Home » » ഗണേഷ്‌കുമാര്‍ നടത്തിയ പ്രസ്താവനയില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ല; ആര്‍.ബാലകൃഷ്ണപിള്ള..

ഗണേഷ്‌കുമാര്‍ നടത്തിയ പ്രസ്താവനയില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ല; ആര്‍.ബാലകൃഷ്ണപിള്ള..

Written By Unknown on Tuesday, 9 December 2014 | 08:34

തിരുവനന്തപുരം: മുസ്ലീം ലീഗ് മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കെ.ബി ഗണേഷ്‌കുമാറിന്റെ നടപടിയെ തള്ളി കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍.ബാലകൃഷ്ണപിള്ള. ഗണേഷ്‌കുമാര്‍ നടത്തിയ പ്രസ്താവനയില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ല. ഗണേഷന്റെ പ്രസംഗം അനുചിതവും മുന്നണി മര്യാദയ്ക്ക് നിരക്കാത്തതുമാണ്. യു.ഡി.എഫിലിരുന്ന് മുന്നണിയിലെ മന്ത്രിക്കെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിച്ചത് തെറ്റാണ്. യു.ഡി.എഫ് യോഗത്തിലാണ് ഇത്തരം ആരോപണം ഉന്നയിക്കേണ്ടത്.
ഗണേഷിനെ ഹൈജാക്ക് ചെയ്തവര്‍ തന്നെ ഇത് അനുഭവിക്കണം. പാര്‍ട്ടിയില്‍ നിന്നടര്‍ത്തി പാര്‍ട്ടിയുടെ ഏക എം.എല്‍.എയെ ഹൈജാക്ക് ചെയ്തുകൊണ്ടുപോയപ്പോള്‍ താന്‍ മുന്നറിയിപ്പ് നല്‍കിയതാണ്. ഗണേഷിനെ കൊണ്ടുനടന്നത് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമാണ്. പാര്‍ട്ടി എം.എല്‍.എയ്‌ക്കെതിരെ നടപടി സ്വീകരിക്കേണ്ടത് പാര്‍ട്ടിയാണ്, മുന്നണിയല്ല. യു.ഡി.എഫ് മുന്നണി കെട്ടിയുയര്‍ത്തിയ ആദ്യകാല നേതാക്കളില്‍ ഒരാളാണ് താന്‍. ആരോപണത്തിന്റെ പേരില്‍ മുന്നണി നടപടി സ്വീകരിച്ചാല്‍ ഏതൊക്കെ പാര്‍ട്ടിയിലെ ഏതൊക്കെ അംഗങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് ചിന്തിക്കേണ്ടതുണ്ട്. അതൊക്കെ പ്രോത്സാഹിപ്പിച്ചുകൊടുത്തതാണ് ഇപ്പോള്‍ പറ്റിയ അബദ്ധം.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണാന്‍ തന്നെ ക്ഷണിച്ചില്ലെന്ന റിപ്പോര്‍ട്ടും ബാലകൃഷ്ണപിള്ള തള്ളി. രാഹുലിനെ കാണണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ല. രാഹുല്‍ ഗാന്ധിയെ കാണാന്‍ താന്‍ ആഗ്രഹിച്ചിട്ടുമില്ല. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെയും ഇന്ദിര ഗാന്ധിയെയും രാജീവ് ഗാന്ധിയെയും കണ്ടിട്ടുള്ള ആളാണ് താന്‍. പാലക്കാട് വീരേന്ദ്രകുമാറിന്റെ തോല്‍വിയെ കുറിച്ചുള്ള റിപ്പോര്‍ട്ടും പഞ്ചായത്ത് സബ് കമ്മിറ്റി റിപ്പോര്‍ട്ടും ചര്‍ച്ച ചെയ്യാനാണ് എത്തിയത്. അതിനു ശേഷം താന്‍ തിരിച്ചുപോകും.
നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ഗണേഷ് പറഞ്ഞകാര്യവും ശ്രദ്ധേയമാണ്. ഒരു കാര്യത്തിന് മന്ത്രിയുടെ ഓഫീസില്‍ ചെല്ലുമ്പോള്‍ ക്‌ളാര്‍ക്കുമാര്‍ അപമാനിച്ച് ഇറക്കിവിട്ടുവെന്ന് ഗണേഷ് പറഞ്ഞിരുന്നു. കുറെക്കാലം മന്ത്രിയായിരുന്ന ഒരാള്‍ ഇത്തരത്തില്‍ അപമാനിക്കപ്പെട്ടതിന്റെ വേദനയും പ്രതികരണത്തിനു പിന്നിലുണ്ടാകും. അഴിമതിക്കാരായ ക്‌ളാര്‍ക്കുമാരുടെ കാര്യം തന്നോടു സൂചിപ്പിച്ചിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.