തിരുവനന്തപുരം: മാവോയിസ്‌റ്റുകള്‍ പോലീസിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന വാര്‍ത്ത നിഷേധിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാവോയിസ്‌റ്റുകളുടെ വാദം അടിസ്‌ഥാനരഹിതമാണെന്ന് ചെന്നിത്തല പറഞ്ഞു. പോലീസിന്റെ ഫോണ്‍ ചോര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
പോലീസിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന വാദവുമായി മാവോയിസ്‌റ്റുകള്‍ രംഗത്ത് വന്നിരുന്നു. മാവോയിസ്‌റ്റ് പ്രസിദ്ധീകരണമായ കാട്ടുതീയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പോലീസിന്റെ ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. ആഭ്യന്തര വകുപ്പ് നടത്തിയ ഓപ്പറേഷന്‍ കുബേരയില്‍ ബ്ലേഡുകാരെ സഹായിക്കുന്ന പോലീസ് സംഭാഷണമാണ് കാട്ടുതീയില്‍ പ്രസിദ്ധീകരിച്ചത്.
ഓപ്പറേഷന്‍ കുബേര; ഒരു കാപട്യം എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ റെയ്‌ഡിന്റെ വിവരം ബ്ലേഡുകാരനെ പോലീസ് മുന്‍കൂട്ടി അറിയിക്കുന്ന സംഭാഷണമാണള്ളത്. നാസര്‍ എന്ന പലിശക്കാരനാണ് റെയ്‌ഡിന്റെ വിവരം ചോര്‍ത്തി നല്‍കിയത്. ഇക്കാര്യം വാര്‍ത്തയായതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രി വാര്‍ത്ത നിഷേധിച്ച് രംഗത്ത് വന്നത്.








