Home » » മദ്യനയത്തെച്ചൊല്ലി യു.ഡി.എഫ്‌. യോഗത്തില്‍ തര്‍ക്കo;തീരുമാനം മന്ത്രിസഭായോഗത്തിനു വിട്ടു.

മദ്യനയത്തെച്ചൊല്ലി യു.ഡി.എഫ്‌. യോഗത്തില്‍ തര്‍ക്കo;തീരുമാനം മന്ത്രിസഭായോഗത്തിനു വിട്ടു.

Written By Unknown on Monday, 15 December 2014 | 17:15


തിരുവനന്തപുരം: മദ്യനയത്തെച്ചൊല്ലി യു.ഡി.എഫ്‌. യോഗത്തില്‍ പോര്‌. മാറ്റം വേണ്ടെന്ന കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരന്റെയും മുസ്ലിം ലീഗിന്റെയും കേരളാ കോണ്‍ഗ്രസ്‌-ബിയുടെയും നിലപാട്‌ മറികടന്നുകൊണ്ട്‌ തീരുമാനം മന്ത്രിസഭായോഗത്തിനു വിട്ടു.
സുധീരന്‍-ഉമ്മന്‍ ചാണ്ടി തര്‍ക്കത്തിനെതിരേ ലീഗിന്റെ ശക്‌തമായ നിലപാടിനും യു.ഡി.എഫ്‌. യോഗം വേദിയായി. ഈ തര്‍ക്കമാണ്‌ യു.ഡി.എഫിന്റെ പ്രധാനപ്രശ്‌നമെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു. അതു പരിഹരിക്കാതെ ഒന്നും ചര്‍ച്ച ചെയ്‌തിട്ടു കാര്യമില്ല. ഇതു യു.ഡി.എഫിന്റെ മരണമണിയുടെ മുഴക്കമാണ്‌. അതിനു കൂട്ടുനില്‍ക്കാന്‍ തങ്ങളെ കിട്ടില്ല. തങ്ങള്‍ക്കും പലതും പറയേണ്ടിവരും. കോണ്‍ഗ്രസിലെ തമ്മില്‍ത്തല്ലു മറയ്‌ക്കാന്‍ ഘടകകക്ഷികളുടെ മേല്‍ കുതിരകയറുന്നതു ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ്‌ നല്‍കി.
തങ്ങളുടെ വിയോജിപ്പ്‌ പരസ്യമായി പറയണമെന്നു വി.എം. സുധീരനും മുസ്ലിം ലീഗും ആവശ്യപ്പെട്ടു. സന്ദര്‍ഭം വന്നാല്‍ ഇക്കാര്യം ജനങ്ങളോടു തുറന്നുപറയുമെന്നു സുധീരനും മദ്യനയത്തില്‍ മാറ്റംവരുത്തുന്നതിനെ മന്ത്രിസഭായോഗത്തില്‍ എതിര്‍ക്കുമെന്നു ലീഗും വ്യക്‌തമാക്കി. ഇതേത്തുടര്‍ന്ന്‌, യോഗതീരുമാനങ്ങള്‍ മാധ്യമങ്ങളോടു വിശദീകരിക്കുന്നതില്‍നിന്ന്‌ മുന്നണി കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ ഒഴിവായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്‌ ഈ ദൗത്യവുമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്‌. തങ്ങളുടെ വിയോജിപ്പ്‌ തുറന്നുപറയണമെന്ന സുധീരന്റെയും ലീഗിന്റെയും ആവശ്യത്തിന്‌ അദ്ദേഹം വഴങ്ങുകയും ചെയ്‌തു.
ബിയര്‍-വൈന്‍ പാര്‍ലറുകള്‍, ഞായറാഴ്‌ചത്തെ ഡ്രൈഡേ, തൊഴില്‍പ്രശ്‌നം, ടൂറിസം മേഖലയിലെ പ്രതിസന്ധി എന്നിവയെക്കുറിച്ചാകും മന്ത്രിസഭ ചര്‍ച്ച ചെയ്യുകയെന്ന്‌ ഉമ്മന്‍ ചാണ്ടി വ്യക്‌തമാക്കി. കഴിഞ്ഞ ഓഗസ്‌റ്റ്‌ 21നു പ്രഖ്യാപിച്ച മദ്യനയത്തില്‍ അടിസ്‌ഥാനപരമായി മാറ്റങ്ങള്‍ വരുത്തില്ല. എന്നാല്‍ അതു ഫലപ്രദമായി നടത്തുന്നതിനു പ്രായോഗികമായ ചില മാറ്റങ്ങള്‍ വേണ്ടിവരും. അത്‌ മന്ത്രിസഭ ചര്‍ച്ച ചെയ്യും.
മദ്യനയം മൂലം തൊഴില്‍, ടൂറിസം മേഖലയിലുണ്ടായിട്ടുള്ള പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ തൊഴില്‍, ടൂറിസം സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. അവരുടെ റിപ്പോര്‍ട്ട്‌ പരിശോധിച്ച്‌ മന്ത്രിസഭ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
അന്വേഷണത്തെക്കുറിച്ചും നയത്തില്‍ മാറ്റം വരുന്നതിനെക്കുറിച്ചും കെ.പി.സി.സി. പ്രസിഡന്റിനും ലീഗിനും കേരളാ കോണ്‍ഗ്രസ്‌-ബിക്കും അഭിപ്രായവ്യത്യാസമുണ്ടെന്ന്‌ ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തില്‍ പാതയോരത്തുള്ള ബിവറേജസ്‌ കോര്‍പ്പറേഷന്റെ വില്‍പ്പനകേന്ദ്രങ്ങള്‍ മാറ്റണം. ഒരു ദിവസ ലൈസന്‍സ്‌ നല്‍കുന്നതും പരിഗണിക്കേണ്ടതുണ്ട്‌. ഇതൊക്കെ പരിശോധിച്ചുകൊണ്ടുള്ള തീരുമാനമായിരിക്കും എടുക്കുകയെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. ഈ സര്‍ക്കാര്‍ വന്നതുമുതല്‍ മദ്യലഭ്യത കുറയ്‌ക്കാനുള്ള ശ്രമമാണ്‌ നടത്തിയത്‌. അതിന്റെ തുടര്‍ച്ചയാണിത്‌. വിരുദ്ധാഭിപ്രായങ്ങളെ പോസിറ്റീവായാണ്‌ കാണുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ജോണി നെല്ലൂരും സി.പി. ജോണുമാണു മദ്യനയം വിഷയം യോഗത്തില്‍ അവതരിപ്പിച്ചത്‌. ഞായറാഴ്‌ചത്തെ ഡ്രൈഡേ മാറ്റണമെന്നും ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഇതിന്‌ അനുകൂലമായി പ്രതികരിച്ചതോടെ സുധീരന്‍ എതിര്‍പ്പ്‌ രേഖപ്പെടുത്തി. ഒരുകാരണവശാലും നയത്തില്‍ മാറ്റംവരുത്താന്‍ കഴിയില്ലെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി.
കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെ ജനങ്ങളുമായി സഹകരിച്ച്‌ യാത്ര നടത്തിയ തനിക്ക്‌ ജനവികാരം വ്യക്‌തമായി അറിയാം. ജനം ഇത്‌ ആഗ്രഹിക്കുന്നില്ല. ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുന്നതിനെയും അനുകൂലിക്കുന്നില്ല. 418 ബാറുകള്‍ അടച്ചതോടെ ബിയര്‍-വൈന്‍ ഉപയോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌. വീണ്ടും ബിയര്‍-വൈന്‍ പാര്‍ലര്‍ കൊടുക്കണമെന്നു പറയുന്നത്‌ മദ്യനയത്തെ അട്ടിമറിക്കാനാണ്‌. ബിയര്‍-വൈന്‍ പാര്‍ലറുകള്‍ വ്യാപകമാക്കുന്നത്‌ പുതിയ ആളുകളെ മദ്യത്തിന്റെ ആകര്‍ഷണവലയത്തിലേക്കു കൊണ്ടുവരും. രണ്ടു സെക്രട്ടറിമാര്‍ ഇതിന്റെ പ്രത്യാഘാതത്തെക്കുറിച്ച്‌ അന്വേഷിച്ചിട്ടു കാര്യമില്ല. മദ്യനയം പ്രഖ്യാപിച്ചശേഷം ഉണ്ടായ മാറ്റങ്ങള്‍ സംബന്ധിച്ച്‌ വിശദമായ പഠനമാണു വേണ്ടത്‌.
ഈ നയം വന്നശേഷം ഗാര്‍ഹികപീഡനവും അക്രമവും അപകടങ്ങളും കുറഞ്ഞെന്നു സര്‍ക്കാര്‍ നിയമസഭയില്‍ കണക്കു നല്‍കിയിരുന്നു. ഇവിടെ വിദേശികള്‍ വരുന്നതു മദ്യപിക്കാനല്ല. ജനങ്ങള്‍ക്ക്‌ ബോധ്യപ്പെടുത്തുന്ന രീതിയിലാണ്‌ തീരുമാനം എടുക്കേണ്ടത്‌. തന്റെ അഭിപ്രായഭിന്നത പത്രസമ്മേളനത്തില്‍ പരസ്യമായി പറഞ്ഞില്ലെങ്കില്‍ തനിക്ക്‌ അതു ചെയ്യേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു. മദ്യനയത്തില്‍ മാറ്റംവരുത്താന്‍ അനുവദിക്കില്ലെന്ന്‌ ലീഗും അറിയിച്ചു.
വിഷയം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാമെന്ന ഒത്തുതീര്‍പ്പ്‌ ഫോര്‍മുല മന്ത്രി രമേശ്‌ ചെന്നിത്തലയാണു മുന്നോട്ടുവച്ചത്‌. അതിനെയും ലീഗ്‌ അനുകൂലിച്ചില്ല. മന്ത്രിസഭയില്‍ വന്നാല്‍ തങ്ങള്‍ എതിര്‍ക്കുമെന്ന്‌ ലീഗ്‌ വ്യക്‌തമാക്കി.
നേരത്തേ നിയമസഭാകക്ഷിയോഗം ചേര്‍ന്നു പ്രായോഗികമാറ്റങ്ങളെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ച മാണി വിഭാഗം ആദ്യം ഇതിനെ എതിര്‍ത്തില്ല. മദ്യനയം രൂപീകരിക്കുന്നതിന്‌ ഒപ്പം നിന്ന തങ്ങള്‍ ഇതില്‍ അടിസ്‌ഥാനപരമായ മാറ്റത്തിന്‌ അനുവദിക്കില്ലെന്നും അവര്‍ വ്യക്‌തമാക്കി.
മുന്നണിയിലെ തര്‍ക്കത്തില്‍ എസ്‌.ജെ.ഡി. നേതാവ്‌ എം.പി. വീരേന്ദ്രകുമാറും അസ്വസ്‌ഥതപ്രകടിപ്പിച്ചു. ഇത്തരം അഭിപ്രായഭിന്നത നിലനില്‍ക്കുന്നത്‌ വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കുന്നു. കെ.പി.സി.സി. പ്രസിഡന്റും മുഖ്യമന്ത്രിയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാതെ മുന്നണിയിലിട്ട്‌ അലക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.