എടക്കര: മൂത്തേടത്ത് നടന്ന വന്‍
കവര്‍ച്ചയടക്കം നിരവധി മോഷണക്കേസുകളിലെ രണ്ട് പേര്‍ പിടിയില്‍.
മക്കരപ്പറമ്പ് വറ്റല്ലൂര്‍ പുളിയമഠത്തില്‍ അബ്‌ദുലത്തീഫ് (23),
വറ്റല്ലൂര്‍ കാളംതോടന്‍ അബ്‌ദുല്‍ കരീം (31) എന്നിവരാണ് പൊലീസിന്റെ
പിടിയിലായത്. അബ്‌ദുലത്തീഫിനെ എടക്കര എസ്.ഐ പി. ജ്യോതീന്ദ്രകുമാറാണ്
അറസ്‌റ്റ് ചെയ്‌തത്. ഇയാളെ ചോദ്യം ചെയ്‌തതിന്റെ അടിസ്ഥാനത്തില്‍
ഗൂഡല്ലൂരില്‍ ജുഡീഷല്‍ കസ്റ്റഡിയിലായിരുന്ന കൂട്ടുപ്രതി അബ്‌ദുല്‍ കരീമിനെ
നിലമ്പൂര്‍ സി.ഐ പി. അബ്‌ദുല്‍ ബഷീര്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കഴിഞ്ഞ ഒക്‌ടോബര്‍ എട്ടിന് മൂത്തേടം ചളിക്കപ്പൊട്ടിയിലെ അടുക്കത്ത്
കിഴക്കേതില്‍ രാജന്റെ വീട് കുത്തി തുറന്ന് 40 ലക്ഷം രൂപയുടെ സാധന
സാമഗ്രികള്‍ മോഷ്‌ടിച്ചതടക്കം 18 കവര്‍ച്ച കേസുകളില്‍ പ്രതികളാണിവര്‍.
രാജന്റെ വീട്ടില്‍ കാവല്‍ക്കാരെ മുറിയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു മോഷണം നടത്തിയത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന
സ്വര്‍ണം, വജ്ര ആഭരണങ്ങള്‍, വിദേശ കറന്‍സികള്‍, സാംസങ് ടാബ്, മൊബൈല്‍
ഫോണ്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌ക്
അടങ്ങിയ ഡി.വി.ആര്‍ എന്നിവയാണ് മോഷ്‌ടിച്ചത്. വിദേശത്തുനിന്ന്
മടങ്ങിയെത്തിയ രാജന്റെ ഭാര്യയും മകളും തൃശൂരിലെ ബന്ധുവീട്ടിലേക്ക് പോയ
സമയത്തായിരുന്നു മോഷണം. ഇവിടെ നിന്നും മോഷ്‌ടിച്ച മൊബൈല്‍ ഫോണ്‍
കോയമ്പത്തൂരിലും ടാബ് മൈസൂരിലും ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലത്തീഫ് പിടിയിലായത്.
വഴിക്കടവ് വാരിക്കല്‍ കറുകപ്പള്ളി ജോസഫിന്റെ വീട്ടില്‍ നിന്ന് 200 റബര്‍
ഷീറ്റ്, മുണ്ട മടത്തൊടി മനോജിന്റെ വീട്ടില്‍ നിന്നും ഒരുലക്ഷം വിലയുള്ള
ടി.വി കവര്‍ച്ചാ ശ്രമം, സമീപത്തെ തകിടിയില്‍ വര്‍ഗീസ് അലക്‌സാണ്ടറിന്റെ
ഒന്നര പവന്‍ സ്വര്‍ണ മോതിരവും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും, ചുങ്കത്തറ
മറ്റക്കാട്ട് ജോസിന്റെ വീട്ടില്‍ നിന്നും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍,
കാപ്പുണ്ട പാലക്കുളം തോമസിന്റെ വീട്ടില്‍ നിന്നും ഇലക്‌ട്രോണിക്‌സ്
ഉപകരണങ്ങളും മൊബൈല്‍ ഫോണും, ബത്തേരി റിട്ട. എ.ഡി.എം എന്‍.ടി. മാത്യുവിന്റെ
വീട്ടില്‍ നിന്ന് അരലക്ഷം രൂപയും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും, ചീരാല്‍
രവി ഭവനില്‍ രാജപ്പന്‍ മാസ്റ്ററുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍,
മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, ചീരാല്‍ കല്ലുമുക്ക് അഡ്വ. സജി വര്‍ഗീസിന്റെ
വീട്ടില്‍ നിന്ന് ആഭരണങ്ങള്‍, പണം, വിദേശ മദ്യം, കാറിന്റെ താക്കോല്‍
എന്നിവയടക്കം ഒരു ലക്ഷം രൂപയുടെ മുതലുകള്‍, ചീരാല്‍ ബാങ്ക് ഉദ്യോഗസ്ഥന്‍
മേക്കാട്ടില്‍ വര്‍ഗീസ്, പുത്തന്‍കുന്നിലെ തൊടിവെട്ടി വിനോദ്, മലങ്കാവ്
ഡോ. സനല്‍കുമാര്‍ എന്നിവരുടെ വീടുകളിലും അരീക്കോട് എളയൂര്‍ എന്‍.പി.
ഹൗസില്‍ മുസ്‌തഫ കമാലിന്റെ ഐസ് ഫാക്‌ടറിയിലെ ജനറേറ്റര്‍, എടവണ്ണ
പത്തപ്പിരിയം നെല്ലിപ്പറമ്പന്‍ നൗഷാദിന്റെ വീട്ടില്‍ നിന്ന് ആഭരണവും പണവും
മഞ്ചേരി അരുകിഴായ ഡോ. രവീന്ദ്രന്റെ വീട്ടില്‍ നിന്നും എല്‍.സി.ഡി, പണം,
ആഭരണങ്ങള്‍, കാറിന്റെ താക്കോല്‍, മഞ്ചേരി കോടാലി പുത്തന്‍വീട്ടില്‍
അലവിയുടെ വീട്ടില്‍ നിന്നും സ്വര്‍ണം, പണം, എല്‍.സി.ഡി, മഞ്ചേരി കാളികാവ്
അമ്പലത്തിന് സമീപത്തെ അമരാവതി മുരളീധരന്റെ വീട്ടില്‍ നിന്നും ആഭരണങ്ങള്‍,
പണം, എല്‍.സി.ഡി, കരുവമ്പ്രം ശ്രേയസ് എന്‍.സി. നിത്യാനന്ദ പണിക്കരുടെ
വീട്ടില്‍ നിന്നും ലാപ്‌ടോപ്പ്, പണവും, കരുവമ്പ്രം താമസിക്കുന്ന റയില്‍വെ
എന്‍ജിനീയറുടെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണ്‍, എ.ടി.എം കാര്‍ഡ്
എന്നിവയാണ് പ്രതികള്‍ മോഷ്‌ടിച്ചത്. ഇതിനുപുറമെ 2012ല്‍ ലത്തീഫും കരീമും
കാറില്‍ കറങ്ങി നടന്ന് റബര്‍ ഷീറ്റ് മോഷണം നടത്തുന്നതിനിടെ മേലാറ്റൂര്‍
പൊലീസ് പിടികൂടിയിരുന്നു. മേലാറ്റൂര്‍, പാണ്ടിക്കാട്, പെരിന്തല്‍മണ്ണ,
മഞ്ചേരി, പട്ടാമ്പി, മണ്ണാര്‍ക്കാട് എന്നീ സ്റ്റേഷനുകളില്‍ 40
കേസുകള്‍ക്കാണ് അന്ന് തുമ്പുണ്ടായത്. മോഷണ മുതലുകള്‍ കോയമ്പത്തൂര്‍,
ഊട്ടി, മൈസൂര്‍, കോഴിക്കോട്, തിരൂര്‍, കൊപ്പം, പുലാമന്തോള്‍
എന്നിവിടങ്ങളിലാണ് വില്‍പ്പന നടത്തിയിരുന്നത്. പ്രത്യേക അന്വേഷണ
സംഘത്തിലെ സീനിയര്‍ സി.പി.ഒ എം. അസൈനാര്‍, സി.പി.ഒ ജാബിര്‍ എന്നിവരും
സംഘത്തിലുണ്ടായിരുന്നു.








