Home » » സിഎംപി നേതാവും മുന്‍ സഹകരണ മന്ത്രിയുമായ എം.വി രാഘവന്‍ അന്തരിച്ചു.

സിഎംപി നേതാവും മുന്‍ സഹകരണ മന്ത്രിയുമായ എം.വി രാഘവന്‍ അന്തരിച്ചു.

Written By Unknown on Sunday, 9 November 2014 | 01:50


കണ്ണൂര്‍ : സിഎംപി നേതാവും മുന്‍ സഹകരണ മന്ത്രിയുമായ എം.വി രാഘവന്‍ അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ ഇന്ന്‌ രാവിലെ 8.30 ന്‌ കണ്ണൂര്‍ പരിയാരം സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി മറവി രോഗത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ 11 ന്‌ കണ്ണൂര്‍ പയ്യാമ്പലത്ത്‌. ഇന്ന്‌ വൈകിട്ട്‌ നാലുമണിവരെ പരിയാരം മെഡിക്കല്‍ കോളജില്‍ മൃതദേഹം പൊതു ദര്‍ശനത്തിന്‌ വെക്കും. തുടര്‍ന്ന്‌ പറശ്ശിനിക്കടവ്‌ വിഷചികിത്സാ കേന്ദ്രത്തിലും നാളെ രാവിലെ എട്ടു മണി മുതല്‍ സിഎംപി ഓഫീസിലും മൃതദേഹം പൊതു ദര്‍ശനത്തിനുവെക്കും.

കണ്ണൂരിന്റെ പടക്കുതിര, ഗര്‍ജ്‌ജിക്കുന്ന സിംഹം എന്നീ വിശേഷണങ്ങള്‍ക്ക്‌ ഉടമയായിരുന്നു മേലേത്തു വീട്ടില്‍ രാഘവന്‍ എന്ന എംവിആര്‍. സി.വി. ജാനകിയാണ്‌ ഭാര്യ. മക്കള്‍: എം.വി. ഗിരിജ (അര്‍ബന്‍ ബാങ്ക്‌), എം.വി. ഗിരീഷ്‌ കുമാര്‍(പിടിഐ, തിരുവനന്തപുരം), എം.വി. രാജേഷ്‌, എം.വി. നികേഷ്‌ കുമാര്‍ (റിപ്പോര്‍ട്ടര്‍ ടിവി). മരുമക്കള്‍: റിട്ട. പ്രഫ. ഇ. കുഞ്ഞിരാമന്‍, ജ്യോതി (പെന്‍ഷന്‍ ബോര്‍ഡ്‌ പിആര്‍ഒ), പ്രിയ, റാണി (റിപ്പോര്‍ട്ടര്‍ ടിവി).

 കണ്ണൂര്‍ പാപ്പിനിശേറി മേലേത്ത് വീട്ടില്‍ ശങ്കരന്‍ നമ്പ്യാരുടേയും തമ്പായിയുടേയും മകനായി 1933 മേയ് അഞ്ചിനാണ് എംവിആറിന്റെ ജനനം. 15ാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. 1964ല്‍ സിപിഐ പിളര്‍ന്നു സിപിഎം രൂപംകൊണ്ടപ്പോള്‍ സിപിഎമ്മില്‍ ചേര്‍ന്നു. 1970ലാണ് ആദ്യമായി നിയമസഭയിലേക്കു മത്സരിക്കുന്നത്. മാടായി മണ്ഡലത്തില്‍നിന്ന് അന്നു തെരഞ്ഞടെുക്കപ്പെട്ടു. പിന്നീട് 1977ലും 1980ലും 1982ലും തളിപ്പറമ്പ്, കൂത്തുപറമ്പ്, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍നിന്നു വിജയിച്ചു. ബദല്‍രേഖയുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്നു സിപിഎം പാര്‍ട്ടി നടപടിക്കു വിധേയനായി 1986 ജൂണ്‍ 23ന് അദ്ദേഹം പാര്‍ട്ടിക്കു പുറത്തായി. തൊട്ടടുത്ത മാസം തന്നെ സിഎംപി എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. യുഡിഎഫില്‍ എംഎല്‍എയും മന്ത്രിയുമൊക്കെയായി. അവസാന കാലത്ത് യുഡിഎഫുമായി ചില ഭിന്നതയും എംവിആറിന്റെ ഭാഗത്തുനിന്നുണ്ടായി.
പരിയാരം മെഡിക്കല്‍ കോളേജിന്റെ സ്‌ഥാപക ചെയര്‍മാനാണ്‌.1993ല്‍ കെ. കരുണാകരന്‍ മന്ത്രിസഭയുടെ കാലത്താണ്‌ എം.വി. രാഘവന്‍ മുന്‍കൈ എടുത്ത്‌ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രി രൂപീകരിച്ചത്‌. മാടായി(1970), തളിപ്പറമ്പ്‌(1977), കൂത്തുപറമ്പ്‌(1980), പയ്യന്നൂര്‍(1982), അഴീക്കോട്‌(1987), കഴക്കൂട്ടം(1991), തിരുവനന്തപുരം വെസ്‌റ്റ്(2001) എന്നീ നിയോജകമണ്ഡലങ്ങളെ അദ്ദേഹം നിയമസഭയില്‍ പ്രധിനിധീകരിച്ചിട്ടുണ്ട്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.