Home » » മലയാളി താരം സി എസ് സബിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ജയം സ്വന്തമാക്കി.

മലയാളി താരം സി എസ് സബിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ജയം സ്വന്തമാക്കി.

Written By Unknown on Thursday, 30 October 2014 | 17:50

പൂനെ: മലയാളി താരം സി എസ് സബിത്ത് ലക്ഷ്യം കണ്ടപ്പോള്‍, ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ജയം സ്വന്തമാക്കി. പൂനെ സിറ്റി എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചത്. പൂനെയുടെ ആശ്വാസഗോള്‍ ഇറ്റാലിയന്‍ താരം ഡേവിഡ് ട്രെസഗെയുടെ വകയായിരുന്നു. സമനിലയിലേക്ക് നീങ്ങുകയായിരുന്ന മല്‍സരത്തില്‍ ഓര്‍ജി നേടിയ ഗോളാണ് കേരള ബ്ലാസ്റ്റേഴ്സിന് ജയമൊരുക്കിയത്.

പതിനഞ്ചാം മിനിട്ടില്‍ ജോണ്‍ ഗൂസണ്‍സിന്റെ മനോഹരമായ പാസ് ലക്ഷ്യത്തിലെത്തിച്ചാണ് ഡേവിഡ് ട്രെസഗെ പൂനെ എഫ്‌സിയെ മുന്നിലെത്തിച്ചത്. പതിഞ്ഞതാളത്തില്‍ തുടങ്ങിയ കളിയില്‍ പുനെ എഫ്‌സി മേധാവിത്വം പുലര്‍ത്താന്‍ ട്രെസഗെയുടെ ഗോള്‍ സഹായിച്ചു. ഇതിനിടയില്‍ ചില അവസരങ്ങള്‍ അവര്‍ സൃഷ്ടിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം കുലുങ്ങിയില്ല. മുപ്പത്തിയേഴാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്സ് താരം ഇയാന്‍ ഹ്യൂമിന്റെ ഫ്രീകിക്ക് ക്രോസ് ബാറിന് മുകളിലൂടെ പോയി. 

നാല്‍പ്പത്തിയൊന്നാം മിനുട്ടിലാണ് കേരളം കാത്തിരുന്ന ഗോള്‍ പിറന്നത്. സെഡ്രിക് ഹെംഗ്ബര്‍ട്ടിന്റെ പാസില്‍നിന്ന് സബിത്ത് ലക്ഷ്യം കാണുമ്പോള്‍ മല്‍സരത്തിലേക്കുള്ള ശക്തമായ തിരിച്ചുവരവ് കൂടിയായിരുന്നു അത്. തുടര്‍ന്ന് ഹ്യൂമും സബിത്തും സന്ദേശുമൊക്കെ എതിര്‍ഗോള്‍മുഖത്ത് നിരന്തരം ഭീഷണി ഉയര്‍ത്തി. ഇതിന്റെ ഫലമായാണ് മല്‍സരത്തിന്റെ ഗതി നിര്‍ണയിച്ച ഗോള്‍ പിറന്നത്. അറുപത്തിയഞ്ചാം മിനിട്ടില്‍ വലത് വിംഗില്‍നിന്ന് ഇയന്‍ ഹ്യൂം നല്‍കിയ ഒന്നാന്തരം പാസ് തകര്‍പ്പനൊരു ഷോട്ടിലൂടെ പെന്‍ ഓര്‍ജി പോസ്റ്റിന്റെ വലത് മൂലയില്‍ എത്തിച്ചപ്പോള്‍ പൂനെ ഗോളി കാഴ്ചക്കാരന്‍ മാത്രമായിരുന്നു. മല്‍സരത്തിലേക്ക് തിരിച്ചുവരാന്‍ പൂനെ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഈ ദിവസം കേരള ബ്ലാസ്റ്റേഴ്സിനൊപ്പമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മല്‍സരത്തിന് ലോംഗ് വിസില്‍ മുഴങ്ങിയത്. 

ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് നാല് മല്‍സരങ്ങളില്‍നിന്ന് നാലു പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. നാല് മല്‍സരങ്ങളില്‍നിന്ന് നാല് പോയിന്റുള്ള പൂനെ ആറാം സ്ഥാനത്താണ്. ഗോള്‍ ശരാശരിയിലാണ് പൂനെ എഫ്‌സി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. നേരത്തെ നോര്‍ത്ത് ഈസ്റ്റ് എഫ്‌സിയോടും ചെന്നൈയിന്‍ എഫ്‌സിയോടും തോറ്റ കേരള ബ്ലാസ്റ്റേഴ്സ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുമായി സമനിലയില്‍ പിരിയുകയായിരുന്നു.  നവംബര്‍ രണ്ടിന് മുംബൈയില്‍വെച്ച് മുംബൈ സിറ്റി എഫ്‌സിയ്ക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മല്‍സരം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.