തിരുവനന്തപുരം; ഇന്ത്യയില്‍ ആണവോര്‍ജ്ജ പദ്ധതികള്‍ ഉപേക്ഷിക്കേണ്ടി വരുമെന്ന കേന്ദ്ര ഊര്‍ജ്ജ മന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവന ആത്മാര്‍ത്ഥയില്ലാത്തതാണെന്നും അത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണെന്ന് കൂടം കുളം ആണവ വിരുദ്ധ സമര നേതാവ് എസ്.പി ഉദയകുമാര്‍ പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനക്കു ശേഷവും റഷ്യയുമായി പുതിയ ആണവ റിയാക്ടറുകളുടെ കരാറിനൊരുങ്ഹുകയാണ് സര്‍ക്കാര്‍. പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സത്യഗ്രഹ സമരത്തിന്റെ 10ാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിന് ശേഷം നരേന്ദ്ര മോദി അദാനിയേയും കൂട്ടി ക്യൂന്‍സ് ലാന്റില്‍ കല്‍ക്കരി പാടത്തിന്റെ കരാര്‍ ഉറപ്പിക്കാന്‍ പോയത് കോര്‍പ്പറേറ്റ് താത്പര്യം സംരക്ഷിക്കാനാണ്. അദാനിയുടെ കല്‍ക്കരി വ്യവസായത്തിന് ലാഭം കിട്ടാന്‍ വേണ്ടിയാണ് ബി.ജെ.പി സര്‍ക്കാര്‍ മലക്കം മറിഞ്ഞത്. പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരങ്ങളെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഇല്ലാതാക്കാമെന്ന് സര്‍ക്കാര്‍ വ്യാമോഹിക്കുകായാണ്. ആണവവിരുദ്ധ സമരം രാജ്യവ്യാപകമാക്കാന്‍ കന്യാകുമാരി മുതല്‍ ആസാം വരെ പ്രക്ഷോഭ യാത്ര സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന ആവശ്യം അറ് സംസ്ഥാനങ്ങളുടെ നിലനില്‍പിന്റെ ആവശ്യമാണ്. പശ്ചിമഘട്ട മലനിരകളുടെ പരിസ്ഥിതി പ്രാധാന്യം എന്തെന്നു തിരിച്ചറിയാന്‍ സര്‍ക്കാര്‍ തയ്യാറാകണം
സമരസംഘാടക സമിതി ചെയര്‍മാന്‍ ആര്‍.അജയന്‍ അദ്ധ്യക്ഷത വഹിച്ചു. എം.ജി സന്തോഷ്‌കുമാര്‍ സ്വാഗതം പറഞ്ഞു. കെ.എസ്.ഹരിഹരന്‍ (ആര്‍.എം.പി), എസ്. ബാബുജി (ക്വാറി ക്രഷര്‍ ഏകോപന സമിതി കണ്‍വീനര്‍), എം.വി ജയഘോഷ് (സി.പി.ഐ (എം.എല്‍)) കരുണാകരന്‍ പിള്ള (ശാസ്താംകോട്ട തടാക സംരക്ഷണ സമിതി), കെ.സജീദ് (വെല്‍ഫയര്‍ പാര്‍ട്ടി) ആര്‍ ബിജു (എസ്.യു.സി.ഐ) , കുടവട്ടൂര്‍ വിശ്വന്‍. എ.എ കബീര്‍, കെ.വി പത്മന്‍, ആര്‍ സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.പത്താംദിവസത്തെ സത്യാഗ്രഹത്തില്‍ കൊല്ലം ജില്ലയില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകരാണ് പങ്കെടുത്തത്, ഡിസം 14 രാവിലെ 10.30 ന് പ്രശ്‌സ്ത പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ സത്യഗ്രഹ സമരത്തില്‍ പങ്കെടുക്കും.








