ന്യൂഡല്‍ഹി: പ്രമേഹം, കരള്‍വീക്കം, കാന്‍സര്‍ രോഗങ്ങള്‍ക്കടക്കമുള്ള അഞ്ഞൂറിലധികം മരുന്നുകളുടെ വില കൂട്ടാന്‍ കമ്പനികള്‍ക്കു കേന്ദ്ര സര്‍ക്കാരിന്റെ അനുമതി.
ഏപ്രില്‍ ഒന്നുമുതല്‍ 3.84 ശതമാനം വര്‍ധനയാണു വരുത്തിയത്. ഇതനുസരിച്ചു നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അഥോറിറ്റി (എന്‍.പി.പി.എ) വിലവര്‍ധനാ വിജ്‌ഞാപനമിറക്കി. 2013ലെ മരുന്നു വില നിയന്ത്രണ ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണു 2014 ലേക്കുള്ള മൊത്തമരുന്നു വില വര്‍ധനാ പട്ടിക അഥോറിറ്റി തയാറാക്കിയത്. ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെ 509 ഇനങ്ങളുടെ വില വര്‍ധിക്കും. ഹെപ്പറ്റെറ്റിസ് ബി, സി എന്നിവയെ പ്രതിരോധിക്കാനുള്ള ആല്‍ഫാ ഇന്റര്‍ഫെറോണ്‍ കുത്തിവയ്‌പ്, കാന്‍സര്‍ മരുന്നുകള്‍, കാന്‍സര്‍ ചികിത്സയ്‌ക്കുള്ള കാര്‍ബോപ്ലാറ്റിന്‍ കുത്തിവയ്‌പ്, ഫംഗസ് ബാധയ്‌ക്കെതിരേയുള്ള ഫ്‌ളൂകൊനാസോള്‍ ഗുളികകള്‍, അമോക്‌സിലിന്‍ ഗുളികകള്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകളു-ടെയും ഗര്‍ഭനി-രോധന ഉറകളുടെയും വിലകൂടി. അണുബാധയ്-ക്കെതി-രെ ഉപയോഗിക്കുന്ന അമോക്‌സിലിന്‍ ക്ലാവുനിലിക് ആസിഡ് ഗുളിക, സിപ്രോഫ്‌ലോക്‌സാസിന്‍, കൊളസ്‌ട്രോളിനുള്ള അറ്റോര്‍വസ്‌റ്റാറ്റിന്‍, ഹൃദ്രോഗങ്ങള്‍ക്കുള്ള ക്ലോപ്പി-ഡോഗ്രല്‍, എയ്‌ഡ്‌സിനുള്ള ഇന്‍ഡിനാവിര്‍, രക്‌തസമ്മര്‍ദത്തിനുള്ള അംലോഡിപ്പിന്‍, ലോസാര്‍ട്ടന്‍, പാരസെറ്റാ-മോള്‍ എന്നിവയ്‌ക്കും വിലകൂടും.
ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അലയന്‍സ്(ഐ.പി.എ) സെക്രട്ടറി ജനറല്‍ ഡി.ജി. ഷാ സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്‌തു. മരുന്നുവിലയില്‍ തോന്നിയപോലെ വര്‍ധന വരുത്താന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് ഒരുവര്‍ഷത്തേക്കു കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 2013-ലാണ് ഇപ്പോഴത്തെ ഔഷധവില നിയന്ത്രണനിയമം നിലവില്‍വന്നത്. ഇതനുസരിച്ചു വര്‍ഷത്തിലൊരിക്കല്‍ വിപണിവിഹിതത്തിന്റെ അടിസ്‌ഥാനത്തില്‍ മരുന്നുവില പുതുക്കി നിര്‍ണയിക്കാനുള്ള അവകാശം ദേശീയ മരുന്നുവില നിയന്ത്രണ സമിതിയില്‍ നിക്ഷിപ്‌തമാണ്. നിയമം നടപ്പായതിനു-ശേഷം രണ്ടാംതവണയാണ് ഈ അധികാരം സമിതി ഉപയോഗിക്കുന്നത്.








