Home » » കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വരുമെന്നും പി.സി.ജോര്‍ജ്ജ്‌

കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വരുമെന്നും പി.സി.ജോര്‍ജ്ജ്‌

Written By Unknown on Tuesday, 25 March 2014 | 18:33

കൊച്ചി: ദേശീയ തലത്തില്‍ യുപിഎ കടുത്ത മത്സരം നേരിടേണ്ടി വരുമെന്നും ശക്തമായ പ്രചരണം നടത്തിയില്ലെങ്കില്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വരുമെന്നും പി.സി.ജോര്‍ജ്ജ്‌ വ്യക്തമാക്കി. എല്ലാ തവണത്തെക്കാളും വ്യത്യസ്തമായി പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ജനം നിര്‍ജ്ജീവമാണെന്നും അദ്ദേഹം എറണാകളം പ്രസ്‌ ക്ലബ്ബിന്റെ നിലപാട്‌ 2014 പരപാടിയില്‍ പറഞ്ഞു. മലയോര മേഖലയില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടു നടപ്പാക്കിയതും, റബ്ബര്‍ വിലയിടിവ്‌ മൂലം കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളും, കടലോരവും കായല്‍ തീരവും സെന്‍സിറ്റീവ്‌ ഏരിയ ആയി പ്രഖ്യപിച്ചതും ഉള്‍പ്പെടെയുള്ള കേന്ദ്ര നയമാണ്‌ ഈ അവസ്ഥക്കു കാരണം. കേന്ദ്ര ഗവണ്‍മെന്റ്‌ കേരളത്തിലുള്ളവരെ മനുഷ്യരായി കാണുന്നില്ല. ചിദംബരത്തിന്റെ വൃത്തികെട്ട നയമാണ്‌ റബ്ബറിന്റെ വിലകുറച്ചത്‌ അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിനു ശേഷം കേന്ദ്ര നയങ്ങള്‍ക്കെതിരെ വളരെ ശക്തമായ പ്രക്ഷോഭം ഉണ്ടാകും.


കേന്ദ്ര മന്ത്രിമാര്‍ക്ക്‌ ഇന്ത്യയില്‍ കേരളം എന്നൊരു സംസ്ഥാനം ഉള്ളതായി അറിയാത്ത രീതിയിലാണ്‌ പ്രവര്‍ത്തനം. എംപി മാര്‍ ആരും തന്നെ അത്‌ മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിക്കുന്നില്ല. കേരളത്തില്‍ എപ്പോഴെങ്കിലും കേന്ദ്രമന്ത്രിമാര്‍ വന്നിട്ടുണ്ടെങ്കില്‍ അത്‌ മറ്റ്‌ വല്ല ആവശ്യങ്ങള്‍ക്കും ആയിരിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തവണ യുഡിഎഫിന്‌ 12 സീറ്റില്‍ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി സീറ്റിന്റെ കാര്യം സംശയമാണ്‌. യുഡിഎഫ്‌ കാര്യമായി സഹായിച്ചാല്‍ മാത്രമെ അവിടെ ഡീന്‍ കുര്യാക്കോസിന്‌ വിജയം നേടാന്‍ കഴിയുകയുള്ളു. എല്ലാ സ്ഥാനാര്‍ത്ഥികളും പൊന്നാണ്‌ എന്ന്‌ പറഞ്ഞിരുന്നെങ്കിലും അതില്‍ ഡീനിനെ പോലെ പൊന്ന്‌ പൂശിയവര്‍ ഉണ്ടാവുമെന്നു കരുതിയിരുന്നില്ല. പി.ടി.തോമസിനെ ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താതിരിക്കേണ്ടത്‌ യുഡിഎഫിന്റെ ആവശ്യമായിരുന്നെങ്കിലും അദ്ദേഹത്തിന്‌ മേറ്റ്വിടെയെങ്കിലും സീറ്റ്‌ കൊടുക്കാമായിരുന്നു. ഡീന്‍ വളരെ ബുദ്ധിമാനായതു കൊണ്ടാണ്‌ ബിഷപ്പിനെ കാണാന്‍ പോയപ്പോള്‍ പത്രക്കാരെയും കൂടെ കൂട്ടിയത്‌. അതൊരു വിവാദമാക്കി പേരെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞെന്നും പിസി പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്തിലുള്ള യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എ.കെ.ആന്റണി കേരളത്തിന്‌ വേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ല. 


മാണിയുടെ അറിവോടു കൂടി തന്നെയാണ്‌ താന്‍ എല്ലാകാര്യങ്ങളും പറയുന്നതെന്നും തന്റെ രാജിഭീഷണിയെല്ലാം രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമായിരുന്നെന്നും ജോര്‍ജ്ജ്‌ പറഞ്ഞു. ഏതൊരു കമ്മ്യൂണിസ്റ്റുകാരന്റെയും ആഗ്രഹമാണ്‌ മരിക്കുമ്പോള്‍ ചുവപ്പു പുതപ്പിച്ച്‌ കിടത്തണമെന്നത്‌. അത്തരം ഒരാഗ്രഹമാകാം കെ. ആര്‍.ഗൗരിയമ്മയും, എം.വി. രാഘവനും തുടക്കം മുതല്‍ ഭാഗമായിരുന്ന യുഡിഎഫ്‌ വിട്ട്‌ എല്‍ഡിഎഫില്‍ ചേക്കേറിയതിന്റെ പിന്നില്‍. ആറന്‍മുള വിമാനത്താവളത്തിന്‌ വ്യക്തിപരമായി താന്‍ എതിരാണെന്നും ജോര്‍ജ്ജ്‌ വ്യക്തമാക്കി. അട്ടയുടെ കണ്ണുകണ്ട ആളാണ്‌ ഉമ്മന്‍ ചാണ്ടി.


മന്ത്രിസഭ പുന:സംഘടന ഉണ്ടാകും എന്നു പറഞ്ഞത്‌ ഷിബു ബേബിജോണിനെ മാറ്റി അസീസിനെ മന്ത്രിയാക്കാനുള്ള നീക്കമാണെന്നും സംശയിക്കുന്നു, പി.സി.ജോര്‍ജ്ജ്‌ അഭിപ്രായപ്പെട്ടു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.