എടക്കര: പോത്തുകല്‍ പഞ്ചായത്തിലെ ഭൂദാനം
ഇരൂള്‍കുന്നില്‍ ആറംഗ ആയുധധാരികളെ കണ്ടതായി യുവാവ്. ഇരൂള്‍കുന്ന് വനം
ഔട്ട്‌പോസ്റ്റിന് സമീപം താമസിക്കുന്ന താളൂര്‍ ഭാസ്‌കരന്‍ എന്നയാളാണ്
മാവോയിസ്റ്റുകളെന്ന് സംശയിക്കുന്ന ആറംഗ സംഘത്തെ കണ്ടത്. ഞായറാഴ്‌ച രാത്രി
എട്ടരയോടെയാണ് സംഭവം. ഭൂദാനത്തുനിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക്
ബൈക്കില്‍ പോകുമ്പോള്‍ ഇരൂള്‍കുന്നിലെ പഞ്ചായത്തിന്റെ അധീനതയിലുള്ള
ശ്‌മശാനത്തിന് സമീപത്തുവെച്ചാണ് ഭാസ്‌കരന്‍ സംഘത്തെ കണ്ടത്. ബൈക്കിന്റെ
വെളിച്ചത്തില്‍ സംഘം വരിയായി നീങ്ങുന്നതാണ് ഇയാള്‍ കണ്ടത്. അഞ്ച്
പുരുഷന്‍മാരും ഒരു സ്‌ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നത്. എല്ലാവരും
പട്ടാള വേഷധാരികളായിരുന്നു. ഏറ്റവും പിറകില്‍ നടന്നിരുന്നയാള്‍ തടിച്ച
ശരീരമുള്ളയാളായിരുന്നു. ഇയാള്‍ രൂപേഷാണെന്നും തൊട്ടുമുമ്പില്‍ നടന്നിരുന്ന
സ്‌ത്രീ ഷൈനയാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ജനവാസം കുറഞ്ഞ ഈ
പ്രദേശത്ത് ആയുധധാരികളായ സംഘത്തെ കണ്ട ഭാസ്‌കരന്‍ ഭയന്ന് വീട്ടിലേക്ക്
രക്ഷപ്പെടുകയായിരുന്നു. അപരിചിതരെ കണ്ട വിവരം ഉടനെ പൊലീസിലും വനപാലകരെയും
അറിയിച്ചു. നിലമ്പൂര്‍ റെയ്‌ഞ്ചിലെ ഇരൂള്‍കുന്ന് വനമേഖലയില്‍ നിന്നും
മുണ്ടേരി വാണിയംപുഴ ആദിവാസി കോളനിയിലേക്ക് കടന്ന് പി.സി.കെ വഴി
വയനാട്ടിലെ മേപ്പാടിയിലേക്ക് സംഘം കടന്നതായാണ് രഹസ്യാന്വേഷണ വിഭാഗം
കരുതുന്നത്. തിങ്കളാഴ്‌ച പുലര്‍ച്ചെ മേപ്പാടി ചൂരല്‍മലയില്‍ ആയുധധാരികളായ
നാല് പുരുഷന്‍മാരെയും ഒരു സ്‌ത്രീയെയും കണ്ടതായി ആദിവാസികള്‍
വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പൊലീസ് ഇന്റലിജന്‍സ്
വിഭാഗങ്ങള്‍ ഇരൂള്‍കുന്നിലെത്തി ഭാസ്‌കരനില്‍ നിന്നും വിവരങ്ങള്‍
ശേഖരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോത്തുകല്‍ പൊലീസ് കേസ് രജിസ്റ്റര്‍
ചെയ്‌തു.








