ചി: കേരള കോണ്‍ഗ്രസ്‌-സെക്കുലര്‍ പുനരുജ്ജീവിപ്പിച്ചു. പഴയ സെക്കുലറിന്റെ ചെയര്‍മാന്‍ ടി.എസ്‌. ജോണാണു കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്‌. ഇദേഹംതന്നെയാണു പാര്‍ട്ടിയുടെ പുതിയ ചെയര്‍മാന്‍. സെക്കുലര്‍ യുഡിഎഫില്‍ തുടരുമെന്നും സെക്കുലറിനോടനുഭാവമുള്ള ത്രിതല പഞ്ചായത്ത്‌ പ്രതിനിധികള്‍ യുഡിഎഫിന്റെ വിപ്പനുസരിച്ച്‌ വോട്ടു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സെക്കുലറിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ്‌ കോട്ടയത്തായിരിക്കും പ്രവര്‍ത്തിക്കുക. പത്തു ദിവസത്തിനകം എല്ലാ ജില്ലകളിലും ഓഫീസ്‌ തുറക്കുമെന്നും അദേഹം പറഞ്ഞു. പി.സി. ജോര്‍ജ്‌ സെക്കുലറില്‍ ഉണ്‌ടാവില്ല. പി.സി. ജോര്‍ജിനായി സെക്കുലറില്‍ ഒരു സ്ഥനവും നീക്കിവച്ചിട്ടില്ല. കേരള കോണ്‍ഗ്രസ്‌-എമ്മിനും കെ.എം. മാണിക്കുമെതിരേ രൂക്ഷവിമര്‍ശനമാണു ജോണ്‍ വാര്‍ത്ത സമ്മേളനത്തിലുടനീളം ഉന്നയിച്ചത്‌.
കേരള കോണ്‍ഗ്രസില്‍ ജനാധിപത്യമില്ല. മാണിയുടെ ഏകാധിപത്യമാണു നടക്കുന്നത്‌. പാര്‍ട്ടി യോഗങ്ങള്‍ കൂടാറില്ല. മാണി രാജിവയ്‌ക്കണമെന്ന ആവശ്യം ഉന്നതാധികാര സമിതി യോഗത്തില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മാണി അംഗീകരിച്ചില്ല. സെക്കുലര്‍ പാര്‍ട്ടിയുടെ 14 ജില്ലാ പ്രസിഡന്റുമാരെയും പോഷക സംഘടനാ ഭാരവാഹികളെയും വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ ഗ്രൂപ്പില്‍നിന്നുംപുറത്തു വന്നായിരുന്നു പി.സി ജോര്‍ജ്‌ കേരള കോണ്‍ഗ്രസ്‌ സെക്കുലര്‍ രൂപീകരിച്ചത്‌. തുടര്‍ന്ന്‌ 2009ല്‍ മാണി ഗ്രൂപ്പില്‍ ലയിച്ചതോടെ സെക്കുലര്‍ ഇല്ലാതായി. ജോര്‍ജും മാണിയും തമ്മില്‍ ഇടയുകയും ജോര്‍ജിനെ ചീഫ്‌ വിപ്പ്‌ സ്ഥാനത്തുനിന്നു പുറത്താക്കുകയും ചെയ്‌തതോടെയാണു വീണ്‌ടും കേരള കോണ്‍ഗ്രസ്‌ സെക്കുലര്‍ യാഥാര്‍ഥ്യമായിരിക്കുന്നത്‌.
പി.സി. ജോര്‍ജിന്റെ അനുഗ്രഹാശിസുകളോടെയാണു പാര്‍ട്ടി രൂപവത്‌കരിച്ചിരിക്കുന്നത്‌. കൂറുമാറ്റ നിരോധന നിയമം നിലനില്‍ക്കുന്നതിനാലാണു ജോര്‍ജ്‌ സെക്കുലറില്‍നിന്നു വിട്ടുനില്‍ക്കുന്നത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.