Home » » തിരുവഞ്ചൂരിനൊപ്പം വേദി പങ്കിടാൻ സഭാ പരമാദ്ധ്യക്ഷൻ കാതോലിക്കബാവ വിസമ്മതിച്ചു.

തിരുവഞ്ചൂരിനൊപ്പം വേദി പങ്കിടാൻ സഭാ പരമാദ്ധ്യക്ഷൻ കാതോലിക്കബാവ വിസമ്മതിച്ചു.

Written By Unknown on Friday, 15 May 2015 | 19:57

കോട്ടയം: ഓർത്തഡോക്സ് സഭ യു.ഡി.എഫ് വിരുദ്ധ നിലപാട് കടുപ്പിച്ചതിന്റെ തുടർച്ചയായി മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനൊപ്പം വേദി പങ്കിടാൻ സഭാ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കബാവ വിസമ്മതിച്ചു. വേദി പങ്കിടുന്നതിലെ അതൃപ്തി ബാവ പരസ്യമായി പ്രകടിപ്പിച്ചതിനെ തുടർന്ന് തിരുവഞ്ചൂരിന്  പ്രസംഗിക്കാനാവാതെ വേദി വിടേണ്ടി വന്നു.

കോട്ടയത്തിനു സമീപം പള്ളം സെന്റ്പോൾസ് പള്ളിയിൽ മാണി ഗ്രൂപ്പ് കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് പി.സി. ചാണ്ടിയുടെ മകൻ തോമസ് ചാണ്ടി ശെമ്മാച്ചൻ ആകുന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി. തിരുവഞ്ചൂരിന് ക്ഷണമുണ്ടായിരുന്നു. ഇതിനൊപ്പം കാതോലിക്കബാവയുടെ മെത്രാഭിഷേകത്തിന്റെ മുപ്പതാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് ബാവയെ അനുമോദിക്കുന്ന ചടങ്ങുമുണ്ടായിരുന്നു. ഫാദർ എം.പി. ജോർജ് സ്വാഗത പ്രസംഗം നടത്തുമ്പോഴായിരുന്നു തിരുവഞ്ചൂർ കടന്നുവന്നതും വേദിയിൽ കയറി ഇരുന്നതും. സ്വാഗത പ്രസംഗത്തിനു ശേഷം സംസാരിച്ച ബാവ യു.ഡി.എഫിലെ ആറു മന്ത്രിമാരെ ബഹിഷ്കരിക്കാനുള്ള സഭാ സിനഡ് തീരുമാനം നിലനില്ക്കുന്നതിനാൽ മന്ത്രി തിരുവഞ്ചൂരിനൊപ്പം വേദി പങ്കിടാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, രമേശ് ചെന്നിത്തല, കെ. ബാബു, അടൂർ പ്രകാശ്, അനൂപ് ജേക്കബ് എന്നിവരെ ബഹിഷ്കരിക്കാനുള്ള സിനഡ് തീരുമാനം സഭാദ്ധ്യക്ഷനെന്ന നിലയിൽ അംഗീകരിക്കാൻ ബാദ്ധ്യസ്ഥനാണ്. പള്ളിയുമായി ബന്ധപ്പെട്ട ചടങ്ങിന് ക്ഷണിക്കാം. എന്നാൽ സഭയിൽ ഉന്നത സ്ഥാനം വഹിക്കുന്നവർ ഇവർക്കൊപ്പം വേദി പങ്കിടില്ല.

ഓർത്തഡോക്സ് സഭയോട് ഇവർ നീതി പുലർത്താത്തതാണ് ബഹിഷ്കരണത്തിനു കാരണം. ആരോടും വ്യക്തിപരമായ ശത്രുതയില്ല. എന്നാൽ ആശയപരമായ ശത്രുതയുണ്ട്. സർക്കാർ നയം സഭയ്ക്ക് എതിരാണ്. ഈ സർക്കാരിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ല. സഭാ തർക്കത്തിൽ പാത്രിയാർക്കിസ് വിഭാഗത്തോട് ചേ‌ർന്നു നിന്ന് അന്യന്റെ പറമ്പിലെ അതിരുകല്ല് തന്റേതാണെന്ന വാദം ശരിയെന്ന് അംഗീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും  ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. സിനഡ് തീരുമാനം പിൻവലിക്കാത്തിടത്തോളം ഈ മന്ത്രിമാരെ ബഹിഷ്കരിക്കുമെന്നും ബാവ പ്രഖ്യാപിച്ചു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.