Home » » മിഠായിത്തെരുവില്‍ കത്തിയ കടകള്‍ക്കു നഷ്‌ടപരിഹാരം നല്‍കുന്നതില്‍ ഭിന്നാഭിപ്രായം.

മിഠായിത്തെരുവില്‍ കത്തിയ കടകള്‍ക്കു നഷ്‌ടപരിഹാരം നല്‍കുന്നതില്‍ ഭിന്നാഭിപ്രായം.

Written By Unknown on Friday, 15 May 2015 | 19:41

കോഴിക്കോട്‌: മിഠായിത്തെരുവില്‍ കത്തിയ കടകള്‍ക്കു നഷ്‌ടപരിഹാരം നല്‍കുന്നതിനെച്ചൊല്ലി ഭിന്നാഭിപ്രായം. കെട്ടിടത്തിന്റെ പ്ലാനില്‍ കാണിച്ചതുപോലെയുള്ള നവീകരണ പ്രവൃത്തികളോ സജ്‌ജീകരണങ്ങളോ നടത്താത്ത കടകള്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കേണ്ടതില്ലെന്ന അഭിപ്രായമാണു കോര്‍പ്പറേഷന്‍ ടൗണ്‍ പ്ലാനിങ്‌ ഉദ്യോഗസ്‌ഥര്‍ക്കുള്ളത്‌. നവീകരണം നടത്തിയെന്നും ഫയര്‍ സേഫ്‌റ്റി ഉള്‍പ്പെടെയുള്ള ആധുനിക സജ്‌ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നു രേഖകളില്‍ കാണിക്കുകയും നടപ്പാക്കാതെ കോര്‍പ്പറേഷനെ കബളിപ്പിക്കുകയും ചെയ്‌ത കടകള്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കേണ്ടെന്ന വാദമാണ്‌ ഇവര്‍ ഉയര്‍ത്തുന്നത്‌. ഇന്നലെ സംഭവസ്‌ഥലം സന്ദര്‍ശിച്ച ചീഫ്‌ സെക്രട്ടറി ജിജി തോംസണിനോട്‌ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ ഇക്കാര്യം വ്യക്‌തമാക്കി.
എന്നാല്‍, മന്ത്രിസഭയാണ്‌ ഇതുസംബന്ധിച്ചു തീരുമാനിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എല്ലാവശങ്ങളും മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൈമടക്ക്‌ കൊടുത്ത്‌ കാര്യം നേടുന്ന പ്രവണതയാണ്‌ ഒരുവിഭാഗം വ്യാപാരികള്‍ക്കുള്ളതെന്ന്‌ ആക്ഷേപമുണ്ട്‌. മുന്‍പ്‌ തീപിടിത്തമുണ്ടായപ്പോള്‍ അടിയന്തര സുരക്ഷാ സംവിധാനം എല്ലാ കടകളിലും ഏര്‍പ്പെടുത്തണമെന്നു നിര്‍ദേശിച്ചിരുന്നെങ്കിലും ഇതു നടപ്പാക്കാന്‍ ഉടമകള്‍ തയാറായില്ല. തീപ്പൊരി വീണാല്‍ പോലും അണയ്‌ക്കാന്‍ ആവശ്യമായ പ്രാഥമിക സൗകര്യം പോലും ഒരുകടയുടമയും ഏര്‍പ്പെടുത്തിയിരുന്നില്ല.
മനപൂര്‍വം അപകടം വരുത്താനുള്ള സാധ്യത തുറന്നിട്ടശേഷം നഷ്‌ടപരിഹാരത്തിനായി ശ്രമിക്കുന്ന പ്രവണത ഏറിവരുന്ന സാഹചര്യമാണ്‌ നിലവിലുള്ളതെന്നാണ്‌ ഉദ്യോഗസ്‌ഥര്‍ പറയുന്നത്‌. പക്ഷേ, ഇതൊന്നും പരിശോധിക്കാന്‍ ഉദ്യോഗസ്‌ഥര്‍ക്കു താല്‍പര്യമില്ലെന്ന ആരോപണവുമുണ്ട്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.