Home » » കെ.പി. മോഹനൻ കോൺഗ്രസ്സിലേക്ക് പോകുമെന്ന് സൂചന.

കെ.പി. മോഹനൻ കോൺഗ്രസ്സിലേക്ക് പോകുമെന്ന് സൂചന.

Written By Unknown on Friday, 15 May 2015 | 06:29

കണ്ണൂർ: എം.പി. വീരേന്ദ്രകുമാർ നേതൃത്വം നൽകുന്ന ജനതാദൾ (യു) യു.ഡി.എഫ് വിട്ടാൽ മന്ത്രി കെ.പി. മോഹനൻ കോൺഗ്രസ്സിലേക്ക് പോകുമെന്ന് സൂചന. അടുത്ത ഇടതുമുന്നണി സർക്കാരിൽ സുരക്ഷിതസ്ഥാനം വീരേന്ദ്രകുമാറിന്റെ മകനും നിലവിൽ എം.എൽ.എയുമായ എം.വി. ശ്രേയാംസ് കുമാറിന് നൽകുമെന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിൽ യു.ഡി.എഫ് വിടുന്നത് ആത്മഹത്യാപരമാണെന്ന് മോഹനനെ അനുകൂലിക്കുന്നവർ കരുതുന്നു. വീരേന്ദ്ര കുമാറിന്റെ നിലവിലെ നയങ്ങളോട് എതിർ‌പ്പ് പ്രകടിപ്പിക്കുന്ന വിഭാഗവും ജെ.ഡി.യുവിൽ സജീവമാണ്.

വീരേന്ദ്രകുമാർ, മകൻ എം.വി. ശ്രേയാംസ് കുമാർ ഉൾപ്പെടുന്ന വിഭാഗം മനസ്സ് കൊണ്ട് യു.ഡി.എഫ് വിടാൻ തയ്യാറെടുത്ത് കഴിഞ്ഞിട്ടുണ്ട്. എന്നാൽ അത്തരമൊരു നീക്കത്തോട് യോജിക്കാൻ കഴിയില്ലെന്ന് മോഹനനുമായി അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. സി.പി.എം, ഇടതുമുന്നണിയിലെ മറ്റു ഘടകക്ഷികൾ എന്നിവയുടെ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തി വരുന്ന മോഹനൻ വീരേന്ദ്രകുമാർ വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെ മനസ്സ് തുറന്നിട്ടില്ല.

ദേശീയതലത്തിൽ ജനതാപരിവാർ ലയനത്തിന് സോഷ്യലിസ്റ്റ് പാർട്ടികൾ നീക്കം തുടങ്ങിയശേഷം ജനതാദൾ (യു) യു.ഡി.എഫ് വിടുമെന്ന സൂചനകൾ ശക്തമാണ്. ഇതിന് പിന്നാലെ, ഇടതുമുന്നണി വിട്ട് ആറ് വർഷത്തിനുശേഷം വീരേന്ദ്രകുമാർ കോഴിക്കോട് സി.പി.എം വേദിയിൽ എത്തുകയും കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. മുന്നണി വികസനം സി.പി.എമ്മിന്റെ അജണ്ടയിലുണ്ടെന്ന് കോടിയേരി യോഗത്തിൽ വ്യക്തമാക്കിയതോടെയാണ് സി.പി.എം സംസ്ഥാന സമിതിയിൽനിന്ന് അനുകൂല അഭിപ്രായം ഉയർന്നത്. സോഷ്യലിസ്റ്റ് പാർട്ടികൾ ആശയപരമായി യോജിക്കുന്നത് നല്ലതാണെന്നും അതനുസരിച്ച് ജനതാദൾ (യു) മാത്രമാണ് നിലപാട് എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുൻമന്ത്രിയും ജനതാദൾ നേതാവുമായിരുന്ന പി.ആർ. കുറുപ്പിന്റെ മകനായ മോഹനൻ മൂന്നു പതിറ്റാണ്ടിലേറെയായി സംഘടനയിൽ സജീവമാണ്. മോഹനന്റെ തട്ടകമായ പാനൂർ സംസ്ഥാനത്ത് ജെ.ഡി.യുവിന്റെ ശക്തമായ സ്വാധീനകേന്ദ്രവുമാണ്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.