തിരുവനന്തപുരം: കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ച ടി.സിദ്ദിഖിനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ബിന്ദു കൃഷ്ണയ്ക്കു നേരെ വിമർശനങ്ങൾ. ശനിയാഴ്ച രാത്രിയാണ് ബിന്ദു കൃഷ്ണ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഏതൊരു മനുഷ്യന്റെ ജീവിതത്തിലും വിലപ്പെട്ടത് കുടുംബമാണെന്നും അത് സിദ്ദിഖ് എറിഞ്ഞ് ഉടയ്ക്കുകയായിരുന്നു എന്നും ബിന്ദു എഴുതി. മുൻ ഭാര്യയേയും മക്കളെയും പെരുവഴിയിൽ തനിച്ചാക്കി പുതിയ മേച്ചിൽപുറങ്ങൾ സിദ്ദിഖ് തേടിയെന്നും പോസ്റ്റിൽ പറയുന്നു.
ബിന്ദുവിന്റെ പോസ്റ്റ് ഇങ്ങനെ: 'ഇന്ന് രാത്രി ന്യൂസ് അവർ കണ്ട് ഒരു പാട് സങ്കടമുണ്ടായി. എന്താണ് സിദ്ദിഖ് താങ്കളിങ്ങനെ? സിദ്ദിഖിനെപ്പോലെ ഊർജ്ജ്വസ്വലനായ ഒരു പൊതു പ്രവർത്തകനെക്കുറിച്ച് ഈ നാടിന് ഒത്തിരി പ്രതീക്ഷകളുണ്ടായിരുന്നു എന്നത് നിങ്ങൾ തിരിച്ചറിഞ്ഞില്ലേ? വ്യക്തിജീവിതത്തിലും പൊതു ജീവിതത്തിലും സ്ഫടിക ശുദ്ധിയുള്ള നമ്മുടെ നേതാക്കളെ മാത്യകയാക്കിയല്ലേ നമ്മുടെ തലമുറ വളർന്നുവന്നത്. എന്നിട്ടുമെന്തേ സിദ്ദിഖ് ഒരു മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടതായ കുടുംബം നിങ്ങൾ എറിഞ്ഞുടച്ചത്? ഒരു തെറ്റും ചെയ്യാതെ പൊതുപ്രവർത്തകർ ആയതു കൊണ്ടു മാത്രം നമ്മളൊക്കെ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുമ്പോഴും യാതൊരു പരിഭവുമില്ലാതെ സ്വന്തം കർമ്മങ്ങൾ ചെയ്യുന്നവരല്ലേ നമ്മൾ. പിന്നെന്തിനാണ് സ്വന്തം പ്രിയതമയേയും (സ്‌നേഹിച്ച് വിവാഹം കഴിച്ച വരല്ലേ നിങ്ങൾ) പൊന്നുമക്കളേയും പെരുവഴിയിൽ തനിച്ചാക്കി പുതിയ മേച്ചിൽപ്പുറങ്ങൾ തേടാൻ പോയത്? അവിടേയും രണ്ടു പിഞ്ചു കുഞ്ഞുങ്ങൾക്ക് ഉപ്പയെ നഷ്ടപ്പെടുത്തിയില്ലേ. പ്രിയസഹോദരാ എന്ത് നേടി നിങ്ങൾ? നൈമിഷിക സുഖങ്ങൾക്കപ്പുറം കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പങ്ങൾക്കല്ലേ നമ്മൾ നമ്മളെ സമർപ്പിക്കേണ്ടത്? നമ്മുടെ പാർട്ടിയിൽ പോലും ഒരു പാട് അഭിപ്രായ വ്യത്യാസങ്ങൾക്കിടയിൽ നമ്മൾ അഭിപ്രായസമന്വയത്തിലെത്തി മുന്നോട്ട് പോകുന്നുവല്ലോ. എന്നിട്ടുമെന്തേ ആ പൊന്നുമക്കൾക്കു വേണ്ടി ഒന്നും സഹിക്കാൻ തയ്യാറാകാഞ്ഞത്? പിന്നെങ്ങനെയാണ് താങ്കൾ പൊതുകാര്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നത്? നസീമയുമായി പിരിഞ്ഞതിന് ശേഷമുള്ള ഓരോ സംഭവങ്ങളും താങ്കൾക്കു മാത്രമല്ല പാർട്ടി ക്കും നാണക്കേടുണ്ടാക്കി. ഇനിയെങ്കിലും ഇതൊന്നവസാനിപ്പിക്കു..പ്ലീസ്'.








