മലപ്പുറം: യു ഡി എഫ് ഏകോപന സമിതി അടിയന്തര യോഗം ചേരണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു. പാണക്കാട്ട് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗമാണു ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.
കോണ്‍ഗ്രസിനുള്ളിലെ പരസ്യപ്രസ്‌താവനകളുടെ പശ്‌ചാത്തലത്തില്‍ യു ഡി എഫ് മേഖലാ ജാഥകള്‍ ഫലം കാണുമൊയെന്നു മുസ്ലിംലീഗ് സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ യു ഡി എഫ് ഏകോപന സമിതി അടിയന്തര യോഗം ചേരണമെന്ന് ലീഗ് ആവശ്യപ്പെടുകയായിരുന്നു.
കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളോടും കടുത്ത അതൃപ്‌തിയാണു ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്‌ച തന്നെ ഏകോപനസമിതി യോഗം ചേരണമെന്നും ഇതിനുശേഷം ജാഥയുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോയാല്‍ മതിയെന്നുമാണു ലീഗിന്റെ നിലപാട്. യു ഡി എഫ് മധ്യമേഖലാ ജാഥ മാറ്റിവച്ചതില്‍ ലീഗ് മുമ്പുതന്നെ അതൃപ്‌തി അറിയിച്ചിരുന്നു.








