Home » » അമ്പിളിയുടെ മൊഴി ശരി.ബാര്‍കോഴ കേസ് നിര്‍ണ്ണായക വഴിത്തിരിവിൽ.

അമ്പിളിയുടെ മൊഴി ശരി.ബാര്‍കോഴ കേസ് നിര്‍ണ്ണായക വഴിത്തിരിവിൽ.

Written By Unknown on Sunday, 24 May 2015 | 11:17

തിരുവനന്തപുരം: കെ.എം മാണിക്ക്‌ കോഴ പണം കൈമാറുന്നത്‌ കണ്ടുവെന്ന ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി ശരിയെന്ന്‌ നുണ പരിശോധനയില്‍ തെളിഞ്ഞു. നുണ പരിശോധന ഫലം ഫോറന്‍സിക്‌ വിഭാഗം കോടതിക്ക്‌ കൈമാറി. മൂന്ന്‌ ഘട്ടമായി കെ.എം മാണിക്ക്‌ കോഴ പണം കൈമാറിയെന്നാണ്‌ ബിജു രമേശിന്റെ ആരോപണം. പാലായിലെ വസതിയിലും തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലും എത്തിയുമാണ്‌ പണം കൈമാറിയത്‌. ഔദ്യോഗിക വസതിയില്‍ വച്ച്‌ പണം കൈമാറിയതിന്റെ ദൃക്‌സാക്ഷിയാണ്‌ അമ്പിളി. 
അമ്പിളി അടക്കം ആറ്‌ പേരുടെ നുണ പരിശോധനയ്‌ക്കാണ്‌ അന്വേഷണ സംഘം സമീപിച്ചത്‌. അമ്പിളിക്ക്‌ പുറമെ ബാറുടമ രാജ്‌കുമാര്‍ ഉണ്ണിയുടെ ബന്ധു ശ്രീവത്സനെയും, നാല്‌ ബാറുടമകളെയുമാണ്‌ നുണ പരിശോധനയ്‌ക്ക് വിധേയരാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്‌. അമ്പിളി ആദ്യ ഘട്ടത്തില്‍ തന്നെ നുണ പരിശോധനയ്‌ക്ക് സന്നദ്ധനാവുകയായിരുന്നു. ഈ മാസം പതിനെട്ടിനാണ്‌ അമ്പിളിയെ നുണ പരിശോധനയ്‌ക്ക് വിധേയനാക്കിയത്‌. ഫോറന്‍സിക്‌ അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ പ്രദീപ്‌ സാജുവിന്റെ നേതൃത്വത്തില്‍ നടന്ന നുണ പരിശോധനയില്‍ അമ്പിളി 49 ചോദ്യങ്ങള്‍ക്കാണ്‌ മറുപടി പറഞ്ഞത്‌.
നുണ പരിശോധനയ്‌ക്ക് വിധേയരാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്ന മറ്റ്‌ അഞ്ച്‌ പേരില്‍ ശ്രീവത്സന്‍ നുണ പരിശോധനയ്‌ക്ക് തയ്യാറാകില്ലെന്ന നിലപാടിലാണ്‌. ബാറുടമകള്‍ നുണ പരിശോധനയ്‌ക്ക് വിധേയരാകുന്നത്‌ സംബന്ധിച്ച്‌ തിങ്കളാഴ്‌ച കോടതിയില്‍ നിലപാട്‌ അറിയിക്കാനിരിക്കെയാണ്‌ അമ്പിളിയുടെ നിര്‍ണ്ണായക മൊഴി ശരിയെന്ന്‌ തെളിഞ്ഞത്‌.
നേരത്തെ ബിജു രമേശിന്റെ വാഹനം മാണിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയതിന്റെ തെളിവുകളും വിജിലന്‍സിന്‌ ലഭിച്ചിരുന്നു. ക്ലിഫ്‌ ഹൗസ്‌ കോമ്പൗണ്ടില്‍ ബിജു രമേശിന്റെ വാഹനം പ്രവേശിച്ചതിന്റെ തെളിവ്‌ മാണിയുടെ ഔദ്യോഗിക വസതിയിലെ വാഹന രജിസ്‌റ്ററില്‍ നിന്നാണ്‌ അന്വേഷണ സംഘത്തിന്‌ ലഭിച്ചത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.