കൊല്ലം: കൊല്ലത്ത് ഓപ്പറേഷന്‍ കുബേര ബ്‌ളേഡ്-പോലീസ് കൂട്ടുകെട്ടില്‍ അട്ടിമറിക്കുന്നുവെന്ന് ആരോപണം. ബ്‌ളേഡ് മാഫിയക്കെതിരെ പരാതിപ്പെട്ടയാളെ സിഐ അപമാനിച്ചെന്ന് പരാതി. ജില്ലയില്‍ കൊള്ളപ്പലിശക്കാര്‍ക്കെതിരായ പരാതികള്‍ ദുര്‍ബല വകുപ്പുകള്‍ ചുമത്തി പോലീസ് ഒതുക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്. ബ്ലേഡ് മാഫിയയുടെ കെണിയില്‍ കുടുങ്ങി ജീവിതം നശിച്ചവര്‍ക്ക് ആശ്വാസം പകരുന്നതായിരുന്നു ഓപ്പറേഷന്‍ കുബേര. ആത്മഹത്യയുടെ വക്കോളമെത്തിയ കുടുംബങ്ങള്‍ക്ക് ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന് ഓപ്പറേഷന്‍ കുബേര വഴിയൊരുക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി. കൊള്ളപ്പലിശ പിടുങ്ങി തഴച്ചു വളര്‍ന്ന കുബേരന്‍മാരുടെ വേരറുക്കാന്‍ അവസരം കിട്ടിയിട്ടും നമ്മുടെ പോലീസുകാര്‍ ചെയ്യുന്നത് മറ്റൊന്നാണ്. ബ്ലേഡുകാര്‍ക്കെതിരെ പരാതിയുമായെത്തിയ തനിക്ക് അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍പെക്ടറില്‍ നിന്നും നേരിടേണ്ടി വന്ന അനുഭവമാണ് കുട്ടപ്പന്‍ വിവരിച്ചത്. മകന്റെ ബിസിനസ്സിന് വേണ്ടി പലിശയ്ക്ക് പണം വാങ്ങി ഒടുവില്‍ സ്വത്ത് മുഴുവന്‍ ബ്ലേഡുകാര്‍ കൈക്കലാക്കിയ കഥയാണ് അഞ്ചല്‍ നെടിയറ സ്വദേശിയും വിമുക്ത ഭടനുമായ കുട്ടപ്പനും കുടുംബത്തിനും പറയാനുള്ളത്. ഉണ്ടായിരുന്ന വീടും വസ്തുവും പലിശക്കാര്‍ കൊണ്ടുപോയതോടെ രോഗിയായ ഭാര്യയെയും കൂട്ടി വാടകവീട്ടിലേക്ക് മാറാന്‍ ഇദ്ദേഹം നിര്‍ബന്ധിതനായി. അഞ്ചല്‍ സ്വദേശി ആര്‍.എസ്.ശ്യാംകുമാര്‍ എന്നയാള്‍ക്കെതിരെയാണ് ഈ കുടുംബം പോലീസിനെ സമീപിച്ചത്. തങ്ങള്‍ക്കുണ്ടായിരുന്നത് മുഴുവന്‍ ഇയാള്‍ തട്ടിയെടുത്തതായി ഇവര്‍ പറയുന്നു. അഞ്ചല്‍ ആലഞ്ചേരി സ്വദേശിയായ പൊന്നമ്മയുടെ സാഹചര്യം ഇതിലും ദയനീയമാണ്. ബ്ലേഡുകാര്‍ക്കെതിരെ താന്‍ നല്‍കിയ പരാതി അന്വേഷിക്കാനെത്തുന്ന പോലീസുകാരെയാണ് ഇവരും കുടുംബവും ഇപ്പോള്‍ ഏറ്റവുമധികം ഭയക്കുന്നത്. മകനെടുത്ത പണം തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിന് വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം ബ്ലേഡ് മാഫിയ വിച്ഛേദിച്ചതിനെതിരെയാണ് ഇവര്‍ പരാതി നല്‍കിയത്. അഞ്ചലിലെ പ്രമുഖ പണമിടപാട് സ്ഥാപനമായ ശ്രീകൃഷ്ണ ഗ്രൂപ്പിനെതിരെയായിരുന്നു ഇവരുടെ പരാതി. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി നടത്തിയ അദാലത്തില്‍ ഇവര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ശ്രീകൃഷ്ണ ഗ്രൂപ്പ് ഉടമ റജിത്തിനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി ഉടന്‍ തന്നെ ജാമ്യം ലഭിക്കുന്നതിന് സൗകര്യമൊരുക്കിയതായും ആക്ഷേപമുണ്ട്. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ ബ്ലേഡ് മാഫിയയെ പോലീസ് വഴി വിട്ട് സഹായിക്കുന്നതായുള്ള ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. പോലീസ് – ബ്ലേഡ് മാഫിയ കൂട്ട്‌കെട്ടിനെ ഭയന്നാണ് പലരും ഇത്രനാളും നിശബ്ദത പാലിച്ചത്. ഇപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറായവര്‍ പോലും വരാനിരിക്കുന്ന ഭീഷണികളെയും പ്രതികാര നടപടികളെപ്പറ്റിയും ആശങ്കാകുലരാണ്








