Home » » സോളാര്‍ കേസ്; മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും 8 മന്ത്രിമാരെയും കമ്മിഷന്‍ വിസ്‌തരിക്കും.

സോളാര്‍ കേസ്; മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും 8 മന്ത്രിമാരെയും കമ്മിഷന്‍ വിസ്‌തരിക്കും.

Written By Unknown on Wednesday, 17 December 2014 | 17:59

കൊച്ചി: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മിഷന്‍ രാഷ്‌ട്രീയ, ഭരണ നേതൃത്വത്തെ വിസ്‌തരിക്കാനുള്ള നടപടികളിലേക്കു കടക്കുന്നു. മുഖ്യമന്ത്രിയും എട്ടുമന്ത്രിമാരും ഉള്‍പ്പെടുന്ന 48 പേരുടെ സാക്ഷിപ്പട്ടിക തയാറാക്കി.
കമ്മിഷനു മൊഴി നല്‍കിയ ആറു സംഘടനകളും കമ്മിഷന്റെ അഭിഭാഷകനും നിര്‍ദേശിച്ചതില്‍നിന്നാണ്‌ ഇവരെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്‌. ഇതില്‍നിന്നു തയാറാക്കുന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവരെ കമ്മിഷന്‍ വിളിച്ചുവരുത്തി വിസ്‌തരിക്കും. ചുരുക്കപ്പട്ടിക 20നു തയാറാക്കുമെന്നാണു സൂചന. 
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, രമേശ്‌ ചെന്നിത്തല, കെ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്‌, കെ.സി. ജോസഫ്‌, കെ. ബാബു, കെ.പി. മോഹനന്‍, ഷിബു ബേബിജോണ്‍ തുടങ്ങിയവരാണ്‌ സാക്ഷിപ്പട്ടികയിലെ പ്രമുഖര്‍.
സരിത എസ്‌. നായരുടെ മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട്‌ വിവാദത്തിലായ എറണാകുളം മുന്‍ അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ എന്‍.വി. രാജു, സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്‌ണന്‍, സരിത എസ്‌. നായര്‍, ശാലു മേനോന്‍, സരിതയുടെ മാതാവ്‌, സരിതയും ബിജുവും ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ കഴിഞ്ഞ ജയിലുകളിലെ ഉദ്യോഗസ്‌ഥര്‍, മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗമായിരുന്ന ജിക്കുമോന്‍, ടെനി ജോപ്പന്‍, മുന്‍ ഗണ്‍മാന്‍ സലിംരാജ്‌, വ്യവസായി തോമസ്‌ കുരുവിള, കേസന്വേഷിച്ച പോലീസ്‌ ഉദ്യോഗസ്‌ഥര്‍, നിയമസഭയിലും പുറത്തും ആരോപണം ഉന്നയിച്ച എം.എല്‍.എമാര്‍, ബിജു രാധാകൃഷ്‌ണനുമായും സരിതാ നായരുമായും ടെലിഫോണ്‍ ബന്ധം പുലര്‍ത്തിയ എം.എല്‍.എമാര്‍, എം.പിമാര്‍, മുന്‍ കേന്ദ്ര മന്ത്രിമാര്‍ എന്നിവരും സാക്ഷിപ്പട്ടികയിലുണ്ട്‌. ഇവരില്‍ ആരെയൊക്കെ വിസ്‌തരിക്കണമെന്ന്‌ ജുഡീഷ്യല്‍ കമ്മിഷന്‍ ജസ്‌റ്റിസ്‌ ജി. ശിവരാജന്‍ തീരുമാനിക്കും.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.