തിരുവനന്തപുരം: ബാര്‍ കോഴയാരോപണം ഉന്നയിച്ചതിന്റെ പേരില്‍ തന്നെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ മന്ത്രി കെ.എം. മാണിയെ താനും തകര്‍ക്കുമെന്നു ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. ബിജു രമേശ്. മാണിയുടെ സാമ്പത്തികസ്രോതസുകള്‍ തനിക്കു കൃത്യമായറിയാം. നിരവധി സ്‌ഥലത്ത് അദ്ദേഹത്തിനു നിക്ഷേപമുണ്ട്. കേരളത്തിലും പുറത്തും ബിസിനസുള്ള എനിക്ക് ഒരുരൂപയുടെ നഷ്‌ടമുണ്ടായാല്‍, തിരികെ രണ്ടുരൂപയുടെ നഷ്‌ടമുണ്ടാക്കാന്‍ എനിക്കു കഴിയും. ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട- ചാനല്‍ അഭിമുഖത്തില്‍ ബിജു രമേശ് തുറന്നടിച്ചു.
വിജിലന്‍സില്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്കു വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങളില്‍നിന്നു താന്‍ പിന്നോട്ടുപോയെന്നു പ്രചരിപ്പിച്ച് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതു വിജിലന്‍സാണെന്നു ബിജു കുറ്റപ്പെടുത്തി. പറഞ്ഞതില്‍ പലതും രേഖപ്പെടുത്താന്‍ വിജിലന്‍സ് തയാറായില്ല. അതുകൊണ്ടുതന്നെ അവരില്‍ വിശ്വാസമില്ല. 12 പേജ് മൊഴിയാണു നല്‍കിയത്. സി.ബി.ഐ. അന്വേഷണത്തിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുന്‍കൈയെടുക്കണം. അല്ലെങ്കില്‍ സി.ബി.ഐ. അന്വേഷണത്തിനായി നില്‍ക്കുന്നവര്‍ക്കൊപ്പം താനുമുണ്ടാകുമെന്നു ബിജു പറഞ്ഞു.
അതേസമയം, അന്വേഷണസംഘത്തിനെതിരേ ബിജു ആരോപണമുന്നയിച്ച സാഹചര്യത്തില്‍, കാമറയ്‌ക്കു മുന്നില്‍ രഹസ്യമായി രേഖപ്പെടുത്തിയ മൊഴി പരിശോധിക്കാനും അന്വേഷണപുരോഗതി വിലയിരുത്താനുമായി വിജിലന്‍സ് ഡയറക്‌ടര്‍ വിന്‍സന്‍ എം. പോള്‍ നാളെ ഉന്നതതലയോഗം വിളിച്ചു. പഴുതുകളില്ലാതെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകണമെന്നും ബാഹ്യഇടപെടലുകള്‍ അനുവദിക്കരുതെന്നും അദ്ദേഹം ദക്ഷിണമേഖലാ എസ്.പി: എം. രാജ്‌മോഹനനു നിര്‍ദേശം നല്‍കി.

.jpg)






