അമ്പലപ്പുഴ: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബാംഗ്ലൂരിലേക്ക് കടത്താന്‍ ശ്രമിച്ച നാലംഗസംഘത്തെ പോലീസ് പിടികൂടി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13 വാര്‍ഡില്‍ കാക്കാഴം തോപ്പില്‍ ഷഹനാസ് (19) ആലപ്പുഴ സക്കറിയ ബസാറില്‍ ഷിഫാസ്(20) അമ്പലപ്പുഴ സിവില്‍ സ്റ്റേഷന്‍ വാര്‍ഡില്‍ ബിലാല്‍(21) പുന്നപ്ര വടക്ക് പഞ്ചായത്ത് 11ാം വാര്‍ഡില്‍ കല്ലുപുരക്കല്‍ സഞ്ജു സോമന്‍(19) എന്നിവരെയാണ് പുന്നപ്ര പോലീസ് പിടികൂടിയത്.
ഷഹനാസ് നിരവധി നാളുകളായി പ്രണയാഭ്യര്‍ത്ഥനയുമായി പെണ്‍കുട്ടിയെ ശല്യം ചെയ്തുവരികയായിരുന്നു. ഒടുവില്‍ ശല്യം സഹിക്കാനാവാതെ പെണ്‍കുട്ടി മാതാവിന്റെ കുടുംബവീട്ടിലേക്കു താമസം മാറ്റി. കഴിഞ്ഞദിവസം വൈകുന്നേരം കാറിലെത്തിയ യുവാക്കള്‍ പെണ്‍കുട്ടിയുടെ മാതാവിന് മുമ്പില്‍ വച്ചുതന്നെ പെണ്‍കുട്ടിയെ വലിച്ചിഴച്ച് കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ കൂട്ടത്തിലെ ഒരു യുവാവിന് കാറില്‍ കയറാന്‍ കഴിഞ്ഞില്ല. മാതാവിന്റെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ തടഞ്ഞുവച്ച ശേഷം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സൈബര്‍ പോലീസിന്റെ സഹായത്തോടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മറ്റുപ്രതികളെ രാത്രി പത്തരയോടെ തിരുവമ്പാടിയില്‍ വച്ച് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ ബാംഗ്ലൂരിലേക്ക് കടത്താനായിരുന്നു പദ്ധതിയെന്നു യുവാക്കള്‍ സമ്മതിച്ചു. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.








