എം.വി.ആര്‍ എന്ന മൂന്നക്ഷരം നെഞ്ചുറപ്പിന്റെ പ്രതീകമായിരുന്നു. പതിനാറാം വയസിലാണ് അദ്ദേഹം സി.പി.എമ്മിലേക്ക് കടന്നുവരുന്നത്. എ.കെ.ജിയുടെ പ്രിയ ശിഷ്യനായാണ് അദ്ദേഹം രാഷ്‌ട്രീയം തുടങ്ങുന്നത്. പിന്നീട് ബദല്‍ രേഖയുടെ പേരില്‍ സി.പി.എമ്മില്‍ നിന്ന് പുറത്തായപ്പോഴും അദ്ദേഹത്തെ തളര്‍ത്താന്‍ രാഷ്‌ട്രീയ പ്രതിയോഗികള്‍ക്കായില്ല.
1960കളുടെ മധ്യത്തോടെ എം.വി.ആര്‍ കണ്ണൂര്‍ രാഷ്‌ട്രീയത്തിലെ അതികായനായി മാറി. കുറിക്കുകൊള്ളുന്ന പ്രസംഗ ശൈലിയും അതുല്യമായ സംഘടനാപാടവവുമാണ് എം.വി രാഘവനെ സി.പി.എമ്മിലെ ജനപ്രിയ നേതാവാക്കി മാറ്റിയത്. എം.വി.ആര്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് സി.പി.എം മലബാറില്‍ വേരുറപ്പിച്ചത്. നക്‌സല്‍ പ്രസ്‌ഥാനങ്ങളിലേക്ക് യുവാക്കള്‍ ആകര്‍ഷിക്കപ്പെടുന്ന രാഷ്‌ട്രീയ കാലാവസ്‌ഥയില്‍ യുവാക്കളെ ഇടത് ചേരിയില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതില്‍ എം.വി.ആര്‍ വഹിച്ച പങ്ക് ചെറുതല്ല. രാജ്യത്തെ കമ്മ്യൂണിസ്‌റ്റ് പ്രസ്‌ഥാനം രണ്ടായി പിളര്‍ന്നപ്പോള്‍ നേതാക്കളില്‍ ഭൂരിപക്ഷവും സി.പി.ഐയില്‍ നിലയുറപ്പിച്ചു. എന്നാല്‍ യുവാക്കള്‍ ഉള്‍പ്പെടെ അണികളില്‍ ഭൂരിപക്ഷത്തേയും സി.പി.എമ്മിനോട് ചേര്‍ത്ത് നിര്‍ത്തിയത് എം.വി.ആര്‍ എന്ന നേതാവിന്റെ ജനപ്രിയതയായിരുന്നു.
1980-കളോടെ എം.വി.ആര്‍ പാര്‍ട്ടി നയങ്ങളെ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശിച്ചുതുടങ്ങി. 1985ല്‍ ബദല്‍ രേഖ അവതരിപ്പിച്ചതിന്റെ പേരില്‍ 1986 ജൂണ്‍ 23 അദ്ദേഹം സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടു. കോണ്‍ഗ്രസിനെ നേരിടാന്‍ കേരള കോണ്‍ഗ്രസിനെയും മുസ്ലീം ലീഗിനെയും ഇടതുമുന്നണിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബദല്‍ രേഖ. എന്നാല്‍ എ.കെ.ജിക്ക് ഒപ്പം നില്‍ക്കുകയും ഇ.എം.എസിനെ വിമര്‍ശിക്കുകയും ചെയ്‌തതിന്റെ പേരിലാണ് താന്‍ വിമര്‍ശിക്കപ്പെട്ടതെന്ന് അദ്ദേഹം എക്കാലത്തും വിശ്വസിച്ച് പോന്നു.
തുടര്‍ന്ന് 1986 ജൂലൈ 27-ന് അദ്ദേഹം സി.എം.പി രൂപീകരിച്ചു. താന്‍ കൂടി ചേര്‍ന്ന് കെട്ടിപ്പെടുത്ത സി.പി.എമ്മിന്റെ കരുത്തുറ്റ സംഘടനാ സംവിധാനത്തോട് ഏറ്റുമുട്ടി സി.എം.പി എന്ന പ്രസ്‌ഥാനത്തെ വളര്‍ത്തിയത് എം.വി.ആറിന്റെ നിശ്‌ചയദാര്‍ഢ്യമാണ്. സി.പി.എമ്മിലെ അക്കാലത്തെ പുതുതലമുറ നേതക്കളായ സി.പി ജോണ്‍, കെ.ആര്‍ അരവിന്ദാക്ഷന്‍ തുടങ്ങിയ നേതാക്കളും മുതിര്‍ന്ന നേതാക്കളില്‍ ചിലരും എം.വി.ആറിനൊപ്പം സി.എം.പിയില്‍ അണിനിരന്നു. പിന്നീട് കണ്ണൂര്‍ രാഷ്‌ട്രീയം എം.വി.ആറും സി.പി.എമ്മും എന്ന നിലയിലേക്ക് മാറുന്നതിനും ചരിത്രം സാക്ഷ്യം വഹിച്ചു.
എം.വി.ആറും സി.പി.എമ്മുമായുള്ള ഏറ്റുമുട്ടലിന്റെ ബാക്കിപത്രമാണ് കൂത്തുപറമ്പ് വെടിവയ്‌പ്പ്. സ്വാശ്രയ കോളജിനെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ സമരത്തിനെതിരെ ഉണ്ടായ വെടിവയ്‌പ്പ് എം.വി.ആറിന്റെ രാഷ്‌ട്രീയ ജീവിതത്തില്‍ കരിനിഴല്‍ വീഴ്‌ത്തി. കൂത്തുപറമ്പ് സംഭവത്തില്‍ കെ.കെ രാജീവന്‍, കെ. ബാബു, മധു, കെ.വി റോഷന്‍, ഷിബുലാല്‍ എന്നീ യുവാക്കള്‍ മരിച്ചു. അദ്ദേഹത്തെ ഏറെക്കാലം രാഷ്‌ട്രീയമായി വേട്ടയാടിയ സംഭവമായി കൂത്തുപറമ്പ് സംഭവം മാറി.
അവസാന കാലത്ത് രാഷ്‌ട്രീയ വൈരം മറന്ന് സി.പി.എമ്മിലേക്ക് മടങ്ങണമെന്നും ഇടത് ചേരികള്‍ ഒന്നിക്കണമെന്നും എം.വി.ആര്‍ ആഗ്രഹിച്ചിരുന്നു. ഈ ആഗ്രഹം സഫലീകരിക്കാനാകാതെയാണ് എം.വി.ആര്‍ എന്ന അതികായന്‍ പയ്യാമ്പലത്തെ ചരിത്രം ഉറങ്ങുന്ന മണ്ണിലേക്ക് ചേരുന്നത്.







