Home » » ദേശീയപാത: തീരുമാനം ബി.ഓ.ടി ലോബിയെ സഹായിക്കാന്‍,-ഹാഷിം ചേന്നാമ്പിളളി

ദേശീയപാത: തീരുമാനം ബി.ഓ.ടി ലോബിയെ സഹായിക്കാന്‍,-ഹാഷിം ചേന്നാമ്പിളളി

Written By Unknown on Thursday, 30 October 2014 | 17:25


ദേശീയപാത 45 മീറ്റര്‍ വീതിയില്‍ ബി.ഓ.ടി.ടോള്‍ രീതിയില്‍ തന്നെ വികസിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അപ്രായോഗീകവും വികസന വിരുദ്ധവും ബി.ഓ.ടി ലോബിയെ സഹായിക്കുന്നതിന്‌ വേണ്ടി മാത്രവുമാണ്‌. ചുരുങ്ങിയത്‌ അരഡസന്‍ പ്രാവശ്യമെങ്കിലും ഇത്തരത്തില്‍ തീരുമാനിക്കുകയും ഭൂമിയേറ്റെടുക്കാന്‍ പോലീസ്‌ ബലപ്രയോഗമടക്കമുളള നടപടികള്‍ പ്രയോഗിക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ വന്‍തോതില്‍ കുടിയൊഴിപ്പിക്കല്‍, ബി.ഓ.ടി., ടോള്‍ എന്നീ വ്യവസ്ഥകളോടുളള ജനങ്ങളുടെ എതിര്‍പ്പുമൂലം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ദേശീയപാത അതോറിറ്റി നാല്‍പ്പത്തിയഞ്ചുമീറ്റര്‍ പദ്ധതിയില്‍ നിന്ന്‌ പിന്മാറിയതായി കേന്ദ്രഗസറ്റില്‍ പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്‌. നടപ്പാക്കാനാവില്ലെന്ന്‌ പലവട്ടം തെളിഞ്ഞിട്ടുളള പദ്ധതി വീണ്ടും അടിച്ചേല്‍പ്പിക്കുവാനുളള ശ്രമം കേരളത്തിലെ ദേശീയപാതകളുടെ വികസനം വീണ്ടും പതിറ്റാണ്ടുകള്‍ താമസിപ്പിക്കുവാന്‍ മാത്രമേ ഉപകരിക്കൂ. ഇത്‌ ബി.ഓ.ടി ലോബിയെ സഹായിക്കുവാനുളള നീക്കമായേ കാണാനാവൂ.


ഭൂമിക്ക്‌ മാര്‍ക്കറ്റ്‌ വില നല്‍കുമെന്നും അധികബാദ്ധ്യത സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കുമെന്നുമുളള മുഖ്യമന്ത്രിയുടെ പ്രസ്‌താവന ഒന്നുകില്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊളളാതെയോ അല്ലെങ്കില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ ബി.ഓ.ടി കമ്പനികള്‍ക്ക്‌ വേണ്ടി ഭൂമി പിടിച്ചെടുക്കുവാനുളള നീക്കമായോ കാണേണ്ടിവരും. കാരണം 45 മീറ്റര്‍ പദ്ധതിക്ക്‌ ആവശ്യമായത്‌ നാലായിരം ഏക്കര്‍ ഭൂമിയാണ്‌. ഏറെ കമ്പോളവിലയുളള ഹൈവെ ഓരത്തുളള ഈ ഭൂമിക്ക്‌ സെന്റിന്‌ 5 ലക്ഷം രൂപ എന്ന കുറഞ്ഞ വില നിശ്ചയിച്ചാല്‍ പോലും 20,000 കോടിരൂപ നഷ്‌ടപരിഹാരമായി കണ്ടെത്തേണ്ടിവരും. യഥാര്‍ത്ഥ കമ്പോളവിലയെന്ന മുഖ്യമന്ത്രിയുടെ വാക്ക്‌ നടപ്പാകണമെങ്കില്‍ അരലക്ഷം കോടിയിലധികം രൂപ വേണ്ടിവരും. കേന്ദ്രം നിലവില്‍ നീക്കിവച്ചിട്ടുളളതാകട്ടെ മൂവായിരം കോടിയില്‍ താഴെ മാത്രവും. കെട്ടിടനഷ്‌ടപരിഹാരവും മറ്റ്‌ ആനുകൂല്യങ്ങളുമടക്കം അനേകായിരം കോടിരൂപ നഷ്‌ടപരിഹാരം നല്‍കാനായി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തുമെന്നത്‌ ഒരു കുഞ്ഞുപോലും വിശ്വസിക്കില്ല. മാത്രമല്ല ഇത്രയും തുകയുണ്ടെങ്കില്‍ കൈവശമുളള മുപ്പത്‌ മീറ്ററില്‍ 6 വരി പാതയും മുകളിലൂടെ എലിവേറ്റഡ്‌ റോഡും സംസ്ഥാന സര്‍ക്കാരിന്‌ തന്നെ നിര്‍മ്മിക്കാനാകും.

ഇനിയും പതിറ്റാണ്ടുകള്‍ പാഴാക്കാതെ കൈവശമുളള 30 മീറ്ററില്‍ സര്‍ക്കാര്‍ മുന്‍പ്‌ പ്രഖ്യാപിച്ചതുപോലെ 6 വരിപ്പാത നിര്‍മ്മിക്കുക എന്നതുമാത്രമാണ്‌ ജനകീയപരിഹാരം. ഇത്‌ തിരിച്ചറിഞ്ഞ്‌ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആര്‍ജ്ജവം കാണിച്ചില്ലെങ്കില്‍ കോര്‍പ്പറേറ്റ്‌ കുഴലൂത്ത്‌ നടത്തി ജനങ്ങളെ മറന്ന യു.പി.എ.ക്കും കോണ്‍ഗ്രസ്സിനും കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ നല്‍കിയ കനത്ത തിരിച്ചടി കേരളത്തിലും ആവര്‍ത്തിക്കും.

കേന്ദ്രനയമാണ്‌, മാറ്റാനാവില്ല എന്ന്‌ ആണയിട്ട്‌ മുഖ്യമന്ത്രി പറഞ്ഞതിന്റെ പിറ്റേദിവസം തന്നെയാണ്‌ തിരുവനന്തപുരത്തെ കരമന മുതല്‍ കളിച്ചിക്കാവിളവരെയുളള ദേശീയപാത 30 മീറ്റര്‍ വീതിയില്‍ 6 വരിയായി നിര്‍മ്മിക്കുന്നതിന്റെ ഉദ്‌ഘാടനം അദ്ദേഹം തന്നെ നിര്‍വ്വഹിച്ചത്‌ എന്നത്‌ ഇക്കാര്യത്തിലുളള സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്‌ വെളിവാക്കുന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതുമാണ്‌.

ഈ പ്രശ്‌നത്തെ ഭൂമിയേറ്റെടുക്കലിന്റെയും വീതിയുടെയും മാത്രം തര്‍ക്കമാക്കി മാറ്റാന്‍ ആസൂത്രിതമായ ശ്രമം തുടക്കം മുതല്‍ ഉണ്ട്‌. എന്നാല്‍ സമരരംഗത്തുളള ഇരകളടക്കമുളള എല്ലാ സംഘടനകളും ഉന്നയിക്കുന്ന റോഡ്‌ സ്വകാര്യവത്‌ക്കരണം, ഭീമമായ ടോള്‍, ബി.ഓ.ടി യിലെ കടുത്തജനവിരുദ്ധവ്യവസ്ഥകള്‍ എന്നിവ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വന്‍തിരിച്ചടി ഉണ്ടാക്കുന്നതാണ്‌. പദ്ധതി നടപ്പായി കഴിഞ്ഞാല്‍ കാറുകള്‍ 1 രൂപ, സിസാന്‍/ടെമ്പോ 1.90രൂപ, ബസ്‌/ലോറി-3.50രൂപ, മറ്റ്‌ വാഹനങ്ങള്‍-5.50രൂപ എന്നീ നിരക്കില്‍ ഓരോ കീലോമീറ്ററിനും കമ്പനിക്ക്‌ ടോള്‍ കൊടുക്കേണ്ടി വരും. അതായത്‌ 100 കിലോമീറ്റര്‍ ഒരു ദിശയിലേക്ക്‌ സഞ്ചരിക്കാന്‍ മാത്രം മേല്‍പറഞ്ഞ വാഹനങ്ങള്‍ യഥാക്രമം 100രൂപ, 190രൂപ, 350രൂപ, 550രൂപ എന്നീ നിരക്കുകളില്‍ ചുങ്കം നല്‍കിയാലെ യാത്ര സാധ്യമാകൂ എന്നര്‍ത്ഥം. ഇത്‌ ഒരേസമയം കേരളത്തിലെ ജനങ്ങളുടെ സമ്പത്ത്‌ ചോര്‍ത്തുന്നതും കോര്‍പ്പറേറ്റ്‌ ബി.ഓ.ടി കുത്തകകളെ തഴച്ച്‌ വളരാന്‍ സൗകര്യമൊരുക്കുന്നതുമാണ്‌.
അഴിമതിക്കും കോര്‍പ്പറേറ്റുകളുടെ ചൂഷണത്തിനും എതിരെയാണ്‌ തങ്ങളുടെ
നിലപാട്‌ എന്ന്‌ ആണയിടുന്നവരും പൊതുമേഖലകളെയടക്കം സ്വാകര്യവത്‌ക്കരിക്കുന്ന ഉദാരവല്‍ക്കരണനയത്തിനെതിരെ ശക്തമായി സമരം ചെയ്യുമെന്ന്‌ പ്രഖ്യാപിക്കുന്നവരുമായ എല്ലാ മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട്‌ പിന്തിരിപ്പനും ചൂഷകപക്ഷത്തെ സഹായിക്കുന്നതുമാണെന്ന്‌ പറയാതെ വയ്യ. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളിലെയും ചില നേതാക്കളും പ്രാദേശീക പ്രവര്‍ത്തകരും സമരത്തെ സഹായിക്കുന്നുണ്ടെന്നത്‌ വിസ്‌മരിക്കുന്നില്ല. 
 
ബി.ഓ.ടി വ്യവസ്ഥയ്‌ക്കും ടോളിനും എതിരെ പാലിയേക്കരയില്‍ സമരത്തിന്‌ നേതൃപരമായ പങ്ക്‌ വഹിക്കുകയും ശോഭാ സുരേന്ദ്രനടക്കം സംസ്ഥാനനേതാക്കള്‍ക്ക്‌ വരെ ക്രൂരമായ ലാത്തിയടി ഏല്‍ക്കേണ്ടിവരികയും ചെയ്‌തിട്ടുളള ബി.ജെ.പി. ഭരണം ലഭിച്ചയുടന്‍ നിലപാട്‌ മാറ്റി കേന്ദ്രമന്ത്രിയെ നേരിട്ട്‌ കണ്ട്‌ ബി.ഓ.ടി പദ്ധതിക്കുവേണ്ടി ശുപാര്‍ശ ചെയ്‌തത്‌ കാണുമ്പോള്‍ ഓന്ത്‌ പോലും നാണിച്ചു പോകുന്നു. എല്ലാവരും തക്കവും തഞ്ചവും നോക്കി സ്വന്തം നിലപാടുകളില്‍ വെളളം ചേര്‍ക്കുമ്പോഴും സമരരംഗത്തുളള എല്ലാ സംഘടനകളും തുടക്കം മുതല്‍ ഒരേ നിലപാട്‌ തന്നെ ഉയര്‍ത്തിപ്പിടിക്കുന്നു. 30 മീറ്ററില്‍ കൈവശമുളള സ്ഥലത്ത്‌ ബി.ഓ.ടിയും ടോളുമില്ലാതെ അടിയന്തിരമായി 6 വരിപ്പാത നിര്‍മ്മിക്കുക എന്നതാണ്‌ അത്‌. അതുമാത്രമാണ്‌ പ്രായോഗീകമായ ജനപക്ഷനിലപാട്‌ എന്ന്‌ പറയാതെ വയ്യ.

ദേശീയപാത സംരക്ഷണസമിതി
സംസ്ഥാന കണ്‍വീനറാ
ണ്‌ ലേഖകന്‍
ഫോണ്‍: 9495559055
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.