തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിനെതിരെ യു.ഡി.എഫ് അംഗം കെ.ബി ഗണേഷ്‌കുമാര്‍ ഉന്നയിച്ച ആരോപണം നിയമസഭയില്‍ പ്രക്ഷുബ്ദമായി. ഗണേഷ്‌കുമാറിന്റെ ആരോപണത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വി.എസ് സുനില്‍കുമാര്‍ ആണ് നോട്ടീസ് നല്‍കിയത്. യു.ഡി.എഫ് സര്‍ക്കാരിലെ പല മന്ത്രിമാരും അഴിമതിക്കാരാണെന്ന് സുനില്‍കുമാര്‍ ആരോപിച്ചു. ബജറ്റ് വിറ്റ് കാശാക്കുകയാണ് ധനമന്ത്രി, വകുപ്പില്‍ പിരിവ് നടത്തി ഇഫ്താര്‍ വിരുന്ന് നടത്തുന്നയാളാണ് വിദ്യാഭ്യാസമന്ത്രി എന്നും സുനില്‍കുമാര്‍ പറഞ്ഞു. മന്ത്രിമാര്‍ക്കെതിരെ പരാതി ലഭിച്ചിട്ടും മുഖ്യമന്ത്രി അന്വേഷണം നടത്താന്‍ തയ്യാറാകുന്നില്ല. അന്വേഷിച്ചാല്‍ ഈ അഴിമതിയുടെ എല്ലാം അറ്റമെത്തുന്നത് മുഖ്യമന്ത്രിയുടെ നേര്‍ക്കാണെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടെന്നും സുനില്‍കുമാര്‍ പറഞ്ഞു.
അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് അവതരിപ്പിക്കുന്നതിനിടെ വിഷയത്തില്‍ ഇടപെട്ട് സംസാരിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഗണേഷ്‌കുമാര്‍ ഇന്നലെ ശ്രദ്ധക്ഷണിക്കാന്‍ പ്രമേയം കൊണ്ടുവന്നത് ചട്ടവിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടി. ഗണേഷ്‌കുമാറിന്റെ ആരോപണങ്ങളില്‍ വ്യക്തയില്ല. ആരോപണം ഉന്നയിച്ചാല്‍ അഴിമതിയാകുമോ? മന്ത്രിസഭയിലെ ആര്‍ക്കെതിരെയും ഗണേഷ്‌കുമാര്‍ പരാതി തനിക്ക് എഴുതി നല്‍കിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നോട്ടീസിന് മറുപടി നല്‍കിയ വി.കെ ഇബ്രാഹിംകുഞ്ഞ്, സുനില്‍കുമാറിന്റെ ആരോപണങ്ങള്‍ നിഷേധിച്ചു. താന്‍ അഴിമതി കാണിച്ചുവെന്ന് സുനില്‍കുമാറിന് പറയാനാവില്ല. അങ്ങനെ പറയുമെങ്കില്‍ സുനില്‍കുമാറും അഴിമതിയുടെ പങ്ക് പറ്റിയിട്ടുണ്ട്. സുനില്‍കുമാറിന്റെ മണ്ഡലത്തിലെ അപ്രോച്ച് റോഡിന് താന്‍ ഫണ്ട് അനുവദിച്ചുവെന്നും അടുത്തകാലത്താണ് റോഡ് പൂര്‍ത്തിയായതെന്നൂം ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. മന്ത്രിയുടെ മറുപടി പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി. അതിനിടെ, സമയം അവസാനിച്ചുവെന്ന് കാണിച്ച് സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തത് കൂടുതല്‍ ബഹളത്തിലേക്ക് നയിച്ചു.








