തിരുവനന്തപുരം : തിരുവനന്തപുരത്ത് സമാപിച്ച 58-ാമത് സംസ്‌ഥാന സ്‌കൂള്‍ കായിക മേളയില്‍ എറണാകുളം ജില്ല കിരീടം നിലനിര്‍ത്തി. 289 പോയിന്റ് നേടിയാണ് എറണാകുളം കിരീടം നിലനിര്‍ത്തിയത്. കോതമംഗലം സെന്റ് ജോര്‍ജിന്റെയും മാര്‍ ബേസിലിന്റെയും മെഡല്‍ നേട്ടത്തിന്റെ മികവിലാണ് എറണാകുളം ജില്ല ഓവറോള്‍ കിരീടം നിലനിര്‍ത്തിയത്. പോയിന്റ് പട്ടികയില്‍ 196 പോയിന്റുമായി പാലക്കാട് രണ്ടാം സ്‌ഥാനം നേടി. 156 പോയിന്റുമായി കോഴിക്കോടാണ് മൂന്നാം സ്‌ഥാനത്ത്.
സ്‌കൂളുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ കോതമംഗലം സെന്റ് ജോര്‍ജ് ചാമ്പ്യന്മാരായി. ഒരു പോയിന്റ് വ്യത്യാസത്തിലാണ് സെന്റ് ജോര്‍ജ് കിരീടം നിലനിര്‍ത്തിയത്. 83 പോയിന്റോടെ സെന്റ് ജോര്‍ജ് കിരീടം നേടിയപ്പോള്‍ 82 പോയിന്റുകളുമായി മാര്‍ ബേസിലിന് രണ്ടാം സ്‌ഥാനംകൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. ഇത് ഒന്‍പതാം തവണയാണ് സെന്റ് ജോര്‍ജ് കിരീടം നേടുന്നത്. വിജയം ദൈവത്തിന് സമര്‍പ്പിക്കുന്നുവെന്നും നാഡ വന്നാല്‍ സെന്റ് ജോര്‍ജ് പരാജയപ്പെടുമെന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള തിരിച്ചടിയാണ് ഈ ചാമ്പ്യന്‍ഷിപ്പെന്ന് സ്‌ക്കൂള്‍ കായിക പരിശീലകന്‍ രാജു പോള്‍ പ്രതികരിച്ചു.
സ്‌കൂളുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ 75 പോയിന്റ് നേടിയ പറളി സ്‌കൂളാണ് മൂന്നാം സ്‌ഥാനത്ത്. കായിക മേളയുടെ ആദ്യ മൂന്ന് ദിനങ്ങളില്‍ പറളി സ്‌കൂളും മാര്‍ ബേസിലും തമ്മിലായിരുന്നു കിരീടപ്പോരാട്ടം. എന്നാല്‍ അവസാന ദിവസം സെന്റ് ജോര്‍ജിന്റെ താരങ്ങള്‍ നടത്തിയ മുന്നേറ്റമാണ് അവരെ മുന്നിലെത്തിച്ചത്. ഒടുവില്‍ പോരാട്ടം എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ തമ്മിലായപ്പോള്‍ പറളി സ്‌കൂളിന് മൂന്നാം സ്‌ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു.








