Home » » ബാര്‍കോഴ;കേരളാ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം.

ബാര്‍കോഴ;കേരളാ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം.

Written By Unknown on Wednesday, 27 May 2015 | 18:12

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ കേരളാ കോണ്‍ഗ്രസി(എം)ല്‍ ഭിന്നാഭിപ്രായം.കുറ്റപത്രം വന്നാല്‍ മാണിക്കു മന്ത്രിസ്‌ഥാനം ഒഴിയേണ്ടിവരുമെന്നാണു പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍. അങ്ങനെയുണ്ടായാല്‍ പകരക്കാരനെ നിയോഗിക്കണമോ, ഭരണവുമായി ബന്ധപ്പെട്ട്‌ പാര്‍ട്ടിക്കു ലഭിച്ചിട്ടുള്ള മുഴുവന്‍ സ്‌ഥാനങ്ങളും രാജിവച്ച്‌ സര്‍ക്കാരിനെ പുറത്തുനിന്നു പിന്തുണയ്‌ക്കണമോ എന്ന കാര്യങ്ങളിലാണു ഭിന്നതയുള്ളത്‌. മാണി വിഭാഗത്തിന്റെ അഭിപ്രായങ്ങളോട്‌ ഇക്കാര്യത്തില്‍ യോജിക്കാന്‍ പഴയ ജോസഫ്‌ വിഭാഗം തയാറല്ലെന്നാണു വിവരം.കേസില്‍ വസ്‌തുതാ റിപ്പോര്‍ട്ടിന്മേല്‍ ലഭിക്കുന്ന നിയമോപദേശം അനുസരിച്ചായിരിക്കും കുറ്റപത്രം തയാറാക്കണമോ വേണ്ടയോയെന്നു വിജിലന്‍സ്‌ തീരുമാനിക്കുക. കുറ്റപത്രം സമര്‍പ്പിക്കാന്‍ നിയമോപദേശം കിട്ടിയാല്‍ മാണിയുടെ പേര്‌ ഉള്‍പ്പെടുത്തും. കുറ്റപത്രം വന്നാലും രാജിവയ്‌ക്കേണ്ടതില്ലെന്നു നേരത്തേ മാണി പറഞ്ഞിരുന്നെങ്കിലും മന്ത്രിസ്‌ഥാനത്ത്‌ തുടരാന്‍ പ്രയാസമാകും. ഇതുസംബന്ധിച്ചു സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ സംബന്ധിച്ച്‌ പാര്‍ട്ടിയില്‍ ചര്‍ച്ച സജീവമായിട്ടുണ്ട്‌.
മന്ത്രിസ്‌ഥാനം ഒഴിയേണ്ടിവന്നാല്‍ തനിക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഭരണവുമായി ബന്ധപ്പെട്ട പദവികള്‍ വഹിക്കുന്നവരെല്ലാം സ്‌ഥാനം രാജിവയ്‌ക്കണമെന്ന നിര്‍ദേശമാണു കെ.എം. മാണി മുന്നോട്ടുവയ്‌ക്കുന്നത്‌. അദ്ദേഹത്തിനു പുറമെ മന്ത്രി പി.ജെ. ജോസഫ്‌, ചീഫ്‌ വിപ്പ്‌ തോമസ്‌ ഉണ്ണിയാടന്‍ എന്നിവരാണു പ്രധാന സ്‌ഥാനങ്ങള്‍ വഹിക്കുന്നത്‌.
രാജിവച്ച്‌ യു.ഡി.എഫില്‍ തുടരുകയും സര്‍ക്കാരിനെ പുറത്തുനിന്നു പിന്തുണയ്‌ക്കണമെന്നുമാണു മാണിയുടെ നിലപാട്‌. എന്നാല്‍, ഇതിനോടു പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിനും യോജിപ്പില്ല. പഴയ ജോസഫ്‌ വിഭാഗം ഇതിനോട്‌ ഒട്ടും അനുകൂലമായി പ്രതികരിക്കുന്നുമില്ല. തങ്ങളുടെ വിയോജിപ്പ്‌ അവര്‍ മാണിയെ അറിയിച്ചതായാണു വിവരം. തങ്ങളോട്‌ അനീതി കാട്ടിയെന്നു വരുത്തിത്തീര്‍ത്ത്‌ മുഴുവന്‍ സ്‌ഥാനമാനങ്ങളും രാജിവച്ചശേഷം സര്‍ക്കാരിനെ പുറത്തുനിന്നു പിന്തുണയ്‌ക്കുന്നതും മുന്നണിയില്‍ തുടരുന്നതും അനൗചിത്യമാണെന്നാണു ജോസഫ്‌ വിഭാഗത്തിന്റെ അഭിപ്രായം. മാണി രാജിവയ്‌ക്കേണ്ടിവന്നാല്‍ മറ്റൊരാളെ മന്ത്രിയാക്കണമെന്നാണ്‌ അവരുടെ അഭിപ്രായം. സി.എഫ്‌. തോമസിനെ മന്ത്രിസഭയില്‍ കൊണ്ടുവരാനാണ്‌ അവര്‍ ആഗ്രഹിക്കുന്നത്‌. ധനവകുപ്പ്‌ ജോസഫിനും ജലവിഭവ വകുപ്പ്‌ സി.എഫ്‌. തോമസിനും കൈമാറണമെന്നാണ്‌ അവരുടെ നിര്‍ദേശം. ഇതിനോടു മാണിക്കു താല്‍പര്യമില്ല. എന്നാല്‍, പഴയ മാണിഗ്രൂപ്പുകാര്‍ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം എം.എല്‍.എമാര്‍ക്കും ജോസഫ്‌ ഗ്രൂപ്പിന്റെ നിര്‍ദേശത്തോട്‌ യോജിപ്പാണുള്ളത്‌. മുന്നണി വിടുന്നതിനോടും അവര്‍ക്ക്‌ യോജിപ്പില്ല.
പി.സി. ജോര്‍ജിനു പകരം ചീഫ്‌വിപ്പ്‌ സ്‌ഥാനം കിട്ടിയ തോമസ്‌ ഉണ്ണിയാടന്‍ മാണിയുടെ വിശ്വസ്‌തനാണെങ്കിലും പദവി പെട്ടെന്ന്‌ ഉപേക്ഷിക്കാന്‍ അദ്ദേഹവും തയാറല്ലെന്നാണു വിവരം. എതിരാളികള്‍പോലും യാതൊരു ആരോപണവും തനിക്കെതിരേ ഉന്നയിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ അനാവശ്യമായി മന്ത്രിസ്‌ഥാനം ഒഴിയുന്നതിലെ അനൗചിത്യമാണു ജോസഫ്‌ ചൂണ്ടിക്കാട്ടുന്നത്‌. ഇപ്പോള്‍ അനൗപചാരിക ചര്‍ച്ചകള്‍ മാത്രമാണു തുടങ്ങിയിട്ടുള്ളത്‌. കുറ്റപത്രത്തില്‍ മാണിയുടെ പേരു വന്നാല്‍ കേരളാ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്കു സാധ്യതയുണ്ടെന്നാണു ചില നേതാക്കള്‍ നല്‍കുന്ന സൂചന.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.