Home » » മാവോയിസ്‌റ്റുകൾ മുഖ്യധാരാ രാഷ്‌ട്രീയപ്രവര്‍ത്തനത്തിനു തയ്യാറെടുക്കുന്നു.

മാവോയിസ്‌റ്റുകൾ മുഖ്യധാരാ രാഷ്‌ട്രീയപ്രവര്‍ത്തനത്തിനു തയ്യാറെടുക്കുന്നു.

Written By Unknown on Friday, 15 May 2015 | 19:47

തൃശൂര്‍ : മാവോയിസ്‌റ്റുകളില്‍ ഒരുവിഭാഗം മുഖ്യധാരാ രാഷ്‌ട്രീയപ്രവര്‍ത്തനത്തിനു തയ്യാറെടുക്കുന്നു. സി.പി.ഐ.(എം.എല്‍) നക്‌സല്‍ബാരി ഗ്രൂപ്പ്‌ മാവോയിസ്‌റ്റുകളുമായി ചേര്‍ന്ന ഘട്ടത്തില്‍ത്തന്നെ ഇത്തരം ചിന്ത ഉരുത്തിരിഞ്ഞിരുന്നുവെന്നാണു വിവരം.
സായുധ ഗറില്ലാസമരം മാത്രമാണു മോചനത്തിനുള്ള മാര്‍ഗം എന്നു കരുതുന്ന തീവ്രവിഭാഗം ഈ ചിന്ത തള്ളി. ചില എം.എല്‍. ഗ്രൂപ്പുകളെപ്പോലെ പാര്‍ലമെന്ററി പാതയിലേക്ക്‌ പോകുകയായിരിക്കും ഇതിന്റെ ഫലമെന്നും വിമര്‍ശനമുയര്‍ന്നു. ഇങ്ങനെ സോഷ്യലിസം കെട്ടിപ്പടുക്കാനാകില്ലെന്നതിനു തെളിവായി നേപ്പാളിലെ അനുഭവം അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, തീവ്രവാദ പ്രവര്‍ത്തനം ജനങ്ങളില്‍നിന്ന്‌ അകലുന്നതിനേ സഹായിക്കൂ എന്ന വിമര്‍ശനം മറുവിഭാഗവും ഉന്നയിച്ചു.
കേരളത്തിലെ അനുഭവങ്ങളില്‍ ഊന്നിയാണു നേതാക്കള്‍ രണ്ടു ചേരിയിലായത്‌. അടിയന്തരാവസ്‌ഥയ്‌ക്കുശേഷം ഉയര്‍ന്നുവന്ന അനുകൂലസാഹചര്യത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന്‌ അന്നത്തെ എം.എല്‍. നേതൃത്വത്തിനു കഴിയാതിരുന്നതും ചര്‍ച്ചയായി.
ചില നേതാക്കളുടെ ഇപ്പോഴുണ്ടായ അറസ്‌റ്റും പാര്‍ട്ടിയിലെ ചിന്താവൈരുധ്യത്തിന്റെ ഫലമാണെന്നാണ്‌ കരുതപ്പെടുന്നത്‌. ഇക്കാര്യത്തില്‍ ദുരൂഹതകളുണ്ടെന്നാണു ചില എം.എല്‍. നേതാക്കളുടെ അഭിപ്രായം. രാജ്യത്തെ കോര്‍പ്പറേറ്റ്‌ മൂലധനതാല്‍പര്യങ്ങള്‍ക്കും വര്‍ഗീയഫാസിസത്തിനും എതിരേ ജനകീയമായ പ്രക്ഷോഭങ്ങളാണ്‌ വേണ്ടതെന്ന മറ്റ്‌ എം.എല്‍. ഗ്രൂപ്പുകളുടെ നിലപാടിനെ പൊതുവായി മാവോയിസ്‌റ്റ്‌ നേതൃത്വത്തില്‍ ഒരുവിഭാഗം ഇതിേനാടകം അംഗീകരിച്ചിട്ടുണ്ട്‌.
ആന്ധ്ര, ബിഹാര്‍, ഛത്തിസ്‌ഗഡ്‌, ജാര്‍ഖണ്ഡ്‌, മധ്യപ്രദേശ്‌, ഒഡീഷ, തെലുങ്കാന, യു.പി., പശ്‌ചിമ ബംഗാള്‍ എന്നീ സംസ്‌ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ചുവന്ന ഇടനാഴിയിലെ സംഘടനാ നേതൃത്വം ഈ ചര്‍ച്ചയ്‌ക്ക്‌ ചെവി കൊടുത്തിട്ടില്ല.
തമിഴ്‌നാട്‌, കര്‍ണാടക, കേരളം, മഹാരാഷ്‌ട്ര എന്നീ സംസ്‌ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ക്കിടയിലാണ്‌ ജനകീയപ്രവര്‍ത്തനത്തിനുള്ള സന്നദ്ധത കൂടുതലുള്ളത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.