Home » » മനം മടുത്തു സ്വയംവിരമിക്കലിന്‌ ആലോചിച്ചെന്നു വിന്‍സന്‍ എം. പോള്‍

മനം മടുത്തു സ്വയംവിരമിക്കലിന്‌ ആലോചിച്ചെന്നു വിന്‍സന്‍ എം. പോള്‍

Written By Unknown on Wednesday, 26 March 2014 | 02:10

തിരുവനന്തപുരം: മുത്തൂറ്റ്‌ പോള്‍ എം. ജോര്‍ജ്‌ വധക്കേസ്‌ അന്വേഷണത്തിനിടെ എസ്‌ കത്തിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തെത്തുടര്‍ന്നു ജോലിയില്‍നിന്നു സ്വയംവിരമിക്കലിന്‌ ആലോചിച്ചതായി വിജിലന്‍സ്‌ മേധാവിയുടെ ചുമതല വഹിക്കുന്ന എഡിജിപി വിന്‍സന്‍ എം. പോളിന്റെ വെളിപ്പെടുത്തല്‍. വിജിലന്‍സ്‌ മേധാവിയായി ചുമലയേറ്റ ശേഷം വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണു വിന്‍സണ്‍ എം. പോളിന്റെ വിവാദ വെളിപ്പെടുത്തലുണ്‌ടായത്‌.

പോള്‍ ജോര്‍ജ്‌ വധക്കേസ്‌ അന്വേഷണവുമായി ബന്ധപ്പെട്ടു നടത്തിയ പത്രസമ്മേളനത്തില്‍ എസ്‌ കത്തിയുടെ കാര്യം വിവാദമായപ്പോഴാണു സ്വയം വിരമിക്കല്‍ തീരുമാനത്തിലേക്കു മനസു സഞ്ചരിച്ചതെന്ന്‌ എഡിജിപി പറഞ്ഞു. എസ്‌ കത്തിയുമായി ബന്ധപ്പെട്ടുയര്‍ന്ന പലവിധ വ്യാഖ്യാനങ്ങള്‍ മനസു മടുപ്പിച്ചു. ആരുടെയും പ്രേരണയിലായിരുന്നില്ല അന്നു പത്രസമ്മേളനം നടത്തിയത്‌. വസ്‌തുതകള്‍ വിശദീകരിക്കാന്‍ സ്വമേധയാ തീരുമാനിച്ചതായിരുന്നു. വിവാദവുമായി ബന്ധപ്പെട്ടു നിരന്തരം വാര്‍ത്തകള്‍ വന്നതോടെ മനസു മടുത്തിരുന്നു. സര്‍വീസ്‌ അവസാനിപ്പിച്ചു പുറത്തുപോകണമെന്ന്‌ ആഗ്രഹിച്ചു. ദിവസങ്ങളോളം മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും വിന്‍സണ്‍ എം. പോള്‍ പറഞ്ഞു.

എറണാകുളം റേഞ്ച്‌ ഐജിയായിരിക്കേയാണു തന്റെ അധികാരപരിധിയില്‍ പെട്ട ആലപ്പുഴ ജില്ലയില്‍ മുത്തൂറ്റ്‌ പോള്‍ എം. ജോര്‍ജിന്റെ കൊലപാതകം നടക്കുന്നത്‌. ആലപ്പുഴ ജില്ല ഗുണ്‌ടാസംഘങ്ങളുടെ പിടിയില്‍ അകപ്പെട്ടിരിക്കുകയാണെന്നു പത്രങ്ങളില്‍ നിരന്തരം വാര്‍ത്തകള്‍ വന്നിരുന്നു. ഗുണ്‌ടകളെ ഒതുക്കേണ്‌ടതു റേഞ്ച്‌ ഐജിയെന്ന നിലയില്‍ തന്റെ കര്‍ത്തവ്യം ആയിരുന്നതിനാലാണു പ്രവൃത്തിയിലേക്കു കടക്കേണ്‌ടിവന്നതെന്നും എഡിജിപി വിശദീകരിച്ചു.

മുത്തൂറ്റ്‌ പോള്‍ എം. ജോര്‍ജിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്നു പോലീസ്‌ കണെ്‌ടത്തിയ എസ്‌ മോഡല്‍ കത്തി പോലീസ്‌ സംഘം പ്രത്യേകമായി പണിയിച്ചതാണെന്ന കൊല്ലപ്പണിക്കാരന്റെ വിശദീകരണം ഒളികാമറയില്‍ പകര്‍ത്തി ചില ചാനലുകള്‍ സംപ്രേഷണം ചെയ്‌തതോടെയാണു പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഷ്‌പക്ഷത ചോദ്യം ചെയ്യപ്പെട്ടത്‌. പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ പദവി ഒഴിയാന്‍ വിന്‍സന്‍ എം. പോള്‍ തയാറെടുക്കുകയാണെന്നും അന്നു വാര്‍ത്തകള്‍ വന്നിരുന്നു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.