Home » » കള്ളക്കടത്തു സംഘത്തലവന്‍ ഫയാസ്‌ ആഭ്യന്തര മന്ത്രി ചെന്നിത്തലയുടെ വിശ്വസ്‌ത സുഹൃത്ത്‌ കെപിസിസി വക്താവ്‌ എം.എം. ഹസനും ബന്ധം

കള്ളക്കടത്തു സംഘത്തലവന്‍ ഫയാസ്‌ ആഭ്യന്തര മന്ത്രി ചെന്നിത്തലയുടെ വിശ്വസ്‌ത സുഹൃത്ത്‌ കെപിസിസി വക്താവ്‌ എം.എം. ഹസനും ബന്ധം

Written By Unknown on Monday, 7 April 2014 | 09:34


തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഘത്തിന്‌ പണം എത്തിച്ചെന്നു ആരോപണ വിധേയനായ അധോലോക-കള്ളക്കടത്തു സംഘത്തലവന്‍ ഫയാസിന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയുമായും കോണ്‍ഗ്ര്‌ വക്താവ്‌ എം.എം. ഹസനുമായും വര്‍ഷങ്ങളായി അടുത്ത ബന്ധമുള്ളതായി പുറത്തു വന്നു. ഇതു തെളിയിക്കുന്ന ദൃശ്യങ്ങള്‍ കൈരളി പീപ്പിള്‍ ടിവി പുറത്തുവിട്ടു. ദുബായില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ എടുത്ത ചിത്രങ്ങളാണ്‌ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്‌. ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല, കോണ്‍ഗ്രസ്‌ വക്താവ്‌ എം എം ഹസ്സന്‍ എന്നിവര്‍ ഫയാസുമായി നിന്നെടുത്ത ചിത്രങ്ങളാണ്‌ പുറത്ത്‌ വന്നത്‌. ചെന്നിത്തലയും ഹസനും ഗള്‍ഫില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ എടുത്ത ഫോട്ടോയാണ്‌ ചാനല്‍ പുറത്തു വിട്ടത്‌.
ഫയാസ്‌ ചെന്നിത്തലയുടെ ഗള്‍ഫിലെ തോഴനാണെന്നും, ഉമ്മന്‍ചാണ്ടിക്ക്‌ ഫയാസിനെ പരിചയപ്പെടുത്തിയത്‌ ചെന്നിത്തലയാണെന്നും കൈരളി പീപ്പിള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഏകദേശം ഒരു ദശാബ്‌ദകാലമായി ഫയാസുമായി ബന്ധമുണ്ടെന്നും പീപ്പിള്‍ ടിവി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഫോട്ടോയുടെ വിശ്വാസ്യത ചാനല്‍ ചര്‍ച്ചയില്‍ രമേശ്‌ ചെന്നിത്തല സ്ഥിരീകരിക്കുകയും ചെയ്‌തു.
ടിപിയുടെ കൊലപാതകത്തിനു പിന്നില്‍ ഭരണപക്ഷത്തെ ചിലരെയടക്കം ബന്ധിപ്പിക്കുന്ന കണ്ണിയാണു ഫയാസെന്ന്‌ എം വാര്‍ത്ത.കോം നേരത്തെ റിപ്പോര്‍ട്ടു ചെയ്‌തിരുന്നു. ഇതു സ്ഥിരീകരിക്കുന്നതാണ്‌ ഇപ്പോള്‍ കൈരളി പീപ്പിള്‍ പുറത്തു വിട്ടിരിക്കുന്ന ഫോട്ടോ. ഒപ്പം നേരത്തെ പുറത്തു വന്ന പല വാര്‍ത്തകളും ഈ ബന്ധത്തിലേക്കു വിരല്‍ ചൂണ്ടുന്നതുമാണ്‌.
ചന്ദ്രശേഖരന്‍ വധക്കേസ്‌ അന്വേഷണ വേളയില്‍ അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും അന്വേഷണ ഉദ്യോഗസ്ഥരും അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തുമ്പോള്‍ അന്നു കെപിസിസി പ്രസിഡണ്ടായിരുന്ന രമേശ്‌ ചെന്നിത്തല കയറിച്ചെന്നത്‌ ഏറെ വിവാദം ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ്‌ ഫയാസ്‌ ജയിലില്‍ പ്രതികളെ സന്ദര്‍ശിച്ചതും. ടിപി വധക്കേസ്‌ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ കൊലയാളി സംഘത്തിന്‌ ഫയാസുമായുള്ള ബന്ധം സംബന്ധിച്ച്‌ ടെലഫോണ്‍ രേഖകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഈ ദിശയില്‍ അന്വേഷണം ഉണ്ടായില്ല. പിന്നീട്‌ ഫയാസ്‌ ജയിലില്‍ പ്രതികളെ സന്ദര്‍ശിച്ച വാര്‍ത്ത വന്നപ്പോളും സര്‍ക്കാര്‍ അനങ്ങിയില്ല. ഏറ്റവും ഒടുവില്‍, ഫയാസും ടിപി വധക്കേസില്‍ ആരോപണ വിധേയനായ മോഹനന്‍ മാസ്‌റ്ററും ഫോണില്‍ സംസാരിച്ചതിന്റെ രേഖകള്‍ സഹിതം വാര്‍ത്ത വന്നപ്പോള്‍ മാത്രമാണ്‌ പൊലീസ്‌ ഇതു സംബന്ധിച്ച അന്വേഷണം ആരംഭിച്ചത്‌. ഈ അന്വേഷണം ഇനിയും എങ്ങുമെത്തിയിട്ടുമില്ല.
രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിയായതിനു ശേഷം ഫസായിനു ജയിലില്‍ ചെയ്‌തു കൊടുത്ത സൗകര്യങ്ങളും വാര്‍ത്തയായതാണ്‌. ജയിലില്‍ ഫയാസിനായി പഞ്ചനക്ഷത്ര സൗകര്യമുള്ള മുറിയാണു ഒരുക്കിക്കൊടുത്തത്‌. ഫയാസിനു ബാഡ്‌മിന്റണ്‍ കളിക്കാനായി ജയിലിലെ അടുക്കള പൊളിച്ച്‌ കോര്‍ട്ട്‌ നിര്‍മിച്ചിരുന്നു. കെട്ടിടം പൊളിക്കും മുമ്പ്‌ പാലിക്കേണ്ട നടപടികളൊന്നും പാലിക്കാതെ ഒരു ദിവസം കൊണ്ടാണ്‌ ഇതു പൊളിച്ചു നിരത്തിയത്‌. ഇതിനെതിരെ ജയിലിലെ ഒരു ഉദ്യോഗസ്ഥന്‍ ജയില്‍ രേഖകളില്‍ കുറിപ്പെഴുതിയതോടെ ബാഡ്‌മിന്റണ്‍ നിര്‍മിച്ചിടത്തു പച്ചക്കറി നട്ട്‌ തടിതപ്പുകയായിരുന്നു. ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡു ചെയ്‌ത്‌ ബലിയാടാക്കി സര്‍ക്കാര്‍ മുഖം രക്ഷിക്കുകയായിരുന്നു.
ഫയാസ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫിസിലെ പതിവു സന്ദര്‍ശകനാണെന്നും ഉമ്മന്‍ചാണ്ടിയുടെ വിദേശ സന്ദര്‍ശനങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത്‌ ഫയാസാണെന്നും യാത്രക്കിടെ ഉമ്മന്‍ചാണ്ടി തലശേരിയില്‍ അരമണിക്കൂറോളം കാത്തു നിന്ന്‌ ഫയാസുമായി കൂടിക്കാഴ്‌ച നടത്തിയതുമെല്ലാം നേരത്തെ എംവാര്‍ത്ത.കോം അടക്കം നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തതാണ്‌.
ഇപ്പോള്‍ ചെന്നിത്തലയും എം.എം. ഹസനുമായുള്ള ബന്ധം കൂടി പുറത്തു വന്നതോടെ ഫയാസിന്‌ കോണ്‍ഗ്രസ്‌ നേതൃത്വവുമായുള്ള ബന്ധം മറനീക്കി പുറത്തു വന്നു. ആരുമായാണ്‌ ഫയാസിന്‌ സത്യത്തില്‍ ബന്ധമുണ്ടായിരുന്നത്‌ എന്നതിന്റെ തെളിവുകളാണ്‌ പുറത്തുവന്നതെന്ന്‌ പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. രമേശ്‌ ചെന്നിത്തല ആഭ്യന്തരമന്ത്രി സ്ഥാനത്ത്‌ നിന്നും മാറി നിന്ന്‌ അന്വേഷണം നേരിടണമെന്നും, ഫയാസിന്റെ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെയുള്ളതെല്ലാം അന്വേഷിക്കണമെന്നും കോടിയേരി പറഞ്ഞു.
ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട്‌ അധോലോക-മാഫിയാ ബന്ധവും ഭരണപക്ഷ ബന്ധവും ചൂണ്ടിക്കാടി എംവാര്‍ത്ത.കോം നേരത്തെ പ്രസിദ്ധീകരിച്ച വാര്‍്‌ത്തകള്‍ക്ക്‌ ചുവടെ കൊടുത്ത ലിങ്കുകള്‍ ക്ലിക്ക്‌ ചെയ്യുക
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.