Home » » ബാര്‍ കോഴ;പി.സി. ജോര്‍ജ്‌ മൊഴി നല്‍കി.

ബാര്‍ കോഴ;പി.സി. ജോര്‍ജ്‌ മൊഴി നല്‍കി.

Written By Unknown on Thursday, 14 May 2015 | 06:27

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ്‌ എസ്‌.പി. സുകേശന്‌ മുമ്പാകെ തിരുവനന്തപുരം എം.എല്‍.എ ഹോസ്‌റ്റലില്‍ വച്ച്‌ പി.സി. ജോര്‍ജ്‌ മൊഴി നല്‍കി. ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്‌ രാജ്‌കുമാര്‍ ഉണ്ണി കോഴ ഇടപാടുമായി ബന്ധപ്പെട്ട്‌ തന്നോടു പറഞ്ഞ കാര്യങ്ങളാണ്‌ വിജിലന്‍സിന്‌ കൈമാറിയതെന്ന്‌ ജോര്‍ജ്‌ പിന്നീട്‌ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ്‌ ബാര്‍ ഉടമകള്‍ പണം പിരിച്ച്‌ മന്ത്രിമാര്‍ക്ക്‌ കോഴയായി നല്‍കിയതെന്ന്‌ രാജ്‌കുമാര്‍ ഉണ്ണി തന്നോട്‌ പറഞ്ഞിരുന്നതായി ജോര്‍ജ്‌ വിജിലന്‍സിന്‌ മൊഴി നല്‍കി. ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശ പ്രകാരം 15 കോടി രൂപ ബാര്‍ ഉടമകളില്‍ നിന്നും അസോസിയേഷന്‍ പിരിച്ചിരുന്നു. കെ. ബാബു, കുഞ്ഞാലിക്കുട്ടി, കെ.എം. മാണി എന്നീ മന്ത്രിമാര്‍ക്ക്‌ നല്‍കാനായിരുന്നു ഈ പണം. ഈ മൂന്നു മന്ത്രിമാരെയും തൃപ്‌തിപ്പെടുത്താന്‍ കൂടുതല്‍ തുക നിങ്ങള്‍ കണ്ടെത്തേണ്ടി വരുമെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നതായി രാജ്‌കുമാര്‍ ഉണ്ണി തന്നോടു പറഞ്ഞിരുന്നതായും ജോര്‍ജ്‌ വ്യക്‌തമാക്കി.
പിരിച്ച പണത്തില്‍നിന്നും ധനമന്ത്രി കെ.എം. മാണിക്ക്‌ അസോസിയേഷന്‍ ഒരു കോടി രൂപ കോഴയായി നല്‍കി. എന്നാല്‍ മന്ത്രി ബാബുവിന്‌ പത്തു കോടി രൂപ നല്‍കിയത്‌ മാണിയെ ചൊടിപ്പിച്ചിരുന്നു. തന്നേക്കാള്‍ ജൂനിയറായ മന്ത്രിക്ക്‌ പത്തു കോടിയും തനിക്ക്‌ ഒരു കോടിയും എന്നത്‌ ശരിയല്ലെന്ന്‌ മാാണി പറഞ്ഞിരുന്നു. തുടര്‍ന്ന്‌ അഞ്ചു കോടി രൂപ കിട്ടിയേ തീരു എന്ന്‌ മാണി വാശി പിടിച്ചു എന്നും രാജ്‌കുമാര്‍ ഉണ്ണി തന്നോട്‌ പറഞ്ഞിരുന്നതായി ജോര്‍ജ്‌ പറയുന്നു.
മാണിക്ക്‌ ഒരു കോടി നല്‍കിയത്‌ മൂന്നു ഗഡുക്കളായാണ്‌. എന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക്‌ പണം നല്‍കിയിരുന്നില്ല. തിരുവനന്തപുരത്തും പാലായിലും വച്ചാണ്‌ അസോസിയേഷന്‍ മന്ത്രിമാര്‍ക്ക്‌ പണം കൈമാറിയതെന്നു രാജ്‌കുമാര്‍ ഉണ്ണി തന്നോട്‌ പറഞ്ഞിരുന്നതായും ജോര്‍ജ്‌ വ്യക്‌തമാക്കി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.