Home » » ബസ്ചാര്‍ജ് മിനിമം 7 രൂപയാക്കി വര്‍ധിപ്പിച്ചു

ബസ്ചാര്‍ജ് മിനിമം 7 രൂപയാക്കി വര്‍ധിപ്പിച്ചു

Written By Unknown on Wednesday, 14 May 2014 | 07:03

തിരുവനന്തപുരം: ബസ്ചാര്‍ജ് മിനിമം 7 രൂപയാക്കി വര്‍ധിപ്പിച്ചു. ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാര്‍ജില്‍ രണ്ട് രൂപയും വര്‍ദ്ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഓര്‍ഡിനറി ബസുകളുടെ ചാര്‍ജ് ഒരു രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. അതേസമയം വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കേണ്ടതില്ലെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശയനുസരിച്ചാണ് ചാര്‍ജ് വര്‍ധന. കമ്മീഷന്‍ റിപ്പോര്‍ട്ട് ആധാരമാക്കി ഗതാഗത വകുപ്പ് തയ്യാറാക്കിയ ശുപാര്‍ശകളാണ് മന്ത്രിസഭ പരിഗണിച്ചത്. ഓര്‍ഡിനറി ബസ്സിന്റെ മിനിമം ചാര്‍ജ്ജ് ഒരു രൂപയും ഫാസ്റ്റ് പാസഞ്ചറിന്റേത് രണ്ടു രൂപയും സൂപ്പര്‍ ഫാസ്റ്റിന്റേത് മൂന്നു രൂപയും വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശയാണ് ഗതാഗത വകുപ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്. ഇതു പ്രകാരമുള്ള പുതിയ ബസ് ചാര്‍ജ്ജ് നേരത്തെ തന്നെ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളത് നിയമക്കുരുക്കിന് കാരണമാകുമെന്ന് നിയമ വകുപ്പ് ചൂണ്ടിക്കാട്ടിയതോടെ പ്രഖ്യാപനം നീട്ടിവെയ്ക്കുകയായിരുന്നു. ഓര്‍ഡിനറി, സിറ്റി ഫാസ്റ്റ് ബസ്സുകളുടേത് 6ല്‍ നിന്ന് 7 രൂപയായും ഫാസ്റ്റ് പാസഞ്ചറിന്റേത് 8ല്‍ നിന്ന് 10 രൂപയായും സൂപ്പര്‍ ഫാസ്റ്റുകളുടേത് 12ല്‍ നിന്ന് 13 രൂപയായും മിനിമം ചാര്‍ജ്ജ് വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. സൂപ്പര്‍ എക്‌സ്പ്രസ്സുകളുടേത് 17ല്‍ നിന്ന് 20 രൂപയും സൂപ്പര്‍ ഡിലക്‌സുകളുടേത് 25ല്‍ നിന്ന് 28 രൂപയും ആയി ഉയര്‍ത്തുമ്പോള്‍ ഹൈടെക് എ.സി., വോള്‍വോ ബസ്സുകളുടേത് 35ല്‍ നിന്ന് 40 രൂപയായി മിനിമം ചാര്‍ജ്ജ് ഉയരും. അതേസമയം മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണമെന്നാണ് സ്വകാര്യ ബസ്സുടമകള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. കിലോമീറ്റര്‍ നിരക്ക് ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് 5 പൈസയുടേയും ഫാസ്റ്റ് സര്‍വീസിന് 8 പൈസയുടേയും വര്‍ധന വരുത്താനാണ് ശുപാര്‍ശ. ഇതു പ്രകാരം കിലോമീറ്റര്‍ നിരക്ക് ഓര്‍ഡിനറി 58ല്‍ നിന്ന് 63 പൈസയായും സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ എന്നിവയുടേത് 62ല്‍ നിന്ന് 70 പൈസയായും സൂപ്പര്‍ ഫാസ്റ്റ് 65ല്‍ നിന്ന് 75 പൈസയായും സൂപ്പര്‍ എക്‌സ്പ്രസ് 70ല്‍ നിന്ന് 80 പൈസയായും സൂപ്പര്‍ ഡീലക്‌സ് 1 രൂപയില്‍ നിന്ന് 1.20 രൂപയായും ഹൈടെക് എ.സി., വോള്‍വോ എന്നിവയുടേത് 1.20 രൂപയില്‍ നിന്ന് 1.50 രൂപയായും വര്‍ധിപ്പിക്കും. ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ 90 ശതമാനം നിര്‍ദ്ദേശങ്ങളും പുതിയ നിരക്കു വര്‍ധന ശുപാര്‍ശയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2012 സെപ്റ്റംബര്‍ 11നാണ് ഏറ്റവുമൊടുവില്‍ ബസ് ചാര്‍ജ്ജ് കൂട്ടിയത്. അതിനു ശേഷം ഡീസല്‍ വില പല തവണ കൂടിയിനാല്‍ നിരക്കുവര്‍ധന വേണമെന്ന് കെ.എസ്.ആര്‍.ടി.സി. ആവശ്യപ്പെട്ടിരുന്നു. അനിശ്ചിതകാല സമര പ്രഖ്യാപനവുമായി സ്വകാര്യ ബസ്സുടമകളും രംഗത്തെത്തിയതോടെയാണ് ബസ് ചാര്‍ജ്ജ് കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.