തിരുവനന്തപുരം: ടെലിവിഷന്‍ അവതാരക ശ്രീജ നായര്‍ ആത്മഹത്യയ്‌ക്കു ശ്രമിച്ചതായി റിപ്പോര്‍ട്ട്. ആത്മഹത്യയ്‌ക്കു ശ്രമിച്ച നിലയില്‍ കണ്ടെത്തിയ ശ്രീജയെ സുഹൃത്തുകള്‍ സമീപത്തെ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചെന്നും സ്‌ഥിതി ഗുരുതരമായതിനെത്തുടര്‍ന്നു നെയ്യാറ്റിന്‍കരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാെണന്നുമാണു റിപ്പോര്‍ട്ട്. ശ്രീജയുടെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്നു ശ്രീജയുടെ ഫേസ്‌ബുക്ക് പേജിലൂടെ സുഹൃത്ത് ജിജിമോള്‍ അറിയിച്ചു. ആശുപത്രിയില്‍നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
സൂര്യാ ടിവിയിലെ അവതാരകയായിരുന്ന ശ്രീജ കുറച്ചുനാളായി അവതാരകരംഗത്തുനിന്നു വിട്ടുനില്‍ക്കുകയായിരുന്നു. ഫേസ്‌ബുക്കില്‍ സജീവമായിരുന്ന ശ്രീജ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. കുറച്ചു ദിവസങ്ങളായി ഫേസ്‌ബുക്കില്‍ ഇട്ടിരുന്ന പോസ്‌റ്റുകളില്‍ മരണത്തെക്കുറിച്ചും സങ്കടകരമായ ജീവിതത്തേക്കുറിച്ചുമുള്ള സൂചനകള്‍ ഉണ്ടായിരുന്നു.
അമ്മേ..എന്റെ ഹൃദയം അതികഠിനമായ ദുഃഖത്താല്‍ വേദനിക്കുന്നു. മുന്നോട്ടുള്ള അതികഠിനമായ വഴികളില്‍ കാലിടറുന്നു. ജീവിതത്തിലും മരണത്തിലും എനിക്കു തുണയായി ഇരിക്കേണമേ എന്ന അപേക്ഷയോടൊപ്പം കന്യാമറിയത്തിന്റെ ചിത്രമായിരുന്നു അവസാനമായി ശ്രീജ പോസ്‌റ്റ് ചെയ്‌തിരുന്നത്.







