തിരുവനന്തപുരം : ബാര്‍ കോഴ മന്ത്രിമാരായ കെ.എം. മാണിയും , കെ. ബാബുവും കുറ്റക്കാരല്ലെന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. മന്ത്രിമാര്‍ കോഴ വാങ്ങിയതിനു തെളിവുകളില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് നിയമോപദേഷ്‌ടാക്കള്‍ക്കു സമര്‍പ്പിക്കാന്‍ എസ്.പി: ആര്‍. സുകേശന്‍ ഡയറക്‌ടറുടെ അനുമതി തേടി.
നിലവാരമില്ലാത്തതിന്റെ പേരില്‍ പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മന്ത്രി മാണി അഞ്ചുകോടി രൂപ ആവശ്യപ്പെട്ടെന്നായിരുന്നു ബാര്‍ ഉടമകളുടെ വെളിപ്പെടുത്തല്‍. മാണിയുടെ ഔദ്യോഗികവസതിയിലെത്തി 35 ലക്ഷം രൂപ കൈമാറിയെന്നും മന്ത്രിയുടെ വിശ്വസ്‌തന്‍ അതിനു സാക്ഷിയാണെന്നും ബാര്‍ ഉടമ ബിജു രമേശ് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടിലുണ്ട്. ഇതു സാധൂകരിക്കുന്ന തരത്തില്‍ മൊഴി നല്‍കിയ, ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളി കഴിഞ്ഞദിവസം നുണപരിശോധനയ്‌ക്കു വിധേയനാകുകയും ചെയ്‌തു. എന്നാല്‍, സുപ്രീം കോടതി ഉത്തരവുപ്രകാരം നുണപരിശോധനാ റിപ്പോര്‍ട്ട് തെളിവായി അംഗീകരിക്കാനാകില്ലെന്നും എസ്.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
എക്‌സൈസ് ലൈസന്‍സുകള്‍ പുതുക്കാന്‍ മന്ത്രി ബാബു 10 കോടി രൂപ ആവശ്യപ്പെട്ടെന്നായിരുന്നു മറ്റൊരു ആരോപണം. ബാറുകളുടെ പ്രവൃത്തിസമയം കുറച്ചതിനാല്‍ ലൈസന്‍സ് ഫീസ് 30 ലക്ഷത്തില്‍നിന്ന് 25 ലക്ഷമാക്കണമെന്നായിരുന്നു ബാര്‍ ഉടമകളുടെ ആവശ്യം. പിന്നീടിത് 23 ലക്ഷത്തിന് ഉറപ്പിച്ചു. മന്ത്രി ബാബുവിന്റെ ഓഫീസില്‍ എത്തിച്ച കോഴപ്പണം പ്രൈവറ്റ് സെക്രട്ടറി സുരേഷ് പൈ വാങ്ങുകയും പിന്നീടു മന്ത്രിയുടെ കാറില്‍ കൊണ്ടുവയ്‌ക്കുകയുമായിരുന്നെന്നാണു ബിജു രമേശിന്റെ മൊഴി. എന്നാല്‍ ഈ ആരോപണത്തിനു തെളിവില്ലെന്നു വിജിലന്‍സ് കണ്ടെത്തി.








