Home »
News
» ഇന്ത്യന്‍ രൂപയും ഡോളറുമടങ്ങുന്ന 5000 കോടി രൂപ കേരളത്തിലേക്കോ ഡല്‍ഹിയിലേക്കോ?
ഇന്ത്യന്‍ രൂപയും ഡോളറുമടങ്ങുന്ന 5000 കോടി രൂപ കേരളത്തിലേക്കോ ഡല്‍ഹിയിലേക്കോ?
ചെന്നൈ: കപ്പലില്‍ തൂത്തുക്കുടി തുറമുഖത്തേക്ക് 5000 കോടി രൂപ എത്തിയതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് കളക്ടറുടെ നേതൃത്വത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ശനിയാഴ്ച രാത്രി ആരംഭിച്ച പരിശോധന ഞായറാഴ്ചയും തുടര്‍ന്നു. പരിശോധന പൂര്‍ത്തിയാക്കാന്‍ ദിവസങ്ങളെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇന്ത്യന്‍ രൂപയും ഡോളറുമടങ്ങുന്ന പണം കേരളത്തിലേക്കോ ഡല്‍ഹിയിലേക്കോ കൊണ്ടുപോകാനാണെന്നാണ് വിവരം. തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കൊണ്ടുവന്ന പണമാണെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. ഹവാല ഇടപാടായിരിക്കാമെന്നും സൂചനയുണ്ട്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രവീണ്‍കുമാറിന്റെ നിര്‍ദേശ പ്രകാരമാണ് പരിശോധന.
മ്യാന്‍മറില്‍ നിന്നെത്തിയ മൂന്ന് ചരക്കുകപ്പലുകളിലാണ് സംഘം പരിശോധന നടത്തുന്നത്. മെന്റ് ബ്രിക്‌സണ്‍, തെരേസാ അക്വാറിസ് എന്നീ എണ്ണ കയറ്റിവന്ന കപ്പലുകളും മരത്തടിയുമായി എത്തിയ സ്െപ്ലന്‍ഡറുമാണ് സംശയത്തിന്റെ നിഴലിലുള്ളത്.
കപ്പല്‍വഴി പണം കടത്തുന്നവര്‍ സാധാരണ കണ്ടെയ്‌നറാണ് ഉപയോഗിക്കുക. എണ്ണടാങ്കറുകള്‍ ഉപയോഗിക്കാറില്ല. എന്നാല്‍, പോളിത്തീന്‍ ബാഗുകളില്‍ പലതവണ പൊതിഞ്ഞ് ടാങ്കുകളുടെ അടിഭാഗത്ത് സൂക്ഷിച്ചിട്ടുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കപ്പലിനുള്ളിലെ പൂര്‍ണചിത്രം വ്യക്തമാകണമെങ്കില്‍ മൊത്തത്തില്‍ സ്‌കാന്‍ ചെയ്യണം. അതിനുള്ള ആധുനിക സംവിധാനം തമിഴ്‌നാട് കസ്റ്റംസിലില്ല. തമിഴ്‌നാട്ടില്‍ വോട്ടര്‍മാര്‍ക്ക് പണംകൊടുത്ത് സ്വാധീനിക്കുന്നുവെന്ന പരാതികള്‍ വ്യാപകമാണ്. ഇതുവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 13 കോടി രൂപയുടെ കള്ളപ്പണം പിടിച്ചിരുന്നു.