Home » » വനിതാ നേതാവിന്റെ കൊലപാതകം: രണ്ട് യൂത്ത്‌ കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

വനിതാ നേതാവിന്റെ കൊലപാതകം: രണ്ട് യൂത്ത്‌ കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

Written By Unknown on Monday, 31 March 2014 | 05:09

ലത്തൂര്‍ (പൂനെ): യൂത്ത്‌കോണ്‍ഗ്രസ്‌ വനിതാ  നേതാവിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് യൂത്ത്‌കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. ലത്തൂരിലെ യൂത്ത്‌കോണ്‍ഗ്രസ്‌ നേതാവായ കല്പന ഗിരിയാണ് കൊല്ലപ്പെട്ടത്‌. യൂത്ത്‌കോണ്‍ഗ്രസ്‌ ലത്തൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് മഹേന്ദ്ര വിക്രംസിംഗ് ചവാന്‍, ഇയാളുടെ സഹായി സമീര്‍ കില്ലാരിക്കര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും യൂത്ത് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകരാണ്. ഞായറാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇവരെ ഏപ്രില്‍ 8 വരെ പോലീസ്‌ കസ്റ്റഡിയില്‍ റിമാന്‍ഡില്‍ വിട്ടു.

മാര്‍ച്ച്‌ 21 നാണ് അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖിന്റെ മകനും എം.എല്‍.എയുമായ അമിത്‌ ദേശ്മുഖിന്റെ ജന്മദിനാഘോഷ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനായി 26 കാരിയായ യുവതിയെ ചാവാനും, സമീറും ചേര്‍ന്ന് കാറില്‍ കൂട്ടിക്കൊണ്ടുപോയത്. അതിനു ശേഷം യുവതി വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. കാണാനില്ലന്ന പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മാര്‍ച്ച്‌ 23 ന് ലത്തൂരില്‍ നിന്നും 60 കി.മി അകലെ തുല്ജാപൂരിലെ ഒരു തടാകത്തില്‍ കല്പനയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തങ്ങളുടെ മകള്‍ കൊല്ലപ്പെടുന്നതിന് മുന്‍പ്‌ ബലാത്സംഗത്തിനിരയായതായി യുവതിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. അസ്വാഭാവിക മരണത്തിനാണ് പോലീസ്‌ ഇപ്പോള്‍കേസെടുത്തിരിക്കുന്നത്. ബലാത്സംഗത്തിനിരയായിട്ടാണ് യുവതി മരിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നു പോലീസ്‌ പറഞ്ഞു ‌. യുവാക്കളെ വിശദമായി ചോദ്യം ചെയ്താല്‍ മരണത്തിന്റെ ദുരൂഹത വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
മൂവരും ചേര്‍ന്ന് കാറില്‍ പോകുന്നത് ടോള്‍ ബൂത്തിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. കൂടാതെ ചവാന്റെയും, സമീറിന്റെ മൊബൈല്‍ ഫോണുകളും കൊലപാതക നടന്ന സ്ഥലത്തുണ്ടായിരുന്നുവെന്നും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ വ്യക്തമായി. ഇതേത്തുടര്‍ന്നാണ് ഇവരെ അറസ്റ്റ്‌ ചെയ്തത്. അതേസമയം പ്രതികളുടെ രാഷ്ട്രീയ സ്വാധീനം കേസ് അട്ടിമറിക്കുമോയെന്ന ആശങ്ക ശക്തമാണ്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.