Home » » ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സുപ്രീം കോടതിയിലേക്ക്

ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സുപ്രീം കോടതിയിലേക്ക്

Written By Unknown on Tuesday, 31 March 2015 | 19:32

കൊച്ചി : ഹൈക്കോടതിവിധിയോടെ പഞ്ചനക്ഷത്ര ഹോട്ടലുകളിലൊഴികെ സംസ്‌ഥാനത്തെ എല്ലാ ബാറുകള്‍ക്കും താഴുവീണു. നിയമപോരാട്ടം തുടരുമെന്നും ഉടന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും ബാര്‍ ഹോട്ടല്‍ ഉടമാ അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡന്റ്‌ രാജ്‌കുമാര്‍ ഉണ്ണി പറഞ്ഞു.
ഇന്നലത്തെ പ്രവര്‍ത്തന സമയം കഴിഞ്ഞാലുടന്‍ ബാറുകള്‍ അടച്ചു മുദ്ര വയ്‌ക്കാന്‍ കോടതിവിധി പുറത്തുവന്നതിനു പിന്നാലെ എക്‌സൈസ്‌ ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക്‌ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പൂട്ടിയ ബാറുകളില്‍ അവശേഷിക്കുന്ന മദ്യം എക്‌സൈസ്‌ വകുപ്പ്‌ സീല്‍ ചെയ്‌ത്‌ സൂക്ഷിക്കും. സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെ ആശ്രയിച്ചായിരിക്കും തുടര്‍നടപടി. നിലവാരമില്ലെന്ന പേരില്‍ 2014 മാര്‍ച്ച്‌ 31ന്‌ 418 ബാറുകള്‍ക്കു പ്രവര്‍ത്തനാനുമതി നിഷേധിച്ചിരുന്നു. സംസ്‌ഥാനത്ത്‌ പകുതിയോളം ബാറുകള്‍ അടച്ചുപൂട്ടിയതും മറ്റുള്ളവയ്‌ക്ക്‌ പ്രവര്‍ത്തനാനുമതി നല്‍കുകയും ചെയ്‌തതു കോളിളക്കം സൃഷ്‌ടിച്ചു. കോണ്‍ഗ്രസിലും യു.ഡി.എഫിലും നേതാക്കള്‍ക്കിടയില്‍ ഇതേച്ചൊല്ലി ശക്‌തമായ അഭിപ്രായഭിന്നത ഉടലെടുത്തു. തര്‍ക്കം രൂക്ഷമായതോടെ ഫൈവ്‌ സ്‌റ്റാറുകള്‍ ഒഴികെയുള്ള ഹോട്ടലുകള്‍ക്ക്‌ ബാര്‍ ലൈസന്‍സ്‌ നല്‍കേണ്ടതില്ലെന്ന്‌ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന്‌ 24 ഫൈവ്‌ സ്‌റ്റാര്‍ ബാര്‍ ഹോട്ടലുകള്‍ ഒഴികെയുള്ളവയ്‌ക്ക്‌ ലൈസന്‍സ്‌ നിഷേധിച്ചു.
ഒരു വിഭാഗം ബാറുടമകളുടെ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ അനുകൂല വിധി പുറപ്പെടുവിച്ചതോടെ മുന്നൂറോളം ത്രീ സ്‌റ്റാര്‍, ഫോര്‍ സ്‌റ്റാര്‍, ഹെറിറ്റേജ്‌ ബാറുകള്‍ക്കു കൂടി പ്രവര്‍ത്തനാനുമതി ലഭിച്ചു. ഡിവിഷന്‍ ബെഞ്ചിന്റെ വിധിയോടെ ഇവയ്‌ക്കും ഇന്നലെ താഴ്‌ വീണു. നേരത്തേ അടച്ചുപൂട്ടിയ 418 ബാറുകളില്‍ ഭൂരിപക്ഷവും പിന്നീട്‌ ബിയര്‍ ആന്‍ഡ്‌ വൈന്‍ പാര്‍ലറുകളായി മാറി. പുതിയ ഉത്തരവ്‌ ഇവയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. ഇന്നലെ അടച്ചുപൂട്ടിയ ബാറുകള്‍ക്കും ആവശ്യമെങ്കില്‍ ബിയര്‍ ആന്‍ഡ്‌ വൈന്‍ പാര്‍ലര്‍ ലൈസന്‍സ്‌ ലഭ്യമാക്കുമെന്ന്‌ എക്‌സൈസ്‌ മന്ത്രി വ്യക്‌തമാക്കിയിട്ടുണ്ട്‌.
ബാര്‍ ഉടമകളും സര്‍ക്കാരും ഏറ്റവും മികച്ച അഭിഭാഷകരെ രംഗത്തിറക്കിയാണ്‌ നിയമപോരാട്ടം നടത്തിയത്‌. സര്‍ക്കാരിനുവേണ്ടി മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ്‌ നേതാവുമായ കപില്‍ സിബല്‍ ഹാജരായി. വാദത്തിനിടെ കോടതി നടത്തിയ ഓരോ പരാമര്‍ശത്തിനും വന്‍ വാര്‍ത്താപ്രാധാന്യം ലഭിച്ചിരുന്നു. മാസങ്ങളോളം നീണ്ട വാദം തിങ്കളാഴ്‌ചയാണു പൂര്‍ത്തിയായത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.