Home » » സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി;സംഭവം വിവാദമാകുന്നു.

സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി;സംഭവം വിവാദമാകുന്നു.

Written By Unknown on Monday, 15 December 2014 | 21:57

തളിപ്പറമ്പ് : ടാഗോര്‍ വിദ്യാനികേതന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ ചുഴലി അരണോര്‍ സ്വദേശി ഇ.പി ശശിധരന്‍ (52) കാസര്‍കോട് നഗരത്തിലെ ഒരു ലോഡ്ജില്‍ തൂങ്ങിമരിച്ച സംഭവം വിവാദമാകുന്നു. തളിപ്പറമ്പ് എം.എല്‍.എ ജയിംസ് മാത്യുവും സഹ അദ്ധ്യാപകരിലൊരാളും തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നു വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പുകള്‍ കാസര്‍കോട്  നഗരത്തിലെ ലോഡ്ജുമുറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഈ കുറിപ്പുകള്‍ കാസര്‍കോട് ഡിവൈ.എസ്.പി രഞ്ജിത്ത് പരിശോധിച്ചുവരികയാണ്. എം.എല്‍.എയ്ക്കും സഹഅധ്യാപകനായ ഷാജിക്കുമെതിരെ കേസെടുക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്നും ഇതില്‍ തീരുമാനമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ഇതിനിടെ ജയിംസ് മാത്യു എം.എല്‍.എയ്‌ക്കെതിരെ തളിപ്പറമ്പിനടുത്ത ചുഴലിയില്‍ വ്യാപക പോസ്റ്റര്‍ പ്രചരണം നടന്നു. എം.എല്‍.എയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണമാവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍. ആരാണ് ഇതു പതിച്ചതെന്നു വ്യക്തമല്ല. പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട്  മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ഇതു ഒരുസംഘമാളുകളെത്തി കീറി നശിപ്പിച്ചു. സ്‌കൂളില്‍ പുതിയ കെട്ടിട നിര്‍മ്മാണത്തിനായി രണ്ടുകോടി രൂപ എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ചിരുന്നു. ഈ തുകയില്‍ ഇരുപതുശതമാനം കമ്മിഷന്‍ എം.എല്‍.എയ്ക്കു വേണ്ടി മറ്റൊരു അധ്യാപകന്‍ ചോദിച്ചുവെന്നും ഇതു അംഗീകരിക്കാത്തതിനെ തുടര്‍ന്ന് യോഗത്തില്‍ ബഹളമുണ്ടായെന്നും പറയുന്നു. ശശിധരനെ ഈ യോഗത്തിനിടയില്‍ ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശിക്കുന്ന അധ്യാപകന്‍ കൈയേറ്റം ചെയ്യാന്‍ തുനിഞ്ഞുവെന്നും ആരോപണമുണ്ട്. ശശിധരനെതിരെ ഫോണിലൂടെയും ഭീഷണിയുണ്ടായിട്ടുണ്ട്.
മൂന്ന് ആത്മഹത്യ കുറിപ്പുകളാണ് പൊലീസ് ശശിധരന്‍ മരിച്ച മുറിയില്‍ നിന്നും കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ കണ്ണൂരിലേക്ക് ഡോക്ടറെ കാണാനായി പോകുന്നുവെന്നു പറഞ്ഞിറങ്ങിയ ശശിധരന്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് അന്വേഷണമാരംഭിച്ചത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടയിലാണ് കാസര്‍കോട്ടെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചുഴലി ഗവ. ഹയര്‍സെക്കന്‍ഡറി അധ്യാപകനായിരുന്ന ശശിധരന്‍ മൂന്ന് മാസം മുമ്പാണ് വിദ്യാനികേതനില്‍ ചുമതലയേറ്റത്. ഭാര്യ: ശ്രീലത (അദ്ധ്യാപിക കൊളത്തൂര്‍ എ.എല്‍.പി സ്‌കൂള്‍). മക്കള്‍: അനഘ (ബി.ഡി.എസ് വിദ്യാര്‍ത്ഥിനി ചെന്നൈ), അനന്യ(ടാഗോര്‍ വിദ്യാനികേതന്‍ തളിപ്പറമ്പ്).
ഇന്നു രാവിലെ 11ന് ടാഗോര്‍ സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. കാസര്‍കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. അധ്യാപകന്‍ മരിച്ച സംഭവവമായി തന്റെ പേര് പരാമര്‍ശിക്കുന്നത് വാസ്തവവിരുദ്ധമാണെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പിന്നീട് പ്രതികരിക്കുമെന്നും ജയിംസ് മാത്യു എം.എല്‍.എ വ്യക്തമാക്കി. എം.എല്‍.എയ്‌ക്കെതിരായ പരാമര്‍ശത്തില്‍ കഴമ്പില്ലെന്ന് സ്‌കൂള്‍ അധികൃതരും അറിയിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.