Home » » ബീഫ്‌ കഴിക്കണമെന്ന്‌ കരുതുന്നവര്‍ക്ക്‌ പാകിസ്‌താനില്‍ പോകാം.നഖ്‌വി

ബീഫ്‌ കഴിക്കണമെന്ന്‌ കരുതുന്നവര്‍ക്ക്‌ പാകിസ്‌താനില്‍ പോകാം.നഖ്‌വി

Written By Unknown on Thursday, 21 May 2015 | 22:37

ന്യൂഡല്‍ഹി: ഗോവധനിരോധനത്തെ ശക്‌തമായി പിന്തുണച്ച്‌ പാര്‍ലമെന്ററികാര്യ മന്ത്രി മുക്‌താര്‍ അബ്ബാസ്‌ നഖ്‌വി രംഗത്ത്‌. ബീഫ്‌ നിരോധനം ലാഭത്തിന്റെയും നഷ്‌ടത്തിന്റെയും പ്രശ്‌നമല്ല. അത്‌ വിശ്വാസത്തിന്റെ കാര്യമാണെന്നും മന്ത്രി ഒരു ടിവി ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംബന്ധിച്ചു പറഞ്ഞു.
ബീഫ്‌ കഴിച്ചില്ലെങ്കില്‍ മരിച്ചുപോകുമെന്ന്‌ കരുതുന്നവര്‍ക്ക്‌ പാകിസ്‌താനിലേക്കോ മറ്റ്‌ അറബ്‌ രാജ്യങ്ങളിലേക്കോ ബീഫ്‌ ലഭിക്കുന്ന ലോകത്തിന്റെ മറ്റിടങ്ങളിലേക്കോ പോകാം. മുസ്ലീങ്ങള്‍ പോലും ഗോവധത്തിന്‌ എതിരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, നഖ്‌വിയുടെ പ്രസ്‌താവനയെ എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി എതിര്‍ത്തു. കേരളം, ഗോവ, ജമ്മു കശ്‌മീര്‍ തുടങ്ങി ഏറ്റവും കൂടുതല്‍ ബീഫ്‌ ഉപയോഗിക്കുന്ന സംസ്‌ഥാനങ്ങളിലുള്‍പ്പെടെ ഇന്ത്യയിലുടനീളം ബീഫ്‌ നിരോധിക്കുമോ എന്ന ചോദ്യവും ഒവൈസി ഉയര്‍ത്തി.
മുസ്ലീങ്ങള്‍ വികസനത്തില്‍ നിന്ന്‌ അകന്നാണ്‌ കഴിയുന്നതെന്ന്‌ പറഞ്ഞ മന്ത്രി മോഡി സര്‍ക്കാരിന്റെ വിവിധ വികസന പദ്ധതികള്‍ ന്യൂനപക്ഷങ്ങളെ വലിയ രീതിയില്‍ സഹായിക്കുമെന്നും പറഞ്ഞു. സാക്ഷി മഹാരാജ്‌, യോഗി ആദിത്യനാഥ്‌ തുടങ്ങിയവര്‍ നടത്തിയ മുസ്ലീം വിരുദ്ധ പ്രസ്‌താവനകള്‍ ഒറ്റപ്പെട്ടതാണെന്നും അവ ഗൗരവമായി എടുക്കേണ്ടതില്ല എന്നും ഒരു ചോദ്യത്തിനു മറുപടിയായി നഖ്‌വി പറഞ്ഞു. 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.