തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ നിന്ന് മന്ത്രിയെ രക്ഷിക്കാനാണ് ഡെപ്യൂട്ടി സ്പീക്കറും ആഭ്യന്തരമന്ത്രിയും ശ്രമിക്കുന്നത്. ഉദ്യോഗസ്ഥര്‍ ഇതിന് വഴങ്ങാത്തതിനെ തുടര്‍ന്ന് ഇവരെ സ്ഥലംമാറ്റാനാണ് ചെന്നിത്തലയുടെ ശ്രമമെന്നും ഇതിനുള്ള തെളിവ് പ്രതിപക്ഷത്തിന്റെ കൈവശമുമണ്ടെന്നും പ്രതിപക്ഷ
നേതാവ് വി.എസ് അച്യുതാനന്ദന്‍. മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട്
ഇടതുമുന്നണി നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു
അദ്ദേഹം.
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോടിയേരിബാലകൃഷ്ണന്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയില്‍ ബഹളം കൂട്ടിയിരുന്നു. ബഹളത്തിനിടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്ക് പ്ലക്കാര്‍ഡ് വലിച്ചെറിഞ്ഞു. ഇതേ തുടര്‍ന്ന് സബ്മിഷനും ശ്രദ്ധക്ഷണിക്കലും ചോദ്യോത്തരവേളയും റദ്ദാക്കിയ സ്പീക്കര്‍ പിന്നീട് സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിക്കുകയായിരുന്നു.
നിയമസഭയില്‍ നിന്നും പുറത്തെത്തിയ പ്രതിപക്ഷ എം.എല്‍.എമാര്‍ പാളയത്ത് റോഡില്‍ കുത്തിയിരുന്ന ധര്‍ണ നടത്തി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. പിന്നീട് എല്‍.ഡി.എഫ് നിയമസഭാ മാര്‍ച്ച് തുടങ്ങിയപ്പോള്‍ എം.എല്‍.എമാര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.








