Home »
News
» വി.എസ് രാജ്യത്തെ സമുന്നതനായ നേതാവാണെന്ന് പിണറായി വിജയൻ.
വി.എസ് രാജ്യത്തെ സമുന്നതനായ നേതാവാണെന്ന് പിണറായി വിജയൻ.
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ സി.പി.ഐ.എമ്മിന്റെ രാജ്യത്തെ സമുന്നതനായ നേതാവാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. വി.എസുമായി ബന്ധപ്പെട്ട യാതൊരു വിഷയങ്ങളും ഇപ്പോൾ ഉയർന്നു വന്നിട്ടില്ലെന്നും പിണറായി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വി.എസ് പാർട്ടിയുടെ ഏത് ഘട്ടത്തിൽ ഇരിക്കുന്നു എന്നത് പ്രശ്നമല്ല. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓരോ ഘട്ടത്തിൽ ഓരോ കാര്യങ്ങൾ ചർച്ച ചെയ്യും. വി.എസുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒരു ചർച്ചയും പാർട്ടിയുടെ മുന്പിൽ ഇല്ല. മുന്പ് വി.എസ് വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ടാകാം. അത് അവിടെ ചർച്ച ചെയ്തു തീർത്തതാണ്. ഇപ്പോൾ വി.എസ് പാർട്ടിയുടെ നിലപാടുകൾക്കൊപ്പം ഉറച്ചു നിൽക്കുന്നു. അങ്ങനെയുള്ള അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കാനാണ് ശ്രമം നടക്കുന്നത്. അതിനെ പാർട്ടി പ്രതിരോധിക്കുകയാണെന്നും പിണറായി പറഞ്ഞു. സി.പി.എമ്മിന്റേത് എല്ലാവരും യോജിച്ചുള്ള സംവിധാനമാണ്. പാർട്ടിയെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവർ ആ നിലപാടുകൾ ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹ കൂട്ടിച്ചേർത്തു.
ഹൈക്കോടതി ജഡ്ജിയെ തരംതാണ രീതിയിൽ ചിത്രീകരിക്കുന്ന നിലപാടാണ് മന്ത്രിമാരും ചില കോൺഗ്രസ് നേതാക്കളും സ്വീകരിക്കുന്നത്. വസ്തുതകൾ വിലയിരുത്തിയാണ് ജഡ്ജി നിലപാടുകൾ സ്വീകരിക്കുന്നത്. കോടതി നിലപാട് അനുകൂലമാകുന്പോൾ ന്യായീകരിക്കുകയും മോശമായാൽ ജഡ്ജിയെ മോശമായി ചിത്രീകരിക്കുന്നതും ശരിയല്ല. മുന്പ് സരിതയുടെ കേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കിയുപ്പോൾ കോൺഗ്രസുകാർക്ക് എന്തൊരു സന്തോഷമായിരുന്നു എന്നും പിണറായി ചോദിച്ചു.
ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ സി.ബി.ഐ അന്വേഷണവുമായി ബന്ധപ്പെട്ട കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി നടത്തിയ പ്രസ്താവന സി.ബി.ഐയ്ക്കു മേൽ തങ്ങൾക്ക് രാഷ്ട്രീയ സ്വാധീനം ഉണ്ടെന്ന് വ്യക്തമാക്കുന്നതാണെന്നും പിണറായി പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ ഏതെങ്കിലും വിഭാഗം എൽ.ഡി.എഫിന് എതിരാണെന്ന് കരുതുന്നില്ല. യു.ഡി.എഫിനെ, പ്രത്യേകിച്ചും കോൺഗ്രസിനെ ജനങ്ങൾ കൈയൊഴിഞ്ഞു. അതിനാൽ തന്നെ എൽ.ഡി.എഫിന് പിന്തുണ വർദ്ധിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ ഒരിടത്തും കോൺഗ്രസ് സ്ഥാനാർത്ഥികൾ ജയിക്കാൻ പോകുന്നില്ല. ചരിത്രത്തിലെ തന്നെ കനത്ത പരാജയമാണ് അവർ ഏറ്റുവാങ്ങാൻ പോകുന്നത്.
എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്നത് പുതിയ കാര്യമല്ല. തിരുവനന്തപുരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബെന്നറ്റ് എബ്രഹാം വിദ്യാഭ്യാസ കച്ചവടക്കാരനല്ല. അദ്ദേഹത്തെ കുറിച്ച് ആന്റണി നടത്തിയ പ്രസ്താവന ശുദ്ധ അസംബന്ധമാണ്. പഴയ യൂത്ത് കോൺഗ്രസ് പ്രസിഡന്റിന്റെ ശൈലിയിലാവാം ആന്റണി അങ്ങനെ പറഞ്ഞതെന്നും പിണറായി വിശദീകരിച്ചു.
ആർ.എസ്.പി ദേശീയ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന് സമചിത്തത തെറ്റിയിരിക്കുകയാണ്. യു.ഡി.എഫിൽ സീറ്റ് ഉറപ്പിച്ച ശേഷമാണ് ആർ.എസ്.പി ഇടതുമുന്നണിയുമായി ചർച്ചയ്ക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് സർവേകൾ കോർപ്പറേറ്റുകളുടെ കർസേവയാണ് ചെയ്യുന്നത്. ആരാണോ അവരെ ഈ ജോലി ഏല്പിക്കുന്നത് അതിന് ഫലം ഉണ്ടാക്കി കൊടുക്കുകയാണ് ചെയ്യുന്നത്. സർവേകള്‍ക്ക് യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലെന്നും പിണറായി പറഞ്ഞു.