Home » » കോഴവിവാദത്തിന്റെ ഗൂഢാലോചനയന്വേഷിക്കാന്‍ കേരളാ കോണ്‍ഗ്രസ്‌ (എം) നിയോഗിച്ച സമിതിയും വിവാദത്തില്‍.

കോഴവിവാദത്തിന്റെ ഗൂഢാലോചനയന്വേഷിക്കാന്‍ കേരളാ കോണ്‍ഗ്രസ്‌ (എം) നിയോഗിച്ച സമിതിയും വിവാദത്തില്‍.

Written By Unknown on Saturday, 8 November 2014 | 17:15

കോട്ടയം: പാര്‍ട്ടി ലീഡര്‍ കെ.എം. മാണിക്കെതിരേ ഉയര്‍ന്ന കോഴവിവാദത്തിന്റെ ഗൂഢാലോചനയന്വേഷിക്കാന്‍ കേരളാ കോണ്‍ഗ്രസ്‌ (എം) നിയോഗിച്ച സമിതിയും വിവാദത്തില്‍. സി.എഫ്‌. തോമസ്‌ എം.എല്‍.എ. അധ്യക്ഷനായി രൂപീകരിച്ച ഏഴംഗസമിതിയില്‍നിന്നു പി.സി. ജോര്‍ജിനെ ഒഴിവാക്കിയതാണു വിവാദകാരണം.
മാണിക്കെതിരേ ആരോപണമുയര്‍ന്നപ്പോള്‍ ആദ്യം പരസ്യമായി രംഗത്തെത്തിയതു ജോര്‍ജാണ്‌. കോണ്‍ഗ്രസിലെ എ വിഭാഗവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമാണ്‌ ആരോപണത്തിനു പിന്നിലെന്നു ജോര്‍ജ്‌ തുറന്നടിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയും വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പി.ജെ. ജോസഫും അതു തള്ളി.
തിരുവനന്തപുരത്തു ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാരസമിതിയിലും ജോര്‍ജ്‌ ആരോപണം ആവര്‍ത്തിച്ചെങ്കിലും നേതൃത്വം അംഗീകരിച്ചില്ല. കോഴവിവാദത്തില്‍ മാണിയെ സംരക്ഷിക്കുന്ന സമീപനമാണ്‌ ഉമ്മന്‍ ചാണ്ടിയും വി.എം. സുധീരനും സ്വീകരിച്ചതെന്നും അതിനാല്‍ കോണ്‍ഗ്രസുമായി നല്ല ബന്ധം തുടരണമെന്നുമുള്ള അഭിപ്രായത്തിനാണു പാര്‍ട്ടിയില്‍ മുന്‍തൂക്കം. ജോര്‍ജിനെ അന്വേഷണസമിതിയില്‍ ഉള്‍പ്പെടുത്തിയാല്‍ കോണ്‍ഗ്രസിനെതിരേ വീണ്ടും പ്രകോപനപരമായ നിലപാടുമായി രംഗത്തെത്തുമെന്ന ആശങ്കയാണ്‌ അദ്ദേഹത്തെ സമിതിയില്‍നിന്ന്‌ ഒഴിവാക്കാനുള്ള പ്രേരണ. ഇതിനിടെ, കോഴയാരോപണമുന്നയിച്ച ബിജു രമേശുമായി ജോര്‍ജ്‌ ചര്‍ച്ച നടത്തിയിരുന്നെന്നു ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതും പാര്‍ട്ടിയില്‍ നീരസത്തിനിടയാക്കി.
കോട്ടയത്ത്‌ 21-നു ചേരുന്ന ഉന്നതാധികാരസമിതി യോഗത്തിനു മുമ്പ്‌ പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട്‌ പുറത്തുവിടുമെന്നാണു സൂചന. ബാറുകള്‍ പൂട്ടിയതുമൂലം ബിസിനസ്‌ നഷ്‌ടപ്പെട്ട ഉടമകളുടെ ഗൂഢാലോചനയാണ്‌ ആരോപണത്തിനു പിന്നിലെന്ന നിലപാടാകും സമിതിയുടേത്‌. എന്നാല്‍, രാഷ്‌ട്രീയഗൂഢാലോചനയെന്ന ആരോപണത്തില്‍ കടിച്ചുതൂങ്ങില്ല. സി.എഫ്‌. തോമസിനു പുറമേ ജോയി ഏബ്രഹാം എം.പി, ടി.എസ്‌. ജോണ്‍, ഫ്രാന്‍സിസ്‌ ജോര്‍ജ്‌, പി.ടി. ജോസ്‌, ആന്റണി രാജു, അറയ്‌ക്കല്‍ ബാലകൃഷ്‌ണപിള്ള എന്നിവരാണു സമിതിയംഗങ്ങള്‍.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.